മക്ക – പുണ്യറമദാനില്‍ തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്ത് പൂര്‍ത്തിയാക്കുന്നതോടനുബന്ധിച്ച ഭക്തിനിര്‍ഭരമായ പ്രത്യേക പ്രാര്‍ഥനയായ ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനയില്‍ അലിഞ്ഞു ചേര്‍ന്ന് ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നുമെത്തിയ വിശ്വാസി ലക്ഷങ്ങള്‍. ശാന്തിയും മനഃസമാധാനവും നിറഞ്ഞ ആത്മീയ അന്തരീക്ഷത്തില്‍ ഇവര്‍ മനസ്സുകളെ നിര്‍മലമാക്കുകയും കണ്ണുകളെ ഈറനണിയിക്കുകയും ചെയ്തുള്ള സുദീര്‍ഘമായ ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തു. ഒന്നര വര്‍ഷമായി ഇസ്രായില്‍ തുടരുന്ന കണ്ണില്‍ ചോരയില്ലാത്ത കൂട്ടക്കുരുതിയില്‍ സമാനതയില്ലാത്ത ദുരിതക്കയത്തില്‍ കഴിയുന്ന ഫലസ്തീനികള്‍ക്കും ലോകത്ത് ദുരിതമനുഭവിക്കുന്ന മറ്റു ജനവിഭാഗങ്ങള്‍ക്കും വേണ്ടി ഇമാമുമാര്‍ സര്‍വശക്തനോട് മനമുരുകി പ്രാര്‍ഥിച്ചു.
പാപമോചനത്തിനും സ്വര്‍ഗപ്രവേശനത്തിനും നരകമോചനത്തിനും വ്രതാനുഷ്ഠാനവും നമസ്‌കാരങ്ങളും ദാനധര്‍മങ്ങളും മറ്റു സല്‍ക്കര്‍മങ്ങളും സ്വീകരിക്കാനും ഇമാമുമാര്‍ ഇരു കൈകളുമുയര്‍ത്തി നാഥനോട് പ്രാര്‍ഥിച്ചു.ഹറമിലും മസ്ജിദുന്നബവിയിലും റമദാനിലെ 29-ാം രാവ് ആയ വെള്ളിയാഴ്ച രാത്രി തറാവീഹ് നമസ്‌കാരത്തിലായിരുന്നു ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥന. ഹറമില്‍ 25 ലക്ഷത്തിലേറെ പേര്‍ ഇശാ, തറാവീഹ് നമസ്‌കാരങ്ങളിലും ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനയിലും പങ്കെടുത്തു. ഹറമില്‍ ഹറംമതകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുദൈസ് ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ടി.വി ചാനലുകളും പ്ലാറ്റ്ഫോമുകളും അടക്കമുള്ള നൂതന സംവിധാനങ്ങളിലൂടെ ഹറമുകളിലെ ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥന കാണാനും ശ്രവിക്കാനും ലോകമെങ്ങുമുള്ള വിശ്വാസികള്‍ താല്‍പര്യം കാണിച്ചു.
സൗദിയില്‍ പെരുന്നാള്‍ അവധിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചത് ഇരു ഹറമുകളിലെയും തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കി. റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്നലെ ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാനും രാത്രിയില്‍ തറാവീഹ് നമസ്‌കാരത്തിലും ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനയിലും പങ്കെടുക്കാനും സൗദി അറേബ്യയുടെ നാനാഭാഗത്തു നിന്നും വിശ്വാസി ലക്ഷങ്ങള്‍ മക്കയിലേക്ക് ഒഴുകിയെത്തി. ഹറമിലെ കടുത്ത തിരക്ക് കുറക്കാന്‍ സുരക്ഷാ വകുപ്പുകള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും തിരക്കിന് കാര്യമായ കുറവൊന്നുമുണ്ടായില്ല. വൈകീട്ട് അഞ്ചര മുതല്‍ പുലര്‍ച്ചെ തഹജ്ജുദ് നമസ്‌കാരം പൂര്‍ത്തിയാകുന്നതു വരെയുള്ള സമയത്ത് ഉംറ തീര്‍ഥാടകരല്ലാത്തവരെ ഹറമിലേക്ക് ബസുകളില്‍ എത്തിക്കുന്നത് വിലക്കിയിരുന്നു.
മക്കയിലെ മറ്റു മസ്ജിദുകളില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിനും ഹറമില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിന്റെ അതേ പുണ്യവും പ്രതിഫലവും ലഭിക്കുമെന്നും അതുകൊണ്ട് വിശ്വാസികള്‍ മക്കയില്‍ തങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള മസ്ജിദുകളിലേക്ക് പോകണമെന്നും ഹജ്, ഉംറ മന്ത്രാലയവും പൊതുസുരക്ഷാ വകുപ്പും അപേക്ഷിച്ചിരുന്നു. തിരക്കുള്ള സമയങ്ങളില്‍ ഹറമിലേക്ക് പ്രവേശനം നല്‍കുന്നതില്‍ ഉംറ തീര്‍ഥാടകര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും പൊതുസുരക്ഷാ വകുപ്പ് വ്യക്തമാക്കിയിരുന്നു. കടുത്ത തിരക്ക് കണക്കിലെടുത്ത് ഹറംകാര്യ വകുപ്പും സുരക്ഷാ വകുപ്പുകളും മുഴുവന്‍ ഊര്‍ജവും ശേഷിയും സമാഹരിച്ച് പ്രവര്‍ത്തിച്ചു. ഹറമിലും മസ്ജിദുന്നബവിയിലും പരമാവധി പരവതാനികള്‍ വിരിച്ചിരുന്നു. ഹറമില്‍ 33,000 ഉം മസ്ജിദുന്നബവിയില്‍ 27,000 കാര്‍പെറ്റുകളാണ് വിരിച്ചത്.
ഖുര്‍ആന്‍ പാരായണം പൂര്‍ത്തിയാക്കിയ രാത്രിയില്‍ ഹറം മതകാര്യ വകുപ്പ് വിശ്വാസ സമ്പുഷ്ടീകരണത്തിന്റെ ഏറ്റവും വലിയ ആഗോള വിജയഗാഥ രചിച്ചതായി ഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ്. ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുദൈസ് പറഞ്ഞു. ദശലക്ഷക്കണക്കിന് തീര്‍ഥാടകരും സന്ദര്‍ശകരും ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തു. ഭക്തിയുടെയും വിശ്വാസത്തിന്റെയും അന്തരീക്ഷം ഒരുക്കുന്നതിലും തറാവീഹ് നമസ്‌കാരത്തിലും ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനയിലും പങ്കെടുക്കാന്‍ ഒഴുകിയെത്തിയ ദശലക്ഷക്കണക്കിന് തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും അനുഭവം സമ്പന്നമാക്കുന്നതിലും ഹറംകാര്യ വകുപ്പ് വിജയിച്ചു. ഇതിനായി സാങ്കേതികവും മാനുഷികവുമായ എല്ലാ ശേഷികളും പ്രയോജനപ്പെടുത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും സന്ദര്‍ശകരുടെയും വിശ്വാസികളുടെയും സുഗമമായ ചലനം ക്രമീകരിക്കാനും കൃത്യമായ പദ്ധതികള്‍ നടപ്പാക്കി.
സന്ദര്‍ശകരുടെ സുഖസൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ നിയോഗിച്ചു. സന്ദര്‍ശകരെ നയിക്കാനും മാര്‍ഗനിര്‍ദേശം നല്‍കാനും ബഹുഭാഷാ ഇലക്ട്രോണിക് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചതായും ശൈഖ്. ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുദൈസ് പറഞ്ഞു. സൗദിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പുണ്യനഗരിയിലെത്തി റമദാനിലെ അവസാന വെള്ളിയാഴ്ചയിലെ ജുമുഅയിലും ഇരുപത്തിയൊമ്പതാം രാവിലെ തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങളിലും ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനയിലും പങ്കെടുത്ത വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ സ്വദേശങ്ങളിലേക്ക് മടങ്ങി.