റിയാദ്: റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഗ്രാന്റ് – റയാൻ സൂപ്പർ കപ്പിൽ പാലക്കാടിൻ കാറ്റിൽ തൃശൂർ കടപുഴകി. എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് പാലക്കാട് ജില്ലാ കെഎംസിസി തൃശൂർ ജില്ലാ കെഎംസിസിയെ തകർത്തത്. ദിറാബിലെ ദുറത്ത് മൽഅബ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ കളിയിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ആലപ്പുഴ ജില്ല കെഎംസിസിയെ പരാജയപ്പെടുത്തി കണ്ണൂർ ജില്ല കെഎംസിസി ആധികാരിക വിജയം കരസ്ഥമാക്കി. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് ജയത്തോടെ കണ്ണൂർ ജില്ലാ കെഎംസിസി സെമിഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു.
ഗോൾ മഴ കണ്ട ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ പാലക്കാടിന്റെ മുഹമ്മദ് സുഹൈൽ നേടിയ ഹാട്രിക്ക് അവരുടെ വിജയംഅനായാസമാക്കുകയായിരുന്നു. മുഹമ്മദ് ദിൽഷാദ് രണ്ടും ശേഷിക്കുന്ന ഒരു ഗോൾ മുഹമ്മദ് അർഷദും നേടി.
പാലക്കാട് ജില്ല കെഎംസിസി ടീം സർവ്വാധിപത്യം സ്ഥാപിച്ച കളിയിൽ തൃശൂർ ജില്ല കെഎംസിസി ടീം നിസ്സഹരായി നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. പാലക്കാടിന്റെ മുഹമ്മദ് സുഹൈലാണ് മാൻ ഓഫ് ദി മാച്ച് അവർഡിന് അർഹനായത്. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ട്രഷറർ അഷ്‌റഫ് വെള്ളേപ്പാടം അവാർഡ് കൈമാറി.
മൂന്നാം ആഴ്ചയിലെ ആദ്യ മത്സരത്തിൽ കണ്ണൂരും ആലപ്പുഴയും തമ്മിലുള്ള പോരാട്ടം കടുത്തതായിരുന്നു. കണ്ണൂരിന് വേണ്ടി മഹ്റൂഫ് ആദ്യ ഗോൾ നേടിയപ്പോൾ രണ്ടാം ഗോൾ ആലപ്പുഴ സെൽഫിലൂടെ വഴങ്ങുകയായിരുന്നു.
നല്ല ഒത്തിണക്കവും പന്തടക്കവും പ്രകടിപ്പിച്ച കണ്ണൂർ വ്യക്തമായ ഗെയിം പ്ലാൻ പുറത്തെടുക്കുകയിരുന്നു. മത്സരാന്ത്യം വരെ പൊരുതി നോക്കിയ ആലപ്പുഴ അവസാന നിമിഷം അടിയറവ് പറയുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ വിജയിച്ച ആലപ്പുഴക്ക് അവസാന കളിയിൽ ശക്തരായ മലപ്പുറത്തിനെയാണ് ഇനി നേരിടാനുള്ളത്. കണ്ണൂർ ജില്ലാ കെഎംസിസി താരം സുബൈർ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സമ്മാനിച്ചു.
ജസീൽ (അൽ റയ്യാൻ പോളിക്ലിനിക്), അബ്ദുറഹിമാൻ അൽ ഷഹരി, അസീസ് മാസ്റ്റർ ഇരിക്കൂർ, അഷ്‌റഫ് കൽപകഞ്ചേരി, റസാഖ് വളക്കൈ, സിദ്ദീഖ് കോനാരി, സഫീർ വെളളമുണ്ട, സിയാദ് കായംകുളം, സലാം അലനല്ലൂർ, ഷബീർ മണ്ണാർക്കാട്, യാക്കൂബ് തില്ലങ്കേരി, യൂനുസ് താഴേക്കോട്, സുധീർ ചൂരൽമല, ഇഖ്ബാൽ തിരൂർ, ഷമീർ സ്കോപ്പ്, തഹ്‌സിൽ സ്കോപ്പ് എന്നിവർ വിവിധ കളികളിൽ കളിക്കാരുമായി പരിചയപ്പെട്ടു.
ആഗസ്റ്റ് എട്ടിന് നടക്കുന്ന കളിയിൽ സേഫ്റ്റി മോർ മലപ്പുറം ജില്ലാ കെഎംസിസി ഹരിതം മസാല എറണാകുളം ജില്ലാ കെഎംസിസിയേയും സുൾഫെക്സ് കാസർകോട് ജില്ലാ കെഎംസിസി പാരാജോൺ കോഴിക്കോട് ജില്ല കെഎംസിസിയേയും നേരിടും.