റിയാദ്: ഹജ് തീര്‍ഥാടകരെ അവരുടെ കുടുംബങ്ങളുമായി ബന്ധിപ്പിക്കാനായി പുണ്യസ്ഥലങ്ങളില്‍ പതിനായിരത്തിലേറെ സൗജന്യ വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍ സൗദി അറേബ്യ ഒരുക്കിയതായി മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരി പറഞ്ഞു. മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലുമായി 5,000 ലേറെ മൊബൈല്‍ ഫോണ്‍ ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഹജ് സീസണിനായുള്ള ഒരുക്കങ്ങളെ കുറിച്ച സര്‍ക്കാര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്ത് സല്‍മാന്‍ അല്‍ദോസാരി വെളിപ്പെടുത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും തീര്‍ഥാടകരുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാനുമായി സൗദി അറേബ്യ നിര്‍മിതബുദ്ധി ഉപയോഗപ്പെടുത്തുന്നുണ്ട്. നാലായിരത്തിലേറെ എന്‍ജിനീയര്‍മാരും സാങ്കേതിക വിദഗ്ധരും ഹജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.
ഹജ് സീസണില്‍ ശക്തമായ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കാനായി സൗദി അറേബ്യ എല്ലാ സാങ്കേതിക ശേഷികളും ഉപയോഗപ്പെടുത്തുന്നുണ്ട്.
പുണ്യസ്ഥലങ്ങള്‍ക്കിടയില്‍ ദശലക്ഷക്കണക്കിന് തീര്‍ഥാടകരുടെ സുഗമമായ ചലനം സാധ്യമാക്കുന്ന സ്മാര്‍ട്ട് കോഡിംഗ് അല്‍ഗോരിതങ്ങള്‍ വഴി ജനക്കൂട്ടത്തെയും തീര്‍ഥാടകരുടെ നീക്കങ്ങളെയും നിയന്ത്രിക്കാന്‍ കൃത്രിമബുദ്ധി ഉപയോഗപ്പെടുത്തുന്നു. ഹജ് സീസണില്‍ വളണ്ടിയര്‍മാരുടെ എണ്ണം 25,000 ആയി ഉയര്‍ത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്.
ഈ വര്‍ഷത്തെ ഹജ് മീഡിയ ഫോറം 5,000 ലേറെ പ്രാദേശിക, അന്തര്‍ദേശീയ മാധ്യമ പ്രൊഫഷണലുകളെ ലക്ഷ്യമിടുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കായി പത്തിലേറെ സപ്പോര്‍ട്ടിംഗ് സോണുകളുള്‍ ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടകരുടെ ആചാരാനുഷ്ഠാനങ്ങളെ ബാധിക്കുന്ന ഒരു നിയമ ലംഘനവും സൗദി അറേബ്യ അനുവദിക്കില്ല. ഒറ്റപ്പെട്ട തീര്‍ഥാടകരുടെ ഭാഗത്തു നിന്നുണ്ടാകുന്ന നിഷേധാത്മക പെരുമാറ്റങ്ങള്‍ ചെറുക്കാനായി 50 ലേറെ ഭാഷകളില്‍ മാധ്യമ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. ഇന്നലെ വരെ 10,70,000 ഹാജിമാര്‍ വിദേശങ്ങളില്‍ നിന്ന് എത്തിയിണ്ടെന്നും മീഡിയ മന്ത്രി പറഞ്ഞു.
ഈ വര്‍ഷത്തെ ഹജ് സീസണില്‍ ഇതുവരെ 14 ലക്ഷം നുസുക് കാര്‍ഡുകള്‍ വിതരണം ചെയ്തതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു. ഹജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഹജ്, ഉംറ മന്ത്രാലയം പരിശോധനകള്‍ തുടരുകയാണ്. പുണ്യസ്ഥലങ്ങളില്‍ ജല, വൈദ്യുതി ശൃംഖലകള്‍ സുസജ്ജമാണ്. ഹജ് ഒരുക്കങ്ങളുടെ ഭാഗമായി നാലു തവണ മോക് ഡ്രില്ലുകള്‍ നടത്തിയിട്ടുണ്ട്. വ്യാജ ഓഫറുകള്‍ വഴി തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നത് തടയാന്‍ നടപടികളെടുത്ത വിദേശ രാജ്യങ്ങളെ അഭിനന്ദിക്കുന്നു. ഇതുവരെ പത്തു ലക്ഷത്തിലേറ വിദേശ തീര്‍ഥാടകര്‍ സൗദിയിലെത്തിയിട്ടുണ്ട്. തീര്‍ഥാടകരില്‍ 47 ശതമാനം പേര്‍ വനിതകളും 53 ശതമാനം പേര്‍ പുരുഷന്മാരുമാണ്. ഹാജിമാരുടെ അനുഭവം സമ്പന്നമാക്കാന്‍ നുസുക് ആപ്പില്‍ പുതുതായി 30 ലേറെ സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതില്‍ ഒരു പോരായ്മയും ഞങ്ങള്‍ അനുവദിക്കില്ല. ആഭ്യന്തര ഹജ് സര്‍വീസ് സ്ഥാപനങ്ങള്‍ ഈടാക്കുന്ന നിരക്കുകള്‍ ന്യായവും മത്സരാധിഷ്ഠിതവും എല്ലാവര്‍ക്കും താങ്ങാവുന്നതുമാണെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്.
നുസുക് കാര്‍ഡ് തീര്‍ഥാടകരുടെ താമസസ്ഥലങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നു. വഴിതെറ്റുന്ന തീര്‍ഥാടകരെ സഹായിക്കാന്‍ 120 കേന്ദ്രങ്ങളുണ്ട്. തീര്‍ഥാടകര്‍ക്കുള്ള സേവനങ്ങള്‍ സുഗമമാക്കുന്ന സുരക്ഷാ, മെഡിക്കല്‍ സവിശേഷതകള്‍ നുസുക് കാര്‍ഡിലുണ്ട്. ഹജിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മന്ത്രാലയം 37,000 ലേറെ പരിശോധനകള്‍ നടത്തി. 2024 ല്‍ മസ്ജിദുന്നബവി റൗദ ശരീഫില്‍ 1.3 കോടിയിലേറെ പേര്‍ സിയാറത്ത് നടത്തി. ഏകീകൃത നമ്പറായ 1966 വഴി 24 മണിക്കൂറും 11 ഭാഷകളില്‍ തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതായും ഹജ്, ഉംറ മന്ത്രി പറഞ്ഞു.
ഈ വര്‍ഷത്തെ ഹജ് സീസണില്‍ ഹാജിമാര്‍ക്ക് സേവനം നല്‍കാനുള്ള ഗതാഗത സംവിധാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു. മശാഇര്‍ മെട്രോയില്‍ മണിക്കൂറില്‍ 72,000 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഹജ് സീസണില്‍ 25 ലക്ഷത്തിലേറെ സീറ്റുകള്‍ മശാഇര്‍ മെട്രോ ലഭ്യമാക്കും. 62 വിമാനക്കമ്പനികള്‍ വഴി 7,000 ഹജ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നു. കപ്പല്‍ മാര്‍ഗം 5,000 തീര്‍ഥാടകര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
തീര്‍ഥാടകരുടെ അനുഭവം സുഗമമാക്കാനായി ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം വിപുലീകരിക്കാന്‍ മന്ത്രാലയം താല്‍പര്യപ്പെടുന്നു. കഠിനമായ ചൂട് കുറക്കാനും ഗതാഗത അന്തരീക്ഷം മെച്ചപ്പെടുത്താനും തീര്‍ഥാടകരുടെ സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും പുണ്യസ്ഥലങ്ങളില്‍ തണുത്ത റോഡുകള്‍ ഇത്തവണ കൂടുതല്‍ വിപുലീകരിച്ചിട്ടുണ്ട്.
അപകട സ്ഥലങ്ങളും അപകടങ്ങളും ഉയര്‍ന്ന കൃത്യതയോടെയും വേഗത്തിലും രേഖപ്പെടുത്താനുള്ള നൂതന ഉപകരണമായി ദേശീയ ഗതാഗത സുരക്ഷാ കേന്ദ്രം ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. ഈ സാങ്കേതികവിദ്യ ത്രീ-ഡി പനോരമിക് ആകാശ ചിത്രങ്ങള്‍ പകര്‍ത്താന്‍ പ്രാപ്തമാക്കുന്നു. ഇത് ദൃശ്യത്തിന്റെ സമഗ്രമായ വിശകലനത്തിന് സഹായിക്കുകയും സാങ്കേതിക അന്വേഷണങ്ങളെ കൂടുതല്‍ കാര്യക്ഷമമായി പിന്തുണക്കുകയും ചെയ്യുന്നതായും സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു.