ജിദ്ദ – ആരോഗ്യ പരിപോഷണ മേഖലയിലെ ആധുനിക ചികിത്സാ രീതിയായ ഐവി ഡ്രിപ് തെറാപ്പിക്ക് തുടക്കം കുറിച്ച് അബീര്‍ മെഡിക്കല്‍ സെന്റര്‍. ജിദ്ദ അസീസിയയിലെ അബീര്‍ മെഡിക്കല്‍ സെന്ററിലാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. താമസിയാതെ മറ്റ് ശാഖകളിലേക്കും വ്യാപിപ്പിക്കുമെന്ന് അബീര്‍ മെഡിക്കല്‍ സെന്റര്‍ മാനേജ്‌മെന്റ് അറിയിച്ചു.
അസീസിയയിലെ ഐവി ഡ്രിപ് തെറാപി ലോഞ്ച് അബീര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അഹമ്മദ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്തു. സ്ട്രാറ്റജിക് പ്ലാനിംഗ് വിപി ഡോ. ജംഷീദ് അഹമ്മദ് നൂതന ചികിത്സാരീതിയെക്കുറിച്ച് വിശദീകരിച്ചു. ഡോ. മുഹമ്മദ് ഈദ്, ഡോ. അഫ്‌സാര്‍, ഡോ. സര്‍ഫറാസ്, ഡോ. അബ്ദുല്‍ ഇലാ, ഡോ. ജോയ് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. അസീസിയ ഓപറേഷന്‍സ് മാനേജര്‍ ആയിശ സ്വാഗതവും മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഡോ. ഇംറാന്‍ നന്ദിയും അറിയിച്ചു.


ആരോഗ്യം മെച്ചപ്പെടുത്താനും ഊര്‍ജ്ജസ്വലത നിലനിര്‍ത്താനും സഹായിക്കുന്ന ആധുനിക ചികിത്സാരീതിയാണ് ഐവി ഡ്രിപ്പ് തെറാപ്പി. ഈ നൂതന ചികിത്സാരീതിക്ക് പുതിയ കാലത്ത് സൗന്ദര്യ സംരക്ഷണ മേഖലയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സിരയിലൂടെ നേരിട്ട് രക്തത്തിലേക്ക് വിറ്റാമിനുകള്‍, മിനറല്‍സ്, ആന്റിഓക്സിഡന്റുകള്‍, അമിനോ ആസിഡുകള്‍ എന്നിവ അടങ്ങിയ ദ്രാവകങ്ങള്‍ നല്‍കുന്ന ചികിത്സയാണിത്. ദഹനേന്ദ്രിയ വ്യവസ്ഥയെ മറികടന്ന് പോഷകങ്ങള്‍ നേരിട്ട് കോശങ്ങളിലെത്തുന്നതിനാല്‍ ഇതിന് വളരെ വേഗത്തില്‍ ഫലം ലഭിക്കുന്നു. ശരീരത്തിലെ പോഷകക്കുറവ് പരിഹരിക്കാനും ജലാംശം വര്‍ദ്ധിപ്പിക്കാനും ഈ ചികിത്സാരീതി സഹായിക്കുന്നു.