മക്ക – ഹജ് തീര്‍ഥാടകരുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പുവരുത്താന്‍ മക്കയിലെ റോഡുകളിലും മേല്‍പാലങ്ങളിലും പ്രധാനപ്പെട്ട റിംഗ് റോഡുകളിലും മക്ക നഗരസഭ അറ്റകുറ്റപ്പണികള്‍ നടത്തുന്നു. നഗരത്തില്‍ റോഡുകളുടെ നിലവാരം ഉയര്‍ത്താനും സേവന നിലവവാരം മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. റോഡുകളുടെ ഗുണനിലവാരം നിലനിര്‍ത്താനും തീര്‍ഥാടകര്‍ക്കും നഗരവാസികള്‍ക്കും സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള പ്രധാന മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് മക്കയില്‍ റോഡ് അറ്റകുറ്റപ്പണിയുടെ മുന്‍ഗണന നിര്‍ണയിക്കപ്പെടുന്നതെന്ന് നഗരസഭ പറഞ്ഞു. നൂതന സാങ്കേതിക ഉപകരണങ്ങളിലൂടെ റോഡുകളുടെ അവസ്ഥ വിലയിരുത്തിയാണ് അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ള റോഡുകള്‍ നിര്‍ണയിക്കുന്നത്. റോഡുകള്‍ കൈകാര്യം ചെയ്യാനും പരിപാലിക്കാനുമുള്ള വ്യക്തമായ തന്ത്രത്തിനും പ്രത്യേക സംവിധാനത്തിനും അനുസരിച്ചാണ് നഗരസഭ പ്രവര്‍ത്തിക്കുന്നത്. അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ പ്രോഗ്രാമുകളും ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള സമയക്രമവും നഗരസഭ തയാറാക്കുന്നു.
ഇക്കാര്യത്തില്‍ ഗതാഗത സുരക്ഷാ സംവിധാനങ്ങളും ഉയര്‍ന്ന ഗുണനിലവാര മാനദണ്ഡങ്ങളും കണക്കിലെടുക്കുകയും ചെയ്യുന്നു. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് ശവ്വാല്‍ മാസത്തിന്റെ തുടക്കത്തില്‍ ആരംഭിച്ച നിര്‍ദിഷ്ട സമയക്രമം അനുസരിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി സംയോജിത വര്‍ക്ക് പ്ലാന്‍ നടപ്പാക്കി. ആവശ്യമായ പെയിന്റിംഗ്, ടാറിംഗ്, ഫുട്പാത്തുകളുടെ അറ്റകുറ്റപ്പണികള്‍, ദൃശ്യവികലത നീക്കം ചെയ്യുന്ന ജോലികള്‍, എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ മാറ്റിസ്ഥാപിക്കല്‍, കോണ്‍ക്രീറ്റ് പ്രതലങ്ങളില്‍ പെയിന്റിംഗ് ജോലികള്‍ എന്നിവ അടക്കമുള്ള ജോലികളാണ് നടത്തിയത്. പദ്ധതിയുടെ ഭാഗമായി സെക്കന്റ്, തേഡ് റിംഗ് റോഡുകളിലെ ഏതാനും പ്രധാന ഇന്റര്‍സെക്ഷനുകളില്‍ ആകെ 23,000 ചതുരശ്രമീറ്ററിലേറെ സ്ഥലത്ത് അറ്റകുറ്റപ്പണികള്‍ നടത്തി. ഇതില്‍ 12,721 ചതുരശ്രമീറ്റര്‍ സ്ഥലത്ത് ഇതിനകം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. ശേഷിക്കുന്ന 10,625 ചതുരശ്രമീറ്റര്‍ സ്ഥലത്തെ ജോലികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മക്ക നഗരസഭ പറഞ്ഞു.ക്യാപ്.മക്കയിലെ റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നു.