സ്ഥാപനങ്ങൾക്ക് എ.ഐ സുരക്ഷാ സംവിധാനവുമായി യുവ സംരഭകർ
ജിദ്ദ- നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സഹായത്തോടെ സ്ഥാപനങ്ങളുടെ സുരക്ഷാ സംവിധാനം കുറഞ്ഞ ചെലവിൽ പതിന്മടങ്ങ് കാര്യക്ഷമമാക്കാനും ആധുനികവൽക്കരിക്കാനും കഴിയുന്ന സോഫ്റ്റ്‌വെയർ സേവനവുമായി മലയാളി യുവ സംരഭകർ. ജിദ്ദയിൽ പ്രവർത്തിക്കുന്ന ലെനോവിസ് (Lenoviz) ആണ് ചെറുകിട സ്ഥാപനങ്ങൾക്കുപോലും താങ്ങാവുന്ന ചെലവിൽ അത്യാധുനിക സുരക്ഷാ സോഫ്റ്റ്‌വെയർ ഉറപ്പുനൽകുന്നത്. സൗദി അറേബ്യയിൽ തന്നെ ഇത്ര കോസ്റ്റ് ഇഫക്ടീവായി ഇത്രത്തോളം മികച്ച സുരക്ഷാ സംവിധാനം ഒരുക്കുന്നത് തങ്ങളായിരിക്കുമെന്ന് സ്ഥാപനത്തിന്റെ റിസർച്ച് ആന്റ് ഡെലവലപ്‌മെന്റ് വിഭാഗം കൈകാര്യം ചെയ്യുന്ന നൗഫൽ ഷാജഹാൻ, മാർക്കറ്റിംഗ് ബിസിനസ് ഡെവലപ്‌മെന്റ് വിഭാഗം കൈകാര്യം ചെയ്യുന്ന ശബീബ് റഹ്മാൻ എന്നിവർ ജിദ്ദയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലെനോവിസ് എ.ഐയുടെ സൗദിയിലെ ആദ്യ ഓഫീസ് ജിദ്ദ ഷറഫിയയിൽ വെള്ളിയാഴ്ച (7-2-25) വൈകുന്നേരം പ്രവർത്തനമാരംഭിക്കുമെന്നും അവർ അറിയിച്ചു. ഡയറക്ടർമാരായ ഷെയ്ഖ് ഫിർദൗസ്, അബ്ദുൽ ലത്തീഫ്, ഷാഹിൻ ഷാജഹാൻ എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി സ്ഥാപനങ്ങൾ നിലവിൽ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി ക്യാമറളൊന്നും മാറ്റേണ്ടതില്ലെന്നതാണ് ഒരു പ്രത്യേകത. പകരം അതേ ക്യാമറകളിലെ ദൃശ്യങ്ങൾ ഈ സോഫ്റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന കൺട്രോൾ യൂനിറ്റിൽ എത്തുകയും, കൺട്രോൾ യൂനിറ്റ് എ.ഐ സഹായത്തോടെ ദൃശ്യങ്ങൾ വിശകലനം ചെയ്ത് സ്ഥാപന ഉടമക്കോ സുരക്ഷാ ജീവനക്കാർക്കോ വേണ്ട അലേർട്ടുകൾ നൽകുകയും ചെയ്യും.
ഉദാഹരണത്തിന് സ്ഥാപനത്തിൽ ഒരു മോഷണം നടന്നുവെന്ന് കരുതുക. ഈ മോഷ്ടാവിനെ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ ഇയാൾ അതേ സ്ഥാപനത്തിലോ, അല്ലെങ്കിൽ സ്ഥാപനത്തിന്റെ മറ്റേതെങ്കിലും ശാഖകകളിലോ എത്ര വർഷം കഴിഞ്ഞ് ചെന്നാലും പിടികൂടാനാവും. പ്രവേശന കവാടത്തിലെ ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞാൽ ബന്ധപ്പെട്ടവർക്ക് മുന്നറിയിപ്പ് സന്ദേശം ലഭിക്കും. അതുപോലെ ജീനവക്കാർക്കോ സന്ദർശകർക്കോ അപകടം പറ്റാൻ സാധ്യതയുള്ള കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാലും ഉപകരണം വാണിംഗ് നൽകും. ആളുകൾ വഴുക്കിവീഴാൻ ഇടയാകും വിധം നിലത്ത് വെള്ളമോ മറ്റോ കിടന്നാലും, ചെറിയ തോതിൽപോലുമുള്ള തീ കണ്ടെത്തിയാലും മുന്നറിയിപ്പ് ഉണ്ടാകും.
സ്ഥാപനങ്ങളിൽ അപകടങ്ങളോ, മോഷണമോ, സുരക്ഷാവീഴ്ചയോ മറ്റോ സംഭവിച്ചാൽ അവയുടെ കാരണം കണ്ടെത്തുന്നതിനാണ് ഇപ്പോൾ അധികവും സി.സി.ടി.വി ഉപയോഗപ്പെടുന്നത്. അതിനുതന്നെ ദൃശ്യങ്ങൾ മണിക്കൂറുകളും ദിവസങ്ങളും എടുത്ത് സൂഷ്മായി പരിശോധിക്കേണ്ടിവരും. എന്നാൽ തങ്ങളുടെ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാൽ അപകട സാധ്യത മുൻകൂട്ടി കണ്ട് തടയാൻ കഴിയുമെന്നതാണ് ബിസിസനുകൾക്ക് ഉള്ള ഏറ്റവും വലിയ ഗുണമെന്ന് ഇവർ പറഞ്ഞു. ഐ.ഐ ഉപയോഗിച്ച് ദൃശ്യങ്ങളുടെ വിശകലനവും വേഗം പൂർത്തിയാക്കാം.
ജീവനക്കാർക്ക് മാത്രം പ്രവേശനാനുമതിയുള്ള നിയന്ത്രിത സ്ഥലങ്ങളിൽ (റെസ്ട്രിക്ടഡ് ഏരിയ) മറ്റാരെങ്കിലും കടന്നാലുടൻ ബന്ധപ്പെട്ടവർക്ക് വാണിംഗ് മെസേജ് ലഭിക്കും. സ്ഥാപന ജീവനക്കാരുടെയും സന്ദർശകരുടെയും ചലനങ്ങൾ വെവ്വേറെ നിരീക്ഷിക്കും. ജീവനക്കാർ ഹാജരിനായി പഞ്ചിംഗ് മെഷീനിൽ വിരലമർത്തേണ്ടതില്ല. പ്രധാന കവാടത്തിൽ ക്യാമറക്കുമുന്നിലൂടെ ഓരോ ജീവനക്കാരനും കടന്നുപോകുമ്പോൾ തന്നെ അറ്റൻഡൻസ് രേഖപ്പെടുത്തപ്പെടും. ഓരോ സ്ഥാപനത്തിന്റെയും ആവശ്യങ്ങൾക്കനുസരിച്ച് കസ്റ്റമൈസ് ചെയ്തും സേവനം നൽകുമെന്ന് അവർ പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വർഷമായി കേരളം ആസ്ഥാനമായി ഇന്ത്യയിൽ പ്രവർത്തിച്ചുവരുന്ന ലെനോവിസ് നിലയിൽ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറാണ് സുരക്ഷാ സംവിധാനത്തിനായി ഉപയോഗിക്കുന്നത്. ഇന്ത്യയിൽ ജെ.എസ്.ഡബ്ല്യു സ്റ്റീൽ പോലുള്ള സ്ഥാപനങ്ങൾ തങ്ങളുടെ സുരക്ഷാ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നുണ്ടെന്ന് ഇവർ പറഞ്ഞു. നാല് വർഷമായി സ്ഥാപനം സൗദി അറേബ്യയിൽ സേവനം നൽകുന്നുണ്ടെങ്കിലും ഓഫീസ് പ്രവർത്തനമാരംഭിക്കുന്നത് ഇപ്പോഴാണ്. വൈകാതെ റിയാദ്, ദമാം തുടങ്ങി രാജ്യത്തെ ഇതര മേഖലകളിലും ഓഫീസുകൾ ആരംഭിക്കും. ആലപ്പുഴ സ്വദേശിയാണ് കാനഡയിൽ ഉപരിപഠനം പൂർത്തിയാക്കിയ നൗഫൽ. യു.കെയിൽ ഉപരിപഠനം കഴിഞ്ഞയാളാണ് അരീക്കോട് സ്വദേശിയായ ഷബീബ് റഹ്മാൻ.