റിയാദ്– ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി നിർമാണം പുരോഗമിക്കുന്ന റിയാദ് കിംഗ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിവർഷം 22.5 കോടി യാത്രക്കാരെയാണ് ലക്ഷ്യമിടുന്നതെന്ന് കിംഗ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ട് ആക്ടിംഗ് സി.ഇ.ഒ മാർക്കോ മെജിയ. അടുത്ത 50 വർഷത്തേക്ക് ഒരുക്കുന്ന തരത്തിലാണ് വിമാനത്താവളത്തിന്റെ നിലവിലെ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന്, ലോകത്തിലെ ഏറ്റവും വലിയ പദ്ധതികൾ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് സെഷനിൽ പങ്കെടുത്ത് മാർക്കോ മെജിയ പറഞ്ഞു.
യാത്രക്കാരെ തിരിച്ചറിയാനും എല്ലാം ഡിജിറ്റൈസ് ചെയ്യാനും സാങ്കേതികവിദ്യ ഉപയോഗിക്കാനാണ് പുതിയ വിമാനത്താവളം പദ്ധതിയിടുന്നത്. ഇത് പ്രകടന നിലവാരം അളക്കാനും ഉപഭോക്തൃ ആവശ്യങ്ങൾക്കനുസരിച്ച് സേവനങ്ങൾ ക്രമീകരിക്കാനും സഹായിക്കും. ടാക്സി റൂട്ടുകൾ കാര്യക്ഷമമാക്കുന്നതിലൂടെയും യാത്രക്കാർക്ക് മുന്നറിയിപ്പുകളും അലേർട്ടുകളും അയച്ചും സാങ്കേതികവിദ്യ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തും. സ്മാർട്ട് സാങ്കേതികവിദ്യ സ്വീകരിക്കുന്നതുമായി മനുഷ്യ ഇടപെടലും അതിന്റെ സംയോജനവും പ്രധാനമാണെന്നും മാർക്കോ മെജിയ പറഞ്ഞു.



