തബൂക്ക് – മനുഷ്യസ്നേഹത്തിന്റെ ഒരു കഥ പറയാം. ഒരിക്കലും കാണുകയോ മിണ്ടുകയോ ചെയ്യാത്ത സൗദി യുവതിക്ക് വൃക്കദാനം ചെയ്യുന്ന സർജറിക്ക് വിധേയമാകുന്നതിനിടെ മരിച്ചുപോയ സൗദി യുവാവിന്റെ കഥ. തബൂക്ക് നിവാസിയാണ് തുർക്കി അൽമാസിനി എന്ന യുവാവ്.
സ്‌നാപ് ചാറ്റിലൂടെ മാത്രം പരിചയമുള്ള അല്‍അനസി ഗോത്രക്കാരനായ മറ്റൊരു സൗദി യുവാവിന്റെ സഹോദരിക്കാണ് അൽ മാസിനി വൃക്ക ദാനം ചെയ്തത്. ദൈവീക പ്രീതി മാത്രം ലക്ഷ്യമിട്ട് വൃക്ക ദാനം ചെയ്യാന്‍ തുര്‍ക്കി അല്‍മാസിനി തീരുമാനിക്കുകയായിരുന്നു. ഏഴു വര്‍ഷമായി വൃക്കകള്‍ പ്രവര്‍ത്തനരഹിതമായി ഡയാലിസിസ് നടത്തി ജീവന്‍ നിലനിര്‍ത്തുന്ന സോഷ്യല്‍മീഡിയ സുഹൃത്തിന്റെ സഹോദരിയുടെ കഥയറിഞ്ഞാണ് വൃക്ക ദാനം ചെയ്യാന്‍ തുര്‍ക്കി അല്‍മാസിനി മുന്നോട്ടുവന്നത്.
വൃക്ക ദാനം ചെയ്യാന്‍ തീരുമാനിച്ചതായും ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായും മകന്‍ തന്നെ അറിയിക്കുകയായിരുന്നെന്ന് തുര്‍ക്കി അല്‍മാസിനിയുടെ പിതാവ് മിത്അബ് അല്‍മാസിനി പറഞ്ഞു. വൃക്ക ദാനം ചെയ്യാനുള്ള ശസ്ത്രക്രിയക്കിടെ എന്തെങ്കിലും സംഭവിച്ചാല്‍ തന്റെ മറ്റു അവയവങ്ങളും ദാനം ചെയ്യണമെന്ന് വീട്ടില്‍ നിന്ന് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ മകന്‍ തന്നോട് വസിയ്യത്ത് ചെയ്തതായും മിത്അബ് അല്‍മാസിനി പറഞ്ഞു.
ഓപ്പറേഷനിടെ മകന്റെ ഹൃദയമിടിപ്പ് 30 മിനിറ്റ് നിലച്ചതായി തബൂക്ക് പ്രിന്‍സ് ഫഹദ് ബിന്‍ സുല്‍ത്താന്‍ ആശുപത്രി അധികൃതര്‍ ഫോണ്‍ ചെയ്ത് പിന്നീട് തന്നെ അറിയിച്ചു. ഹൃദയമിടിപ്പ് നിലച്ചതോടെ മസ്തിഷ്‌കത്തിലേക്കുള്ള ഓക്‌സിജന്‍ വിതരണം നഷ്ടപ്പെടുകയും കോമയിലാവുകയുമായിരുന്നു. ജീവന്‍ നിലനിര്‍ത്താന്‍ മെഡിക്കല്‍ സംഘം നടത്തിയ തീവ്രശ്രമങ്ങള്‍ വിഫലമായി. ഹൃദയമിടിപ്പ് പത്തില്‍ എത്തിയതോടെ മകന്‍ മരണത്തിലേക്ക് നീങ്ങുകയാണെന്ന് ഉറപ്പായി. ഇതോടെ ശസ്ത്രക്രിയ നടത്തി ശേഷിക്കുന്ന വൃക്ക, കരള്‍, പാന്‍ക്രിയാസ് എന്നിവ മറ്റു രോഗികളില്‍ മാറ്റിവെക്കാന്‍ വേണ്ടി നീക്കം ചെയ്തു. ഇതിന് റിയാദിലുള്ള ഡോക്ടര്‍ അഹ്മദ് അല്‍ജഅ്ഫരിയുമായി ആശയവിനിമയം നടത്തിയതു പ്രകാരം റിയാദില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ പ്രത്യേക മെഡിക്കല്‍ സംഘം എത്തിയാണ് അവയവങ്ങള്‍ നീക്കം ചെയ്തത്.
നേരത്തെ തന്നെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ തീരുമാനിച്ച യുവതിയെയും എയര്‍ ആംബുലന്‍സില്‍ റിയാദ് നാഷണല്‍ ഗാര്‍ഡ് ആശുപത്രിയിലേക്ക് നീക്കി. പുലര്‍ച്ചെ മൂന്നു മണിക്കാണ് അവയവങ്ങളും മെഡിക്കല്‍ സംഘവും എയര്‍ ആംബുലന്‍സില്‍ തബൂക്കില്‍ നിന്ന് റിയാദിലെത്തിയത്. മകനില്‍ നിന്ന് നീക്കം ചെയ്ത അവയവങ്ങളെല്ലാം വിജയകരമായി മറ്റു രോഗികളില്‍ മാറ്റിവെച്ചു. വൃക്കകളില്‍ ഒന്ന് അല്‍അനസി ഗോത്രത്തിലെ യുവതിക്കും രണ്ടാമത്തെ വൃക്ക തബൂക്കില്‍ നിന്നുള്ള മറ്റൊരു വൃക്ക രോഗിക്കും കരള്‍ വേറൊരു രോഗിക്കും പാന്‍ക്രിയാസ് നാലാമതൊരു രോഗിക്കും മാറ്റിവെച്ചു. മകന്റെ മയ്യിത്ത് മറവു ചെയ്യാന്‍ വേണ്ടി മോര്‍ച്ചറിയില്‍ നിന്ന് സ്വീകരിച്ചപ്പോള്‍ മുഴുവന്‍ അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയകളും വിജയകരമായി പൂര്‍ത്തിയായതായി മെഡിക്കല്‍ സംഘം തന്നെ അറിയിച്ചതായും മിത്അബ് അല്‍മാസിനി പറഞ്ഞു.
ക്യാപ്.
മിത്അബ് അല്‍മാസിനി, തുര്‍ക്കി അല്‍മാസിനി