മദീന – ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നും എത്തുന്ന തീര്‍ഥാടകരും സിയാറത്തുകാരും അടക്കമുള്ള വിശ്വാസി ലക്ഷങ്ങള്‍ക്ക് പുണ്യതീര്‍ഥമായ സംസം മുടങ്ങാതെ ലഭ്യമാക്കാന്‍ ഹറം പരിചരണ വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത് വന്‍ക്രമീകരണങ്ങള്‍. പ്രത്യേകം തയാറാക്കിയ ടാങ്കര്‍ ലോറികള്‍ വഴിയാണ് മക്കയില്‍ നിന്ന് സംസം വെള്ളം മദീനയിലെത്തിക്കുന്നതെന്ന് ഹറം പരിചരണ വകുപ്പിനു കീഴിലെ കുടിവെള്ള വിഭാഗം മേധാവി ബക്ര്‍ ഹാമിദ് അല്‍അഹ്മദി പറഞ്ഞു. കുടിവെള്ള വിഭാഗം ഉദ്യോഗസ്ഥര്‍ നിരന്തരം ശുദ്ധീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്ന, 20 ടണ്‍ വീതം ശേഷിയുള്ള ടാങ്കറുകളില്‍ മക്കയില്‍ നിന്ന് മദീനയില്‍ സംസം എത്തിക്കുന്നതിന് കുടിവെള്ള വിഭാഗം മേല്‍നോട്ടം വഹിക്കുന്നു.
ടാങ്കറുകള്‍ കൊണ്ടുവരുന്ന സംസം വെള്ളം ഫില്‍ട്ടറിംഗ് സംവിധാനമുള്ള പ്രധാന ടാങ്കുകളിലേക്കും പിന്നീട് സബ് ടാങ്കുകളിലേക്കും മാറ്റുകയാണ് ചെയ്യുന്നത്. സബ് ടാങ്കുകളില്‍ വെച്ച് സംസം വെള്ളം അണുവിമുക്തമാക്കുകയും ശീതീകരിക്കുകയും ചെയ്യുന്നു. ഇതിന് 120 മിനിറ്റ് വീതമാണ് എടുക്കുന്നത്. തണുപ്പിച്ച സംസം വെള്ളം സംസം വിതരണ ജാറുകളില്‍ നിറച്ച് പ്രവാചക പള്ളിക്കകത്തെയും ടെറസ്സിലെയും മുറ്റങ്ങളിലെയും വിതരണ സ്ഥലങ്ങളില്‍ എത്തിക്കുന്നു. പ്രവാചക പള്ളിയില്‍ സംസം വിതരണ പ്രക്രിയക്ക് മേല്‍നോട്ടം വഹിക്കാന്‍ 40 സൂപ്പര്‍വൈസര്‍മാരും പരിശീലനം സിദ്ധിച്ച 500 ജീവനക്കാരും സേവനമനുഷ്ഠിക്കുന്നു.
വിശുദ്ധ റമദാനില്‍ 15,000 ജാറുകള്‍ വഴി മസ്ജിദുന്നബവിയില്‍ ദിവസേന നാലു ലക്ഷം ലിറ്ററിലേറെ സംസം വിതരണം ചെയ്യുന്നു. ഇതിനു പുറമെ ആവശ്യം വരുന്ന പക്ഷം ഉപയോഗിക്കാന്‍ 10,000 സംസം ജാറുകള്‍ കൂടി തയാറാക്കി വെച്ചിട്ടുണ്ട്. ജാറുകള്‍ സംസം നിറക്കാന്‍ പ്രവാചക പള്ളിയില്‍ എട്ടു കേന്ദ്രങ്ങളാണുള്ളത്. ഒറ്റത്തവണ ഉപയോഗത്തിനുള്ള 10,000 സംസം ബോട്ടിലുകള്‍ റൗദ ശരീഫിലും 15,000 സംസം ബോട്ടിലുകള്‍ മസ്ജിദുന്നബവിയില്‍ മറ്റിടങ്ങളിലും ഓരോ ദിവസവും വിതരണം ചെയ്യുന്നുണ്ടെന്നും ബക്ര്‍ ഹാമിദ് അല്‍അഹ്മദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group