ജിദ്ദ – സൗദിയിൽ സർക്കാർ മേഖലയിൽ 1,40,267 പ്രവാസികൾ ജോലി ചെയ്യുന്നതായി റിപ്പോർട്ട്. 2025 രണ്ടാം പകുതിയിലെ സ്ഥിതിവിവര കണക്കുകൾ പ്രകാരം സർക്കാർ സർവീസിൽ ആകെ 14,02,671 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇതിൽ 90 ശതമാനം (12,62,404 പേർ) സ്വദേശികളാണ്. ആകെ ജീവനക്കാരിൽ 60.3 ശതമാനം പുരുഷന്മാരും 39.7 ശതമാനം വനിതകളുമാണ്. ഏറ്റവും പുതിയ കണക്കു പ്രകാരം സർക്കാർ സർവീസിൽ 5,56,934 സൗദി വനിതാ ജീവനക്കാരുള്ളതായി മാനവശേഷി, സാമൂഹിക വികസന റിപ്പോർട്ട് വ്യക്തമാക്കുന്നു. പൊതു മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ, ആരോഗ്യ, ഭരണ മേഖലകളിൽ വനിതകളുടെ സ്വാധീനം പ്രകടമാണ്.
സർക്കാർ സർവീസിൽ ഏറ്റവും കൂടുതൽ സ്വദേശി ജീവനക്കാരുള്ളത് റിയാദ് പ്രവിശ്യയിലാണ്. ഇവിടെ 3,30,000 ലേറെ സ്വദേശികൾ സർക്കാർ സർവീസിൽ ജോലി ചെയ്യുന്നു. മക്ക പ്രവിശ്യയിൽ 2,70,00 ലേറെ സൗദികളും കിഴക്കൻ പ്രവിശ്യയിൽ 1,90,000 കൂടുതൽ സ്വദേശികളും ജോലി ചെയ്യുന്നു. നജ്‌റാൻ, ഉത്തര അതിർത്തി പ്രവിശ്യകളിലാണ് സർക്കാർ സർവീസിൽ ഏറ്റവും കുറച്ച് സ്വദേശികൾ പ്രവർത്തിക്കുന്നത്. ഇതിൽ ഓരോ പ്രവിശ്യയിലെയും സ്വദേശി സർക്കാർ ജീവനക്കാരുടെ എണ്ണം 40,000 കുറവാണ്.
പ്രവാസികളെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് മക്ക പ്രവിശ്യയിലാണ്. ഇവിടെ സർക്കാർ സർവീസ് ജീവനക്കാരിൽ 12 ശതമാനം വിദേശികളാണ്. റിയാദിലെ ആകെ സർക്കാർ ജീവനക്കാരിൽ ഒമ്പതു ശതമാനമാണ് വിദേശികൾ. വിദേശ ജീവനക്കാരുടെ അനുപാതം ഏറ്റവും കുറവ് നജ്റാനിലാണ്. ഇവിടെ സർക്കാർ സർവീസിലെ ആകെ ജീവനക്കാരിൽ അഞ്ചു ശതമാനം മാത്രമാണ് വിദേശികൾ. സൂപ്പർ സ്പെഷ്യാൽറ്റി, നഴ്സിംഗ് മേഖലകളിലാണ് പ്രവാസികൾ പ്രവർത്തിക്കുന്നത്.
സർക്കാർ സർവീസിൽ വനിതാ ജീവനക്കാരുടെ അനുപാതം ഏറ്റവും കൂടുതൽ റിയാദിലാണ്. ഇവിടെയുള്ള ആകെ ജീവനക്കാരിൽ 42 ശതമാനം വനിതകളാണ്. ഏറ്റവും കുറഞ്ഞ വനിതാ ജീവനക്കാരുടെ പ്രാതിനിധ്യം നജ്‌റാനിലാണ്. 28 ശതമാനമാണ് വനിതകൾ. സൗദികൾ ഉന്നത തസ്തികകളിലും മാനേജ്‌മെന്റ് സ്ഥാനങ്ങളിലും ആധിപത്യം പുലർത്തുന്നു.
വിദ്യാഭ്യാസ മേഖലയിൽ വനിതാ ജീവനക്കാരിൽ 95 ശതമാനത്തിലധികവും സൗദി വനിതകളാണ്. ആരോഗ്യ മേഖലയിൽ വനിതാ ജീവനക്കാരിൽ 60 ശതമാനം സ്വദേശികളും 40 ശതമാനം വിദേശികളുമാണ്. ഭരണപരമായ തസ്തികകളിൽ ജോലി ചെയ്യുന്ന വനിതകളിൽ 90 ശതമാനവും സ്വദേശികളാണ്. എന്നാൽ രാജ്യത്താകെ നേതൃസ്ഥാനങ്ങളിൽ സൗദി വനിതാ പ്രാതിനിധ്യം എട്ടു ശതമാനത്തിൽ താഴെയാണ്. സർക്കാർ സർവീസ് നേതൃസ്ഥാനങ്ങളിൽ വിദേശ വനിതകൾ ആരും തന്നെയില്ല.