റിയാദ്: മെട്രോ യാത്രക്കിടെ സെല്‍ഫിയെടുത്ത മലയാളി അഞ്ചു ദിവസം പോലീസ് കസ്റ്റഡിയില്‍. സഹയാത്രികരായ വനിതകള്‍ സെല്‍ഫി ഫോട്ടോയില്‍ ഉള്‍പ്പെട്ടതാണ് ഇദ്ദേഹത്തിന് വിനയായയത്. സെല്‍ഫിയെടുത്തതാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് പിന്നീട് പോലീസ് ഇദ്ദേഹത്തെ വിട്ടയച്ചു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ചൊവ്വാഴ്ചയാണ കാണാതായതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഇതേതുടര്‍ന്ന് വിവിധയിടങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. അതിനിടെയാണ് ഇദ്ദേഹം ഞായറാഴ്ച റൂമിലെത്തിയത്. ഫസ്റ്റ് ക്ലാസിലായിരുന്നു ഇദ്ദേഹം ബത്ഹയില്‍ നിന്ന് മെട്രോയില്‍ യാത്ര ചെയ്തിരുന്നത്. ഇതിനിടെ സെല്‍ഫിയെടുക്കുകയും ചെയ്തു. കാഫ്ദില്‍ എത്തിയപ്പോള്‍ മെട്രോ സുരക്ഷ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തിന്റെയടുത്തെത്തി ഇഖാമയും മൊബൈല്‍ ഫോണും ആവശ്യപ്പെട്ടു. ഫോണ്‍ പരിശോധിച്ച ഇവര്‍ പോലീസിനെ വിളിച്ചു ഇദ്ദേഹത്തെ കൈമാറി. സെല്‍ഫിയെടുക്കുക മാത്രമാണ് ചെയ്തതെന്ന് ഇദ്ദേഹം പോലീസിന് മൊഴി കൊടുത്തു.
എന്നാല്‍ സഹയാത്രികര്‍ ആരും പരാതി നല്‍കിയതായി അറിയില്ലെന്നാണ് പിടിക്കപ്പെട്ട വ്യക്തി പറഞ്ഞത്. വനിതകള്‍ സെല്‍ഫിയില്‍ പതിഞ്ഞതാകാം കാരണം. റിയാദ് മെട്രോ പൂര്‍ണമായും സുരക്ഷ കാമറ പരിധിയിലാണ് ഓടുന്നത്. ഏത് നിയമലംഘനവും കാമറകള്‍ വഴി നിരീക്ഷിക്കാം. മെട്രോയില്‍ ഭക്ഷണപാനീയങ്ങള്‍ ഉപയോഗിച്ചാലും ഇരിക്കാന്‍ പാടില്ലാത്ത സ്ഥലങ്ങളില്‍ ഇരുന്നാലും ഉടന്‍ തന്നെ അനൗണ്‍സ്‌മെന്റ് വരും. ഭക്ഷണ പാനീയങ്ങള്‍ ഉപയോഗിച്ചാല്‍ സ്‌റ്റേഷനില്‍ ഇറങ്ങുമ്പോള്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ പിടിക്കുന്നുണ്ട്. പിഴ സംഖ്യ അടച്ചാലാണ് പുറത്തിറങ്ങാന്‍ സാധിക്കുക.