ജിദ്ദ: ചെങ്കടലിന്റെ റാണിയെന്ന പേരില്‍ പ്രശസ്തമായ ജിദ്ദ നഗരത്തിന്റെ ഹൃദയഭാഗമായ ബലദ് ഉള്‍പ്പെട്ട ഹിസ്റ്റോറിക് ജിദ്ദയിലെ പ്രധാന അടയാളങ്ങളില്‍ ഒന്നായ അര്‍ബഈന്‍ തടാകത്തിന്റെ വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായതായി ഹിസ്റ്റോറിക് ജിദ്ദ ഡെവലപ്മെന്റ് പ്രോഗ്രാം അറിയിച്ചു. ഹിസ്റ്റോറിക് ജിദ്ദയിലേക്ക് കടല്‍ തിരികെ കൊണ്ടുവരാനും ചരിത്രപ്രസിദ്ധമായ ബന്‍ത് തുറമുഖം പുനരുജ്ജീവിപ്പിക്കാനും സംയോജിത കടല്‍ത്തീരം വികസിപ്പിക്കാനുമാണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹിസ്റ്റോറിക് ജിദ്ദ ഡെവലപ്മെന്റ് പ്രോഗ്രാം സൂചിപ്പിച്ചു.
1,85,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പ്രദേശങ്ങള്‍ പുനരധിവസിപ്പിക്കല്‍, എട്ടു കെട്ടിടങ്ങള്‍ പൊളിച്ചുനീക്കം ചെയ്യല്‍, 12,000 മീറ്റര്‍ നീളത്തിലുള്ള സ്ഥലത്ത് പശ്ചാത്തല സൗകര്യങ്ങള്‍ നീക്കം ചെയ്യല്‍, രണ്ടു ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശം നിരപ്പാക്കല്‍ എന്നീ ജോലികളാണ് വികസന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്.
972 മീറ്റര്‍ നീളത്തില്‍ കടല്‍ത്തീര നടപ്പാത, 490 മീറ്റര്‍ നീളത്തില്‍ കോമ്പോസിറ്റ് വാള്‍ എക്സ്റ്റന്‍ഷന്‍, 4,20,000 ക്യുബിക് മീറ്റര്‍ മണ്ണിട്ട് നികത്തല്‍ ജോലികള്‍, 3,50,000 ഘനമീറ്റര്‍ മറൈന്‍ ഡ്രെഡ്ജിംഗ് ജോലികള്‍, 13,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ ഓഫ്‌ഷോര്‍ തൂക്ക് പ്ലാറ്റ്‌ഫോം, 10 ലക്ഷം ക്യുബിക് മീറ്റര്‍ ഖനന ജോലികള്‍, 2,00,000 ക്യുബിക് മീറ്റര്‍ വിസ്തീര്‍ണത്തില്‍ സീബെഡ് കവര്‍ എന്നീ ജോലികളാണ് രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കുകയെന്നും ഹിസ്റ്റോറിക് ജിദ്ദ ഡെവലപ്മെന്റ് പ്രോഗ്രാം പറഞ്ഞു.