42 തൂക്കുപാലങ്ങള്‍ അടങ്ങിയ സ്കൈവേ നെറ്റ്‌വര്‍ക്കിന് 15.46 കിലോമീറ്റര്‍ നീളം
റിയാദ് – ലോകത്തിലെ ഏറ്റവും നീളം കൂടിയ കണക്റ്റഡ് സ്‌കൈ വാക്ക്‌വേ ശൃംഖല എന്ന നിലയില്‍ കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് (കാഫിഡ്) വാക്ക്വേകള്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയായി കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് ആന്റ് മാനേജ്മെന്റ് കമ്പനി അറിയിച്ചു. നഗരവികസനത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാനുള്ള അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിന്റെ പ്രതിബദ്ധതയും സുസ്ഥിര നഗര ലക്ഷ്യസ്ഥാനമെന്ന നിലയില്‍ അതിന്റെ സ്ഥാനം ഉറപ്പിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളും ഈ നേട്ടം എടുത്തുകാണിക്കുന്നു.
ആധുനിക വാസ്തുവിദ്യാ രൂപകല്‍പ്പനയോടെ നിര്‍മിച്ച കാഫിഡ് സ്‌കൈവാക്ക്‌വേ നെറ്റ്‌വര്‍ക്കിന് 15.46 കിലോമീറ്റര്‍ നീളമുണ്ട്. കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിലെ 95 കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന, എയര്‍ കണ്ടീഷന്‍ ചെയ്ത, കാല്‍നടയാത്രക്കാര്‍ക്കുള്ള 42 തൂക്കുപാലങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് വര്‍ഷം മുഴുവനും സുഖകരമായ കാല്‍നടയാത്രാനുഭവം നല്‍കുന്നു.
വ്യതിരിക്തമായ രൂപകല്‍പ്പനയോടെയുള്ള ഈ നെറ്റ്വര്‍ക്ക് റിയാദ് മെട്രോ സ്റ്റേഷനിലേക്ക് നേരിട്ട് പ്രവേശനം നല്‍കുന്നു. ഗതാഗതക്കുരുക്കില്‍ നിന്നും കാലാവസ്ഥാ വ്യതിയാനങ്ങളില്‍ നിന്നും മാറി, പാര്‍ക്കിംഗ് സ്ഥലത്തിനായി തിരയേണ്ട ആവശ്യമില്ലാതെ എളുപ്പത്തില്‍ സഞ്ചരിക്കാനും കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിന്റെ അതുല്യമായ വാസ്തുവിദ്യാ അടയാളങ്ങകളുടെ പനോരമിക് കാഴ്ചകള്‍ ആസ്വദിക്കാനും ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വിദേശികള്‍ക്കും ഇത് അവസരമൊരുക്കുന്നു.
സ്‌കൈവാക്ക്‌വേ ശൃംഖല സവിശേഷമായ എന്‍ജിനീയറിംഗ് നേട്ടമാണ്. ഇതിന്റെ നിര്‍മാണത്തിന് നാല് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വിസ്തീര്‍ണത്തിന് തുല്യമായ 30,000 ചതുരശ്ര മീറ്റര്‍ ഗ്ലാസ് പാനലുകളും പത്ത് ബോയിംഗ് 777 വിമാനങ്ങളുടെ ആകെ ഭാരത്തിന് തുല്യമായ 3,000 ടണ്ണിലേറെ സ്റ്റീലും ആവശ്യമായി വന്നു. 1,200 പേരടങ്ങിയ പ്രത്യേക സംഘം പദ്ധതി നടപ്പാക്കുന്നതില്‍ പങ്കാളിത്തം വഹിച്ചു. അപകടങ്ങളൊന്നുമില്ലാതെ 50 ലക്ഷത്തിലേറെ മണിക്കൂര്‍ സുരക്ഷിതമായ ജോലി സമയത്തിലൂടെയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.


സ്‌കൈവാക്ക്‌വേകളുടെ അസാധാരണമായ രൂപകല്‍പ്പനകള്‍ സുഗമമായ സഞ്ചാരം പുനര്‍നിര്‍വചിക്കാനും കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് വാഗ്ദാനം ചെയ്യുന്ന ആധുനിക ജീവിതശൈലി പ്രതിഫലിപ്പിക്കുന്ന സുഖകരമായ ദൈനംദിന അനുഭവം നല്‍കാനുമുള്ള കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിന്റെ അഭിലാഷങ്ങള്‍ പ്രകടിപ്പിക്കുന്നു. ഇത് ഓഫീസുകള്‍, വീടുകള്‍, കടകള്‍, റെസ്റ്റോറന്റുകള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവക്കിടയില്‍ നടക്കാന്‍ പദ്ധതി പ്രദേശത്തെ താമസക്കാരെയും സന്ദര്‍ശകരെയും പ്രാപ്തമാക്കുന്നു.
ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് സ്‌കൈവാക്ക്‌വേ നെറ്റ്‌വര്‍ക്ക് ഇടം നേടിയത് രാജ്യത്തെ നഗര പരിവര്‍ത്തനത്തിന്റെയും നഗര വികസനത്തിന്റെയും പ്രയാണത്തെ ഉള്‍ക്കൊള്ളുന്ന മുന്‍നിര ദേശീയ പ്ലാറ്റ്ഫോം എന്ന നിലയില്‍ അതിന്റെ സ്ഥാനം എടുത്തുകാണിക്കുന്നതായി കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് ആന്റ് മാനേജ്മെന്റ് കമ്പനി ചീഫ് അസറ്റ് ഡെലിവറി ഓഫീസര്‍ ഫാദി അല്‍അഖ്ല്‍ പറഞ്ഞു. സ്‌കൈവാക്ക്വേ നെറ്റ്‌വര്‍ക്ക് അതുല്യമായ എന്‍ജിനീയറിംഗ് നേട്ടമാണ്. ഭാവിയിലെ സഞ്ചാരത്തെ കുറിച്ചുള്ള തന്ത്രപരമായ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയുള്ളതാണ് സ്‌കൈവാക്ക്വേ ശൃംഖല.
കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിലെ വിവിധ കെട്ടിടങ്ങളെ കാര്യക്ഷമമായി ബന്ധിപ്പിക്കുക, കാല്‍നടയാത്ര എളുപ്പമാക്കുക, ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി സ്മാര്‍ട്ട് സിറ്റികള്‍ക്ക് അസാധാരണമായ അനുഭവവും മുന്‍നിര മാതൃകയും നല്‍കാനുള്ള കാഫിഡ് അഭിലാഷങ്ങളെ പിന്തുണക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഫാദി അല്‍അഖ്ല്‍ പറഞ്ഞു.
2016 ല്‍ മിനിയാപൊളിസിലാണ് ഈ റെക്കോര്‍ഡ് ആദ്യമായി സ്ഥാപിച്ചതെന്നും കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് പുതിയ കാഴ്ചപ്പാടും നൂതന രൂപകല്‍പ്പനകളും അവതരിപ്പിക്കുന്നുവെന്നും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അഡ്ജുഡിക്കേറ്റര്‍ എംബാലി എന്‍കോസി വിശദീകരിച്ചു. നവീകരണ രംഗത്തെ പ്രധാന ചാലകശക്തിയായി സുസ്ഥിരത മാറിയിരിക്കുന്ന ഒരു കാലത്ത്, കാഫിഡ് സ്‌കൈവാക്ക്‌വേകള്‍ നഗര രൂപകല്‍പ്പനക്ക് പുതിയ ആഗോള നിലവാരം സ്ഥാപിച്ചു. ഈ നേട്ടത്തിന്റെ അംഗീകാരമായി ജൂലൈ 6 ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ചടങ്ങ് നടത്തിയതില്‍ അവര്‍ സന്തോഷം പ്രകടിപ്പിച്ചു. കാഫിഡ് സ്‌കൈവാക്ക്വേ ശൃംഖല കൈവരിച്ച നേട്ടം കൂടുതല്‍ മികച്ചതും കൂടുതല്‍ പരസ്പര ബന്ധതവുമായ നഗരങ്ങള്‍ക്ക് വഴിയൊരുക്കുന്നതായും എംബാലി എന്‍കോസി പറഞ്ഞു.
ഉയര്‍ന്ന അന്താരാഷ്ട്ര നിലവാരത്തില്‍ രൂപകല്‍പ്പന ചെയ്ത അടിസ്ഥാന സൗകര്യങ്ങളിലൂടെ കാഫിഡ് മുന്‍നിര ആഗോള കമ്പനികളെ ആകര്‍ഷിക്കുന്നത് തുടരുന്നു. ഗോള്‍ഡ്മാന്‍ സാച്ച്‌സ്, ബെയിന്‍ ആന്റ് കമ്പനി, പെപ്‌സികോ എന്നിവയുള്‍പ്പെടെ ആഗോള കമ്പനികളുടെ 19 റീജ്യനല്‍ ആസ്ഥാനങ്ങള്‍ക്ക് പുറമെ 90 ലേറെ പ്രാദേശിക, അന്തര്‍ദേശീയ കമ്പനികളും നിലവില്‍ ഈ കേന്ദ്രത്തിലുണ്ട്. കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് കൈകാര്യം ചെയ്യാനും വികസിപ്പിക്കാനും ഉത്തരവാദിത്തമുള്ള കമ്പനിയായ കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് ആന്റ് മാനേജ്മെന്റ് കമ്പനി പൂര്‍ണമായും സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലാണ്.