ജിദ്ദ– സാമൂഹ്യ ജീവകാരുണ്യ പ്രവർത്തന രംഗത്ത് സുത്യർഹ്യമായ സേവനങ്ങൾ തുടരുന്ന സൗദി റെസ്പോൺസ് പ്ലസ് മെഡിക്കൽ ഹോൾഡിങ്ങിനെ (സൗദി ആർ.പി.എം) ജിദ്ദ കേരള പൗരാവലി പുരസ്കാരം നൽകി ആദരിച്ചു. ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടര വര്‍ഷത്തോളം ചലനമറ്റ് കിടപ്പിലായിരുന്ന ബിഹാര്‍ സ്വദേശി വീരേന്ദ്ര ഭഗത് പ്രസാദിനെ നാട്ടിൽ എത്തിക്കുന്നതിന് വേണ്ടി ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെ സൗദി ആർ.പി.എം എല്ലാ സഹായങ്ങളും നൽകിയിരുന്നു. വിവിധ രാജ്യങ്ങളിൽ സേവന രംഗത്ത് പ്രവർത്തിക്കുന്ന ഡോ ഷംസീർ വയലിലാണ് സൗദി ആർ.പി.എമിന് നേതൃത്വം നൽകുന്നത്.
വീരേന്ദ്ര ഭഗത് പ്രസാദിനെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി സൗദി ആർ.പി.എമിന്റെ ഇടപെടൽ ഏറെ ആശ്വാസം പകർന്നിരുന്നു. വിമാന യാത്രക്കുള്ള സൗകര്യമൊരുക്കിയതും ആവശ്യമായ ഉപകരണങ്ങൾ സഹിതം മെഡിക്കൽ സംഘത്തെ രോഗിയോടൊപ്പം നാട്ടിലേക്ക് അയക്കുന്നതിലും ജിദ്ദ കേരള പൗരാവലിക്കൊപ്പം സൗദി ആർ.പി.എം സമയ ബന്ധിതമായി പൂർത്തിയാക്കിയിരുന്നു.
സൗദി ആർ.പി.എം ജിദ്ദ ഹെഡ് ഓഫീസ് ഹാളിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി ആർ.പി.എം ടെറിടറി മാനേജർ അബ്ദു സുബ്ഹാന് പുരസ്കാരം കൈമാറി. പൗരാവലി ഭാരവാഹികളായ ജലീൽ കണ്ണമംഗലം, മൻസൂർ വയനാട്, ഷരീഫ് അറക്കൽ, അലി തേക്കുത്തോട്, ആർ പി എം പ്രതിനിധികളായ വിജയ്, മുസീഫ് എന്നിവർ സംസാരിച്ചു.
ബിഹാറിൽ നിന്നും വീരേന്ദ്ര ഭഗത് പ്രസാദിന്റെ കുടുംബം അറിയിച്ച നന്ദിയും കടപ്പാടും ആർ.പി.എമിനെ നേരിട്ട് അറിയിച്ചു. പൗരാവലി ഭാരവാഹിയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫയർ പ്രതിനിധിയുമായ ഷമീർ നദ്‌വി ഇപ്പോഴും രോഗിയുടെ ചികിത്സ സംബന്ധിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. തുടർന്നും സൗദി റെസ്പോൺസ് പ്ലസ് മെഡിക്കൽ ഹോൾഡിങ്ങിന്റെ സഹായങ്ങൾ ജിദ്ദ കേരള പൗരാവലി നിർദ്ദേശിക്കുന്ന വിഷയങ്ങളിൽ ഉണ്ടാകുമെന്ന് അബ്ദു സുബ്ഹാൻ പറഞ്ഞു.



