ജിദ്ദ: ഗാസയില്‍ നിന്ന് ഫലസ്തീനികളെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ച് ഗാസയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും ഗാസയെ വികസിപ്പിക്കുമെന്നുമുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനക്കു പിന്നാലെ ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളെ പിന്തുണക്കുന്ന ഉറച്ച നിലപാട് സൗദി അറേബ്യ വ്യക്തമാക്കിയതിനെ ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രണ്ടാമന്‍ രാജാവ് സ്വാഗതം ചെയ്തു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെയാണ് ഫലസ്തീന്‍ പ്രശ്നത്തിലുള്ള ഉറച്ച നിലപാട് വ്യക്തമാക്കിയ സൗദി അറേബ്യയുടെ നടപടിയെ ജോര്‍ദാന്‍ രാജാവ് സ്വാഗതം ചെയ്തത്.
വിവാദ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചുള്ള ട്രംപിന്റെ പ്രസ്താവനകള്‍ക്കു പിന്നാലെയാണ് ജോര്‍ദാന്‍ രാജാവ് സൗദി കിരീടാവകാശിയുമായി ഫോണില്‍ ബന്ധപ്പെട്ടത്. ട്രംപിന്റെ പ്രസ്താവന അടക്കമുള്ള പുതിയ സംഭവവികാസങ്ങളും ഗാസയിലെ അപകടകരമായ സ്ഥിതിഗതികളും മേഖലയിലെ പുതിയ സംഭവവികാസങ്ങളും മേഖലയില്‍ സുരക്ഷയും സ്ഥിരതയുമുണ്ടാക്കുന്ന നിലക്ക് ഇക്കാര്യങ്ങളില്‍ നടത്തുന്ന ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു. അധിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലെ പുതിയ ജൂതകുടിയേറ്റങ്ങള്‍ അവസാനിപ്പിക്കണമെന്നും ഫലസ്തീന്‍ പ്രദേശങ്ങള്‍ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കാനും ഗാസയില്‍ നിന്നും വെസ്റ്റ് ബാങ്കില്‍ നിന്നും ഫലസ്തീനികളെ നാടുകടത്താനുമുള്ള ശ്രമങ്ങള്‍ നിരാകരിക്കണമെന്നും ജോര്‍ദാന്‍ രാജാവ് പറഞ്ഞു.
നിയമാനുസൃത അവകാശങ്ങള്‍ പൂര്‍ണമായും നേടിയെടുക്കാനും സ്വന്തം രാജ്യത്ത് ഉറച്ചുനില്‍ക്കാനും ഫലസ്തീനികളെ പിന്തുണക്കാനും, ഗാസ വെടിനിര്‍ത്തലിന്റെ സുസ്ഥിരത ഉറപ്പാക്കാനും അറബ്, അന്താരാഷ്ട്ര ശ്രമങ്ങള്‍ ശക്തമാക്കണമെന്നും സൗദി കിരീടാവകാശിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ജോര്‍ദാന്‍ രാജാവ് ആവശ്യപ്പെട്ടതായി ജോര്‍ദാന്‍ റോയല്‍ കോര്‍ട്ട് പറഞ്ഞു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാനും ജോര്‍ദാന്‍ രാജാവും ഫോണില്‍ ബന്ധപ്പെട്ടും മേഖലയിലെ പുതിയ സംഭവവികാസങ്ങളും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് നീതിപൂര്‍വവും സമഗ്രവുമായ സമാധാന പാത കണ്ടെത്തുന്നതിനെ കുറിച്ചും വിശകലനം ചെയ്തു.