മക്ക – ഹജിനുള്ള അന്തിമ ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും സെന്‍ട്രല്‍ ഹജ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ പുണ്യസ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറല്‍ മുഹമ്മദ് അല്‍ബസ്സാമിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും സൗദ് രാജകുമാരനെ അനുഗമിച്ചു. മശാഇര്‍ മെട്രോയാണ് ഡെപ്യൂട്ടി ഗവര്‍ണര്‍ ആദ്യം സന്ദര്‍ശിച്ചത്. ദുല്‍ഹജ് ഏഴു മുതല്‍ ഹജിന്റെ ഏഴു ദിവസങ്ങളില്‍ 2,000 ലേറെ സര്‍വീസുകളില്‍ 20 ലക്ഷത്തിലേറെ പേര്‍ക്ക് യാത്രാ സൗകര്യം നല്‍കാനാണ് മശാഇര്‍ മെട്രോ പദ്ധതിയിലൂടെ ഈ വര്‍ഷം ലക്ഷ്യമിടുന്നത്. അറഫയിലെ ഒന്നാം നമ്പര്‍ സ്റ്റേഷനില്‍ നിന്ന് മശാഇര്‍ മെട്രയില്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ യാത്ര ചെയ്തു.
2010 ല്‍ ആണ് മശാഇര്‍ മെട്രോ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയത്. 18 കിലോമീറ്റര്‍ നീളമുള്ള മശാഇര്‍ മെട്രോ പാതയില്‍ അറഫ, മുസ്ദലിഫ, മിനാ എന്നിവിടങ്ങളില്‍ മൂന്നു വീതം സ്റ്റേഷനുകളാണുള്ളത്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന മശാഇര്‍ മെട്രോ ട്രെയിനുകള്‍ അറഫയില്‍ നിന്ന് മിനായിലേക്കുള്ള ദൂരം 20 മിനിറ്റിനകം താണ്ടും. 3,000 പേര്‍ക്കു വീതം യാത്ര ചെയ്യാവുന്ന 17 ഇലക്ട്രിക് ട്രെയിനുകളാണ് മശാഇര്‍ മെട്രോയില്‍ ഉപയോഗിക്കുന്നത്. മണിക്കൂറില്‍ 72,000 പേര്‍ക്കു വീതം യാത്രാ സൗകര്യം നല്‍കാന്‍ മശാഇര്‍ മെട്രോക്ക് ശേഷിയുണ്ട്. മൂന്നര ലക്ഷത്തിലേറെ ഹാജിമാര്‍ക്ക് ഹജ് ദിവസങ്ങളില്‍ മശാഇര്‍ മെട്രോയില്‍ യാത്രാ സൗകര്യം ലഭിക്കും.
ആകെ 405 ബെഡുകളുള്ള ഈസ്റ്റ് അറഫ ആശുപത്രിയും ഡെപ്യൂട്ടി ഗവര്‍ണര്‍ സന്ദര്‍ശിച്ചു. അറബേതര ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന ത്വവാഫ കമ്പനിയും മക്ക റോയല്‍ കമ്മീഷനു കീഴിലെ കിദാന ഡെവലപ്‌മെന്റ് കമ്പനിയും ചേര്‍ന്ന് അറഫയില്‍ പുതുതായി നിര്‍മിച്ച ഇരുനില തമ്പുകളും സൗദ് രാജകുമാരന്‍ സന്ദര്‍ശിച്ചു. 800 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള കോണ്‍ക്രീറ്റ് അടിത്തറയില്‍ സ്റ്റീല്‍ സ്ട്രക്ചറില്‍ നിര്‍മിച്ച തമ്പുകളില്‍ ഓരോ നിലക്കും 600 ചതുരശ്രമീറ്റര്‍ വീതം വിസ്തൃതിയുണ്ട്. തമ്പുകളില്‍ ഇരുനിലകളിലുമായി 700 ഹാജിമാര്‍ക്ക് വീതം താമസസൗകര്യം നല്‍കാന്‍ കഴിയും. തീപ്പിടിക്കാത്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് തമ്പുകളുടെ മേല്‍ക്കൂരയും ഭിത്തികളും മറ്റും നിര്‍മിച്ചിരിക്കുന്നത്. അഗ്നിശമന ശൃംഖലയും സ്‌മോക് സെന്‍സറുകളും എമര്‍ജന്‍സി കവാടങ്ങളും തമ്പുകളിലുണ്ട്.
മുസ്ദലിഫയിലെ അല്‍മസാര്‍ പദ്ധതിയും ഡെപ്യൂട്ടി ഗവര്‍ണര്‍ സന്ദര്‍ശിച്ചു. 70,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ് മുസ്ദലിഫയില്‍ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഫുട്പാത്തിലെ താപനില കുറക്കല്‍, കാലാവസ്ഥയെ തണുപ്പിക്കല്‍, ദൃശ്യഭംഗി മെച്ചപ്പെടുത്തല്‍, പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കല്‍, ഹറം പ്രദേശത്തെ മനുഷ്യസൗഹൃദമാക്കല്‍ എന്നിവ അല്‍മസാര്‍ പദ്ധതിയുടെ സവിശേഷതകളാണ്. പ്രായമായവര്‍ക്കും വികലാംഗര്‍ക്കും പ്രത്യേകമായി രൂപകല്‍പന ചെയ്ത ഫുട്പാത്തുകള്‍, ഗോള്‍ഫ് കാര്‍ട്ട് പാത, സര്‍വീസ് ഏരിയകള്‍, വാണിജ്യ കിയോസ്‌കുകള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ മുസ്ദലിഫയില്‍ സജ്ജീകരിച്ച മൊബൈല്‍ ഫീല്‍ഡ് ആശുപത്രിയും സൗദ് രാജകുമാരന്‍ സന്ദര്‍ശിച്ചു. വ്യത്യസ്ത വിഭാഗങ്ങളുള്ള ആശുപത്രിയില്‍ ആകെ 50 കിടക്കകളാണുള്ളത്. ആംഡ് ഫോഴ്‌സ് ആശുപത്രി, മിനാ ഫീല്‍ഡ് ആശുപത്രി, മിനായിലെ ആംബുലന്‍സ് സെന്ററുകള്‍, ഫസ്റ്റ് ഫീല്‍ഡ് ആശുപത്രി, സെക്കന്റ് ഫീല്‍ഡ് ആശുപത്രി, അറഫയില്‍ സൂര്യാഘാതമേല്‍ക്കുന്നവരെ സ്വീകരിക്കുന്ന ഹെല്‍ത്ത് സെന്റര്‍, ആംബുലന്‍സ് സെന്റര്‍, മുസ്ദലിഫ ഫീല്‍ഡ് ആശുപത്രി, ദഖം അല്‍വബ്ര്‍ എമര്‍ജന്‍സി സെന്റര്‍, മഗ്മസ് പോളിക്ലിനിക്ക്, കുദയ് ക്ലിനിക്ക് എന്നിവ അടക്കമുള്ള ആശുപത്രികള്‍ വഴി ഹജിനിടെ പ്രതിരോധ മന്ത്രാലയം ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നു. ഈ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും ആകെ 688 കിടക്കകളാണുള്ളത്.
ടെലികോം മേഖല ഹജിന് പൂര്‍ത്തിയാക്കിയ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ പിന്നീട് അധ്യക്ഷം വഹിച്ചു. കമ്മ്യൂണിക്കേഷന്‍സ്, ഐ.ടി മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല അല്‍സവാഹ, കമ്മ്യൂണിക്കേഷന്‍സ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷന്‍ ഗവര്‍ണര്‍ ഡോ. മുഹമ്മദ് അല്‍തമീമി എന്നിവര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ സംബന്ധിച്ചു. മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലും 5-ജി ടവറുകളുടെ എണ്ണം 6,200 ലേറെയായി ഉയര്‍ത്തിയിട്ടുണ്ട്. ഇതില്‍ 520 എണ്ണം പുണ്യസ്ഥലങ്ങളിലാണ്. പുണ്യസ്ഥലങ്ങളില്‍ 5-ജി ടവറുകളുടെ എണ്ണം 71 ശതമാനം തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഹറമിനടുത്ത പ്രദേശങ്ങളില്‍ 150 ടവറുകളുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ കൊല്ലം ഹറമിനടുത്ത ടവറുകളുടെ എണ്ണം 15 ശതമാനം തോതില്‍ വര്‍ധിച്ചു.
മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലുമായി പൊതു വൈ-ഫൈ പോയിന്റുകളുടെ എണ്ണം 10,500 ആയി ഉയര്‍ന്നു. ഇത്തവണത്തെ ഹജിന് ടെലികോം മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് വിവിധ വകുപ്പകളും കമ്പനികളും 2,300 ലേറെ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഹറമില്‍ മൂന്നാം സൗദി വികസന ഭാഗത്തെ ഗ്രൗണ്ട് ഫ്‌ളോര്‍, കിംഗ് ഫഹദ് വികസന ഭാഗത്തെ ബേസ്‌മെന്റ്, സംസം കിണര്‍ പ്രദേശം എന്നിവിടങ്ങളില്‍ 5-ജി നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ഇന്റര്‍നെറ്റ് സ്പീഡ് 380 ശതമാനത്തിലേറെ വര്‍ധിച്ചു. ഹറമിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ ഡാറ്റ ഡൗണ്‍ലോഡ് സ്പീഡ് സെക്കന്റില്‍ 1,435 എം.ബിയായും ബേസ്‌മെന്റിലെ സ്പീഡ് സെക്കന്റില്‍ 274 എം.ബിയായും വര്‍ധിച്ചു.