ജിദ്ദ – കഴിഞ്ഞ നാൽപതു വർഷത്തിനിടെ സൗദിയിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ഹായിലിലാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തി. 1985 മുതൽ 2025 വരെയുള്ള ശൈത്യകാലത്ത് (ഡിസംബർ, ജനുവരി, ഫെബ്രുവരി) രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 2008 ജനുവരി 16 ന് ഹായിലിൽ ആയിരുന്നു. അന്ന് ഹായിലിൽ കുറഞ്ഞ താപനില മൈനസ് പത്തു ഡിഗ്രി സെൽഷ്യസായിരുന്നു. രണ്ടാം സ്ഥാനത്ത് അൽജൗഫ് പ്രവിശ്യയിലെ ഖുറയ്യാത്ത് ആണ്. ഇവിടെ 2008 ജനുവരിയിൽ മൈനസ് ഒമ്പതു ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.
വിവിധ വർഷങ്ങളിൽ ശൈത്യകാലത്ത് ഉത്തര അതിർത്തി പ്രവിശ്യയിലെ തുറൈഫിൽ മൈനസ് എട്ടു ഡിഗ്രി രേഖപ്പെടുത്തി. 1989 ഫെബ്രുവരിയിൽ അൽജൗഫിൽ മൈനസ് ഏഴു ഡിഗ്രി താപനില രേഖപ്പെടുത്തി. അറാറിൽ മൈനസ് 6.3 ഡിഗ്രി, റഫ്ഹയിൽ മൈനസ് 5.8 ഡിഗ്രി, റിയാദിൽ മൈനസ് 5.4 ഡിഗ്രി, ബുറൈദയിൽ മൈനസ് 5 ഡിഗ്രി, അൽഖസീമിൽ മൈനസ് 4.2 ഡിഗ്രി, തബൂക്കിൽ മൈനസ് 4 ഡിഗ്രി, അൽഹസയിൽ മൈനസ് 2.3 ഡിഗ്രി, വാദി ദവാസിറിൽ മൈനസ് 2 ഡിഗ്രി, തായിഫിൽ മൈനസ് 1.5 ഡിഗ്രി, ബീശയിൽ മൈനസ് 1 ഡിഗ്രി എന്നിങ്ങിനെ ഏതാനും നഗരങ്ങളിൽ വിവിധ കാലഘട്ടങ്ങളിൽ വളരെ കുറഞ്ഞ താപനില രേഖപ്പെടുത്തി. ഹായിൽ, റിയാദ്, ബുറൈദ, അൽഖസീം, തബൂക്ക് എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയ വർഷം 2008 ആണ്.
1985 നും 2025 നും ഇടയിൽ ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച ദിനങ്ങൾ രേഖപ്പെടുത്തിയ പത്തു നഗരങ്ങൾ ദേശീയ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി. വടക്കൻ, കിഴക്കൻ, മധ്യ പ്രവിശ്യകളിലാണ് ഈ നഗരങ്ങൾ സ്ഥിതി ചെയ്യുന്നത്. നാൽപതു വർഷത്തിനിടെ ഏറ്റവും കൂടുതൽ ദിവസങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടായത് ഉത്തര അതിർത്തി പ്രവിശ്യയിലെ തുറൈഫിലാണ്. നാലു ദശകത്തിനിടെ തുറൈഫിൽ 720 ദിവസങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടായി. രണ്ടാം സ്ഥാനത്തുള്ള അൽജൗഫ് പ്രവിശ്യയിലെ ഖുറയ്യാത്തിൽ 588 ദിവസങ്ങളിലും മൂന്നാം സ്ഥാനത്തുള്ള ഹായിലിൽ 339 ദിവസങ്ങളിലും നാലാം സ്ഥാനത്തുള്ള അറാറിൽ 277 ദിവസങ്ങളിലും അഞ്ചാം സ്ഥാനത്തുള്ള റഫ്ഹയിൽ 197 ദിവസങ്ങളിലും സകാകയിൽ 185 ദിവസങ്ങളിലും തബൂക്കിൽ 139 ദിവസങ്ങളിലും ബുറൈദയിൽ 83 ദിവസങ്ങളിലും, ഖൈസൂമയിൽ 71 ദിവസങ്ങളിലും റിയാദിൽ 46 ദിവസങ്ങളിലും മഞ്ഞുവീഴ്ച രേഖപ്പെടുത്തി.



