റിയാദ്: 116 കോടി രൂപ (51 മില്യന്‍ റിയാൽ) കവര്‍ന്നെന്ന പേരില്‍ സ്‌പോണ്‍സറുടെ മകന്‍ നല്‍കിയ പരാതിയില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയായിരുന്ന ഹൈദരാബാദ് സ്വദേശി മോചിതനായി നാട്ടിലേക്ക് തിരിച്ചു. ഹൈദരാബാദിലെ ലിയാഖത്തലിയാണ് അഞ്ചുമാസത്തെ ജയില്‍ വാസത്തിന് ശേഷം നാട്ടിലെത്തിയത്.
42 വര്‍ഷമായി റിയാദിലെ പ്രമുഖ ബിസിനസുകാരന്റെ സഹായി ആയി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അഞ്ചുവര്‍ഷം മുമ്പ് ഫൈനല്‍ എക്‌സിറ്റില്‍ നാട്ടില്‍ പോയി. ഇതിനിടെ സ്‌പോണ്‍സര്‍ മരിക്കുകയും ചെയ്തു. അഞ്ചു മാസം മുമ്പ് റിയാദില്‍ ജോലി ചെയ്യുന്ന മരുമകന്റെയടുത്ത് ഭാര്യയുമൊത്ത് സന്ദര്‍ശക വിസയിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ പിടിക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലും നാലു തവണ പബ്ലിക് പ്രോസിക്യൂഷനിലും ഹാജറാക്കി. പോലീസ് കസ്റ്റഡിയിലും ജയിലിലുമായി അഞ്ചുമാസത്തോളം കഴിഞ്ഞു.
ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് പോകുന്നതിന് മുമ്പ് തന്നെ സ്‌പോണ്‍സര്‍ ക്ലിയറന്‍സ് പേപ്പര്‍ നല്‍കിയിരുന്നു. ആ രേഖയും മെഡിക്കല്‍ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജറാക്കിയതാണ് ഇദ്ദേഹത്തിന് രക്ഷയായത്. 28 ദിവസം മുമ്പാണ് മോചനം ഉണ്ടായത്. പിന്നീട് എതിര്‍കക്ഷി വീണ്ടും അപ്പീല്‍ നല്‍കി. അത് കോടതി തള്ളി. കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോയി.
കൂടെ വന്ന ഭാര്യ നേരത്തെ നാട്ടിലേക്ക് തിരിച്ചുപോയിരുന്നു. നാട്ടിലെത്തിയ ശേഷം ഭാര്യ മരിക്കുകയും ചെയ്തു. ജയില്‍ മോചന ശേഷമാണ് മരണ വാര്‍ത്ത ലിയാഖത്തിനെ അറിയിച്ചത്. കാന്‍സര്‍ ബാധിതനായിരുന്ന ഇദ്ദേഹത്തിന് ജയിലിലേക്ക് മരുന്നുകള്‍ എത്തിച്ചു നല്‍കിയിരുന്നു. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ ആണ് ഇദ്ദേഹത്തിന്റെ കേസില്‍ ഇടപെട്ടിരുന്നത്. അഭിഭാഷകരായ റനാ അല്‍ ദഹ്ബാന്‍, ഉസാമ അല്‍അമ്പര്‍ എന്നിവര്‍ കോടതിയില്‍ ഹാജറായി.
പാവപ്പെട്ടവരെ സഹായിച്ചിരുന്ന സ്‌പോണ്‍സര്‍ ഇദ്ദേഹം വഴി നിരവധി പണമിടപാട് നടത്തിയിരുന്നു. പലപ്പോഴും ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇദ്ദേഹത്തെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. പിതാവിന്റെ പണം കവര്‍ന്നുവെന്ന പേരില്‍ ഈ രേഖകളെല്ലാം ഇദ്ദേഹം നാട്ടില്‍ പോയ ശേഷം സ്‌പോണ്‍സറുടെ മകന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതാണ് സന്ദര്‍ശക വിസയിലെത്തിയപ്പോള്‍ പിടിക്കപ്പെടാന്‍ കാരണം.