റിയാദ്: റീട്ടെയ്ൽ രംഗത്ത് മികച്ച സേവനവുമായി പ്രവാസികളുടെയും സൗദി സ്വദേശികളുടെയും പ്രിയപ്പെട്ട ഷോപ്പിങ്ങ് ഇടമായി മാറിയ ലുലു സൗദിയിൽ വിജയകരമായ പതിനഞ്ച് വർഷങ്ങൾ പൂർത്തിയാക്കുന്നു. പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താകൾക്ക് ഷോപ്പിങ്ങ് കൂടുതൽ ആനന്ദകരമാക്കാൻ വിപുലമായ ഓഫറുകളും സമ്മാനങ്ങളുമായി സൂപ്പർ ഫെസ്റ്റിവലിന് ലുലു സ്റ്റോറുകളിൽ തുടക്കമായി. നവംബർ 27 മുതൽ ഡിസംബർ 5വരെ നീളുന്ന ഫെസ്റ്റിൽ മികച്ച ഡീലുകളാണ് ഉറപ്പാക്കിയിട്ടുള്ളത്. തമിഴ് സൂപ്പർതാരം സൂര്യ ബോളിവുഡ് താരം ബോബി ഡിയോൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ലുലു സൂപ്പർ ഫെസ്റ്റിന്റെ ലോഗോ ലോഞ്ച് ചെയ്തു.
ഗ്രോസറി, ഫാഷൻ, ഇലക്ട്രോണിക്സ്, വീട്ടുകരണങ്ങൾ, മൊബൈൽ ഫോണുകൾ തുടങ്ങി ഒട്ടേറെ ഉത്പന്നങ്ങൾക്ക് ആകർഷകമായ ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. ഒരു മില്യൺ റിയാൽ വരെ വിലമതിക്കുന്ന 1500 ഗിഫ്റ്റുകൾ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താകൾക്ക് ലഭിക്കുന്നത്.
മികച്ച റിവാർഡ് പോയിന്റുകളും ഉറപ്പാക്കിയിട്ടുണ്ട്. സ്പെഷ്യൽ ആനിവേഴ്സറി പ്രൊഡക്ടുകളും ലുലു സ്റ്റോറുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.
വാർഷികാഘോഷ പരിപാടിയുടെ വിശദാംശങ്ങൾ പ്രഖ്യാപിക്കാനായി റിയാദ് വോക്കോ ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ സൗദിയിലെ ലുലുവിന്റെ പതിനഞ്ച് വർഷങ്ങളിലെ സേവനങ്ങളും നേട്ടങ്ങളും പ്രദർശിപ്പിച്ചു. പ്രധാന സപ്ലയേഴ്സിനെ പരിപാടിയിൽ ആദരിച്ചു. ആനിവേഴ്സറി പ്രൊഡക്ടുകളും ഫെസ്റ്റ് ഓഫറുകളും അവതരിപ്പിച്ചു. മാധ്യമപ്രതിനിധികൾക്ക് പുറമേ ഇൻഫ്ലുവൻസേഴ്സും പരിപാടിയുടെ ഭാഗമായി.
ലോകത്തെ വിവിധയിടങ്ങളിലുള്ള മികച്ച ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ഉറപ്പാക്കി ഉപഭോക്താക്കളുടെ തന്നെ ജീവിതത്തിന്റെ ഭാഗമാണ് ഇന്ന് ലുലുവെന്നും ഉപഭോക്താക്കൾ നൽകുന്ന പിന്തുണയാണ് ലുലുവിന്റെ കരുത്തെന്നും ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് പറഞ്ഞു. സൗദിയിലെ ഭരണനേതൃത്വം നൽകുന്ന മികച്ച പ്രോത്സാഹനം ലുലുവിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നുവെന്നും അദേഹം വ്യക്തമാക്കി. റീട്ടെയ്ൽ സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ സ്റ്റോറുകൾ തുറക്കുമെന്നും ഷെഹീം മുഹമ്മദ് കൂട്ടിചേർത്തു.
ഇക്കഴിഞ്ഞ നവംബർ 14ന് ലുലു ഓഹരി വിപണിയിലേക്ക് ചുവടുവച്ചിരുന്നു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ലുലു ഓഹരികൾക്ക് മികച്ച ഡിമാൻഡാണ് ലഭിച്ചത്. ഐപിഒ പ്രഖ്യാപനത്തിന്റെ ഭാഗമായി മൂന്ന് വർഷത്തിനകം നൂറ് സ്റ്റോറുകളിൽ തുറക്കാനുള്ള പദ്ധതിയിലാണ് ലുലു റീട്ടെയ്ൽ.