ജിദ്ദ – ജിദ്ദ സൂപ്പര്‍ഡോമില്‍ ജിദ്ദ ബുക് ഫെയര്‍ 2025 ന് പ്രൗഢോജ്വല തുടക്കം. ജിദ്ദ വായിക്കുന്നു എന്ന ശീര്‍ഷകത്തിലാണ് ജിദ്ദ ബുക് ഫെയറിന് തുടക്കം കുറിച്ചത്. ലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്റ് ട്രാന്‍സ്‌ലേഷന്‍ കമ്മീഷനാണ് ബുക് ഫെയര്‍ സംഘടിപ്പിക്കുന്നത്. 400 പവലിയനുകളിലായി, 24 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ആയിരത്തിലധികം പ്രാദേശിക, അന്തര്‍ദേശീയ പ്രസാധക സ്ഥാപനങ്ങളും ഏജന്‍സികളും ബുക് ഫെയറില്‍ പങ്കെടുക്കുന്നു. ജിദ്ദ ബുക് ഫെയര്‍ സൗദിയിലെ ഏറ്റവും വലിയ സാംസ്‌കാരിക വേദികളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രസാധകര്‍, സര്‍ഗപ്രതിഭകള്‍, വൈജ്ഞാനിക നിര്‍മ്മാതാക്കള്‍ എന്നിവരുടെ ലക്ഷ്യസ്ഥാനമായി ജിദ്ദ ബുക് ഫെയര്‍ മാറിയിട്ടുണ്ട്.
പ്രസിദ്ധീകരണ വ്യവസായത്തിലെ ശ്രദ്ധേയമായ വികസനത്തെ മേള പ്രതിഫലിപ്പിക്കുന്നതായും സാഹിത്യ പ്രതിഭകളെ പിന്തുണക്കുന്നതായും സൗദി എഴുത്തുകാരുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതായും ലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്റ് ട്രാന്‍സ്‌ലേഷന്‍ കമ്മീഷന്‍ സി.ഇ.ഒ ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍വാസില്‍ പറഞ്ഞു. പ്രാദേശിക സാഹിത്യത്തിന്റെ വ്യാപ്തി വികസിപ്പിക്കുകയും സന്ദര്‍ശക അനുഭവം സമ്പന്നമാക്കുകയും ചെയ്യുന്ന നൂതന സംരംഭങ്ങള്‍ ഇത്തവണത്തെ ബുക് ഫെയറില്‍ ഉള്‍പ്പെടുന്നതായും ഇദ്ദേഹം കൂട്ടിചേർത്തു. ഇത്തവണ ആദ്യമായി പ്രാദേശിക ചലച്ചിത്ര നിര്‍മ്മാണങ്ങള്‍ക്കായുള്ള പ്രത്യേക പ്രോഗ്രാം പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു. സാംസ്‌കാരിക, കലാ മേഖലകളുടെ സംയോജനം ഉയര്‍ത്തിക്കാട്ടി, ഫിലിം കമ്മീഷനുമായുള്ള പങ്കാളിത്തത്തോടെ ലെറ്റ് ഫോര്‍ ഫിലിം സപ്പോര്‍ട്ട് എന്ന പ്രോഗ്രാമിന്റെ പിന്തുണയോടെ, പ്രധാന വേദിയില്‍ നിരൂപക പ്രശംസ നേടിയ സൗദി ചലച്ചിത്രങ്ങളുടെ ദൈനംദിന പ്രദര്‍ശനങ്ങള്‍ നടക്കും.
എഴുത്തുകാരുടെയും ചിന്തകരുടെയും ഒരു സംഘം പങ്കെടുക്കുന്ന സെമിനാറുകള്‍, പാനല്‍ ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, കവിതാ സായാഹ്നങ്ങള്‍, പ്രത്യേക ശില്‍പശാലകള്‍ തുടങ്ങി 170 ലേറെ സാംസ്‌കാരിക പരിപാടികളും ബുക് ഫെയറ വേദിയിൽ അരങ്ങേറും. സംസ്‌കാരവും വിനോദവും സമന്വയിപ്പിക്കുന്ന സംവേദനാത്മക പരിപാടികള്‍ കുട്ടികള്‍ക്കായുള്ള സമര്‍പ്പിത മേഖല വാഗ്ദാനം ചെയ്യുന്നു. സൗദി ഓതേഴ്സ് കോര്‍ണര്‍ വഴി പ്രാദേശിക പ്രതിഭകളെ പിന്തുണക്കുന്നത് ബുക് ഫെയര്‍ ഇത്തവണയും തുടരുന്നുണ്ട്. ഇത് രചയിതാക്കള്‍ക്ക് അവരുടെ കൃതികള്‍ പ്രദര്‍ശിപ്പിക്കാനും സ്വയം പ്രസിദ്ധീകരിക്കാനും അവസരമൊരുക്കുകയും ചെയ്യും. പുസ്തക ഒപ്പിടല്‍ പ്ലാറ്റ്ഫോമുകള്‍ എഴുത്തുകാരും പൊതുജനങ്ങളും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തിനുള്ള അവസരങ്ങളും നല്‍കുന്നു. മാംഗ, ആനിമേഷന്‍ ലോകങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന വിഭാഗങ്ങളും ബുക് ഫെയറില്‍ ഉള്‍പ്പെടും. ഈ കലാരൂപത്തെ ആഘോഷിക്കുന്ന ശേഖരണങ്ങളുടെയും പുസ്തകങ്ങളുടെയും പ്രദര്‍ശനങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. വായനാ ഓപ്ഷനുകള്‍ വികസിപ്പിക്കാനായി ഡിസ്‌കൗണ്ട് പുസ്തകങ്ങള്‍ക്കായി പ്രത്യേക വിഭാഗവും കരകൗശല വിദഗ്ധരുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ദേശീയ പൈതൃകം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കരകൗശല കോര്‍ണറും ബുക് ഫെയറിലുണ്ട്.
സൗദി സാംസ്‌കാരിക ആഖ്യാനത്തെ അതിന്റെ എല്ലാ രൂപങ്ങളിലും ശക്തിപ്പെടുത്തുന്ന സിവാര്‍, ഹൊബല്‍, സലീഖ് എന്നിവയുള്‍പ്പെടെ ഏതാനും സൗദി സിനിമകള്‍ ബുക് ഫെയറില്‍ പ്രദര്‍ശിപ്പിക്കും. സെമിനാറുകളില്‍ പ്രധാനമായും എല്ലാവര്‍ക്കും തത്ത്വചിന്ത, സാംസ്‌കാരിക ആശയവിനിമയത്തിനുള്ള വേദിയായി കായികവിനോദം, ധാരണയുടെ പാലങ്ങള്‍: ഇസ്‌ലാമിക ചിന്തയും നാഗരിക സംവാദവും, എഴുത്തില്‍ പ്രാദേശിക ഭാഷാഭേദങ്ങള്‍ പ്രയോജനപ്പെടുത്തല്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങളാണ്.
പത്രപ്രവര്‍ത്തനം, ഡിജിറ്റല്‍ പ്രതിസന്ധി മാനേജ്‌മെന്റ്, കുട്ടികളുടെ കഥാരചന, വ്യക്തിഗത ബ്രാന്‍ഡ് കെട്ടിപ്പടുക്കല്‍, ഭാഷാപരവും വൈജ്ഞാനികവുമായ വികാസത്തില്‍ ആദ്യകാല വായനയുടെ സ്വാധീനം എന്നീ മേഖലകളില്‍ അഞ്ച് ശില്‍പശാലകളും നടക്കും. എല്ലാ ദിവസവും ഉച്ചക്ക് 12 മുതല്‍ പുലര്‍ച്ചെ 12 വരെ ബുക് ഫെയര്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യും. വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് രണ്ടു മുതല്‍ അര്‍ധരാത്രി 12 വരെയാണ് ബുക് ഫെയറില്‍ സന്ദര്‍ശകരെ സ്വീകരിക്കുക. ഡിസംബര്‍ ഇരുപതിന് ബുക് ഫെയറിന് തിരശ്ശീല വീഴും.



