ഗാസ – ഇന്ന് പുലര്‍ച്ചെ മുതല്‍ ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇരുപത്തിനാല് പലസ്തീനികള്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലും റഫയിലും സിവിലിയന്‍ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടാണ് ഇസ്രായില്‍ വ്യോമാക്രമണങ്ങളും മെഷീന്‍ ഗണ്‍ വെടിവെപ്പുകളും നടത്തിയത്. ഖാന്‍ യൂനിസിന് പടിഞ്ഞാറ് മവാസി പ്രദേശത്തുള്ള കുവൈത്ത് ആശുപത്രിയുടെ പടിഞ്ഞാറുള്ള സനാബില്‍ അഭയാര്‍ഥി ക്യാമ്പിലെ കുടിയിറക്കപ്പെട്ടവരുടെ തമ്പുകള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സമീപ കാലത്ത് നടന്ന ബന്ദി കൈമാറ്റത്തിന്റെ ഭാഗമായി ഇസ്രായില്‍ ജയിലുകളില്‍ നിന്ന് വിട്ടയച്ച ആറ് ഫലസ്തീന്‍ തടവുകാര്‍ ഉള്‍പ്പെടെ 11 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ഇസ്രായില്‍ ജയിലുകളില്‍ നിന്ന് വിട്ടയച്ച് വെസ്റ്റ് ബാങ്കില്‍ നിന്ന് ഗാസയിലേക്ക് നാടുകടത്തപ്പെട്ട ഹെബ്രോണില്‍ നിന്നുള്ള അംജദ് അബൂഅര്‍ഖൂബ്, ജെനീനില്‍ നിന്നുള്ള മഹ്മൂദ് അബൂസരിയ, ബെത്ലഹേമില്‍ നിന്നുള്ള നാജി അബയാത്ത്, റാമല്ലയില്‍ നിന്നുള്ള ബിലാല്‍ സറാഅ്, ജറൂസലമില്‍ നിന്നുള്ള റിയാദ് അസലിയ, നബ്ലസില്‍ നിന്നുള്ള മഹ്മൂദ് അല്‍ദഹ്ബൂര്‍ എന്നിവരാണ് രക്തസാക്ഷികളായ വിമോചിതരായ തടവുകാര്‍. റഫക്ക് വടക്കുപടിഞ്ഞാറുള്ള അല്‍ശാകൂശ് പ്രദേശത്ത് ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ ഇന്ന് പുലര്‍ച്ചെ മുതല്‍ ഗാസയിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 24 ആയി ഉയര്‍ന്നതായി ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു.
2023 ഒക്ടോബര്‍ ഏഴിന് ഇസ്രായില്‍ ആരംഭിച്ച യുദ്ധത്തിന്റെ ഫലമായി ഗാസയില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം 1,94,000 ലേറെ ആയി ഉയര്‍ന്നിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. 11,000 ലേറെ ആളുകളെ കാണാതായിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ അഭയാര്‍ഥികളായി.
അതേസമയം, 2023 ഒക്ടോബര്‍ ഏഴു മുതല്‍ തുടരുന്ന ഇസ്രായിലി ആക്രമണം വെസ്റ്റ് ബാങ്കിലെയും ഗാസ മുനമ്പിലെയും വിദ്യാഭ്യാസ മേഖലയില്‍ അഭൂതപൂര്‍വമായ നഷ്ടങ്ങള്‍ക്ക് കാരണമായതായും ഇത് 18,000 ലേറെ വിദ്യാര്‍ഥികളുടെ മരണത്തിനും വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളുടെ വ്യാപകമായ നാശത്തിനും കാരണമായതായും ഫലസ്തീന്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ എണ്ണം 18,243 ആയി ഉയര്‍ന്നു. ഇതില്‍ 17,175 വിദ്യാര്‍ഥികളും കൊല്ലപ്പെട്ടത് ഗാസയിലാണ്. 31,643 ലേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. 768 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. 928 അധ്യാപകരും ഓഫീസ് ജീവനക്കാരും കൊല്ലപ്പെട്ടു. 4,452 പേര്‍ക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കില്‍ 199 അധ്യാപകരെ അറസ്റ്റ് ചെയ്തു.
ഗാസയില്‍ 252 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഇതില്‍ 118 സ്‌കൂളുകള്‍ പൂര്‍ണമായും തകര്‍പ്പെട്ടു. 91 സര്‍ക്കാര്‍ സ്‌കൂളുകളും 91 യു.എന്‍ റിലീഫ് ഏജന്‍സി സ്‌കൂളുകളും ബോംബിട്ട് തകര്‍ത്തു. 60 യൂനിവേഴ്‌സിറ്റി സ്ഥാപനങ്ങള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടു. വെസ്റ്റ് ബാങ്കില്‍ 152 സ്‌കൂളുകളും എട്ട് യൂനിവേഴ്‌സിറ്റികളും കോളേജുകളും ആക്രമിച്ച് നശിപ്പിച്ചു. കൂടാതെ ജെനിന്‍, തൂല്‍കറം, സല്‍ഫിറ്റ്, തൂബാസ് എന്നിവിടങ്ങളിലെ സ്‌കൂള്‍ മതിലുകള്‍ നശിപ്പിക്കപ്പെട്ടു. ജെറിക്കോയിലെ ബെദൂയിന്‍ അല്‍കആബിന സ്‌കൂള്‍ ആക്രമിക്കുകയും അതിലെ വസ്തുവകകള്‍ പിടിച്ചെടുക്കുകയും സ്‌കൂള്‍ നിര്‍ബന്ധിച്ച്ഒഴിപ്പിക്കുകയും ചെയ്തു. 25 സ്‌കൂളുകളെയും അവയിലെ മുഴുവന്‍ ജീവനക്കാരെയും വിദ്യാര്‍ഥികളെയും വിദ്യാഭ്യാസ രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്തതായും മന്ത്രാലയം പറഞ്ഞു.