ഖമീസ് മുഷൈത്ത്: സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹം ഈ രാജ്യത്തിന്റെ പുരോഗതിക്കായി നൽകുന്ന സംഭാവനകൾ ഏറെ വിലമതിക്കുന്നതാണെന്ന് ഖമീസ് മുഷൈത്ത് അമീർ ഖാലിദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഷൈത്ത് പറഞ്ഞു. സൗദിയുടെ തൊണ്ണൂറ്റി നാലാമത് ദേശീയ ദിനാഘോഷത്തിന് പ്രവിശ്യയിലെ ഇന്ത്യൻ ജനതയുടെ ആശംസകളും സന്തോഷവും അറിയിക്കാൻ അമീർ ഓഫീസിൽ എത്തിയ ഖമീസ് മുഷൈത്ത് കെ.എം.സി.സി പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ ഇന്ത്യൻ പ്രവാസികളുടെ അച്ചടക്കവും നിയമപരിപാലനം ഉൾപ്പടെ ഗവൺമെന്റ് സംവിധാനങ്ങളോടുള്ള ആദരവും നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു.
സൗദി ദേശീയ ദിനത്തോട് അനുബന്ധിച്ച് കെ.എം.സി.സി സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന രക്തദാന പരിപാടിയെ അമീർ അഭിനന്ദിച്ചു. പ്രവിശ്യയിലെ വിവിധ ആശുപത്രികളിൽ ഈ വർഷത്തെ രക്തദാന പരിപാടികൾക്കുള്ള സൗകര്യങ്ങൾ ഒരുക്കി നൽകാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. സന്തോഷത്തിന്റെയും പാരസ്പര്യത്തിന്റെയും പ്രതീകമായി ഒരുക്കിയ കേക്ക് മുറിക്കൽ ചടങ്ങ് അമീർ നിർവ്വഹിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ബഷീർ മുന്നിയൂർ, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് കൂട്ടി മാതാപ്പുഴ, സെക്രട്ടറി സാദിഖ് കോഴിക്കോട്, സത്താർ ഒലിപ്പുഴ, അനീസ് കുറ്റ്യാടി, സാബിത് അരിക്കോട്, ആസിഫ് വഴിക്കടവ്, ഷിയാസ് ഫറൂഖ് എന്നിവർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. സൗദിയുടെ പുരോഗതിയിൽ ഇന്ത്യക്കാരുടെ സംഭാവനകളും അമീർ എടുത്തു പറഞ്ഞു. അസീറിലെ വിവിധ ജനറൽ ഹോസ്പിറ്റലുകളിൽ കെ.എം.സി.സിയുടെ ബ്ലഡ് ഡൊണേഷൻ ബ്ലഡ് ഡൊണേഷൻ ക്യാമ്പയിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ടവർക്ക് അമീർ നിർദ്ദേശം നൽകി.