റിയാദ്: സ്വത്വം ,സമന്വയം ,അതിജീവനം എന്ന പ്രമേയം ഉയര്‍ത്തി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റിയുടെ കായിക വിഭാഗമായ സ്‌കോര്‍ നടത്തുന്ന ‘ബെസ്റ്റ് 32’ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി 16, 23 തിയ്യതികളിലായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റിയാദ് അല്‍മുതുവ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ ജില്ലയിലെ പതിനാറ് നിയോജകമണ്ഡലം കെഎംസിസി കമ്മിറ്റികളും സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ 32 ടീമുകളാണ് പങ്കെടുക്കുന്നത്. അയ്യായിരം റിയാലാണ് പ്രൈസ് മണിയായി നല്‍കുന്നത്. ജയ് മസാല ആന്‍ഡ് ഫുഡ്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയാണ് വിജയികള്‍ക്ക് സമ്മാനിക്കുക. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ജനുവരി 16 നും ക്വാര്‍ട്ടര്‍, സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ജനുവരി 23 നും നടക്കും.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ‘ദി വോയേജ്’ സംഘടനാ കാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലായി വിവിധ പരിപാടികള്‍ നടന്നിരുന്നു. നോര്‍ക്ക കാമ്പയിനിന്റെ ഭാഗമായി നൂറുകണക്കിന് പ്രവാസികളെ നോര്‍ക്കയില്‍ അംഗത്വമെടുപ്പിക്കുകയും ക്ഷേമനിധി, പ്രവാസി ഇന്‍ഷൂറന്‍സ് എന്നിവയില്‍ ചേര്‍ക്കുകയും ചെയ്തു. കെ.എം.സി.സി കമ്മിറ്റികളുടെ വിവിധ ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ മക്കളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. സാമൂഹ്യ സേവന പ്രവര്‍ത്തനം നടത്തുന്ന മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിംഗില്‍ പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാര്‍ക്ക് പരിശീലനവും ശില്പശാലയും സംഘടിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രവര്‍ത്തകര്‍ക്ക് പുതിയ കാലത്തെ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലന പരിപാടി നടത്തി. ജില്ലാ കെ.എം.സി.സിയുടെ സാംസ്‌കാരിക വിഭാഗമായ സംസ്‌കൃതിയുടെ നേതൃത്തില്‍ മാഗസിന്‍ പുറത്തിറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
റൂട്ട് 106 എന്നപേരില്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത്, മുന്‍സിപ്പല്‍ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പ്രത്യേക സമ്മേളനങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് സൂപ്പര്‍ 16 എന്ന പേരില്‍ പതിനാറ് നിയോജകമണ്ഡലം കമ്മിറ്റികളും സമ്മേളനം സംഘടിപ്പിക്കും. മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് നടപ്പിലാക്കിയ സീതി സാഹിബ് അക്കാദമിയ സാമൂഹ്യ പഠന കേന്ദ്രത്തിന്റെ ഓഫ് ക്യാമ്പസ് റിയാദില്‍ സ്ഥാപിക്കും. കൃത്യമായ സിലബസിന്റെ അടിസ്ഥാനത്തിലാണ് പഠനകേന്ദ്രം സ്ഥാപിക്കുക. സംഘടനക്കകത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി തെരെഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളെ പങ്കെടുപ്പിച്ചുള്ള വര്‍ക്ക്‌ഷോപ്പ് കഴിഞ്ഞ ദിവസം നടന്നു. മരണപ്പെട്ട നേതാക്കളുടെ ഓര്‍മ്മകള്‍ പങ്ക് വെക്കുന്ന നേതൃസ്മൃതി, വിവിധ വിഷയങ്ങളിലുള്ള സെമിനാറുകള്‍, കുട്ടികളെ സംഘടിപ്പിച്ചുള്ള എം എസ് എഫ് ബാലകേരളം, വനിത കെഎംസിസിക്ക് ജില്ലാ തല ഘടകം രൂപീകരിക്കല്‍ തുടങ്ങിയ പരിപാടികള്‍ അടുത്ത മാസങ്ങളിലായി നടക്കും.
മലപ്പുറത്തിന്റെ വൈവിധ്യങ്ങളെ അനാവരണം ചെയ്തുള്ള ലിറ്ററേച്ചര്‍ ആന്റ് കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിക്കും. മലപ്പുറത്തിന്റെ പൈതൃകം, കല, സാഹിത്യം സൗഹാര്‍ദ്ദം, മാതൃക തുടങ്ങിയ വിഷയങ്ങള്‍ പ്രവാസികള്‍ക്കിടയില്‍ ചര്‍ച്ചക്കെടുക്കുകയാണ് ഫെസ്റ്റിന്റെ ഉദ്ദേശം. മലബാറിന്റെ മാപ്പിള കലകള്‍ കോര്‍ത്തിണക്കി മാപ്പിള മലബാര്‍ കളോത്സവം ദി വോയേജിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, ജനറല്‍ സെക്രട്ടറി സഫീര്‍ മുഹമ്മദ്, ജയ് മസാല ആന്റ് ഫുഡ്‌സ് എം.ഡി വിജയ് വര്‍ഗീസ് മൂലന്‍, ട്രഷറര്‍ മുനീര്‍ വാഴക്കാട്, ഓര്‍ഗനൈസിംഗ് സെക്രട്ടറി മുനീര്‍ മക്കാനി, സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ ഷക്കീല്‍ തിരൂര്‍ക്കാട്, ജനറല്‍ കണ്‍വീനര്‍ മൊയ്തീൻ കുട്ടി പൊന്മള, കോഓര്‍ഡിനേറ്റര്‍ നൗഷാദ് ചക്കാല, ഹാരിസ് തലാപ്പില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.