ജിദ്ദ – കാലാവധി തീര്‍ന്ന കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുടെ പദവി ശരിയാക്കണമെന്ന് വാണിജ്യ മന്ത്രാലയം വ്യാപാരികളോട് ആവശ്യപ്പെട്ടു. പദവി ശരിയാക്കാന്‍ ആവശ്യപ്പെട്ട് ഔദ്യോഗികമായി അറിയിപ്പ് നല്‍കി 30 ദിവസത്തിനു ശേഷം കാലാവധി തീര്‍ന്ന കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ ഓട്ടോമാറ്റിക് ആയി റദ്ദാക്കും. ഇതൊഴിവാക്കാന്‍ കാലാവധി തീര്‍ന്ന കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ ഉടമകള്‍ എത്രയും വേഗം പുതുക്കുകയോ സ്വമേധയാ റദ്ദാക്കുകയോ വേണം.
വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുടെ പദവി സൗദി ബിസിനസ് സെന്റര്‍ ഇ-സേവനങ്ങള്‍ വഴിയും കമ്പനികളുടെ ഉടമസ്ഥതയിലുള്ള കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുടെ പദവി വാണിജ്യ മന്ത്രാലയത്തിന്റെ ഇ-സേവനങ്ങള്‍ വഴിയുമാണ് ശരിയാക്കേണ്ടത്.
അറിയിപ്പ് നല്‍കി 30 ദിവസത്തിനു ശേഷം ഓട്ടോമാറ്റിക് ആയി കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിന്റെ ഫലമായുണ്ടാകുന്ന എല്ലാ അനന്തര ഫലങ്ങള്‍ക്കും കുടിശ്ശികകള്‍ക്കും ഉടമ ഉത്തരവാദിയായിരിക്കും. വ്യാപാരം എന്നെന്നേക്കുമായി വ്യാപാരി ഉപേക്ഷിക്കല്‍, വ്യാപാരിയുടെ മരണം, കമ്പനി അടച്ചുപൂട്ടല്‍ എന്നീ സാഹചര്യങ്ങളില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ 90 ദിവസത്തിനകം വ്യാപാരിയോ അനന്തരാവകാശികളോ അപേക്ഷ സമര്‍പ്പിക്കല്‍ നിര്‍ബന്ധമാണെന്ന് കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ നിയമത്തിലെ ഏഴാം വകുപ്പ് അനുശാസിക്കുന്നു.