ജറൂസലം – ജറൂസലമിലെയും ഫലസ്തീന്‍ പ്രദേശങ്ങളിലെയും മുഫ്തി ശൈഖ് മുഹമ്മദ് ഹുസൈനെ അല്‍അഖ്സ മസ്ജിദില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ആറു മാസത്തേക്ക് വിലക്കി ഇസ്രായില്‍ പോലീസ് തീരുമാനം പുറപ്പെടുവിച്ചു. ശൈഖ് മുഹമ്മദ് ഹുസൈനെ അല്‍അഖ്സ മസ്ജിദില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ആറ് മാസത്തേക്ക് വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം അറിയിക്കുന്ന നോട്ടീസ് ജറൂസലം ജില്ലാ പോലീസ് കമാന്‍ഡര്‍ തങ്ങള്‍ക്ക് അയച്ചതായും അടുത്ത ജനുവരി വരെയാണ് ശൈഖ് മുഹമ്മദ് ഹുസൈനെ വിലക്കിയിരിക്കുന്നതെന്നും ശൈഖ് മുഹമ്മദ് ഹുസൈന്റെ അഭിഭാഷകന്‍ ഖല്‍ദൂന്‍ നജും പറഞ്ഞു. അല്‍അഖ്‌സ മസ്ജിദില്‍ നടത്തിയ ജുമുഅ ഖുതുബ (ഉദ്‌ബോധന പ്രസംഗം) യുടെ പശ്ചാത്തലത്തിലാണ് വിലക്കേര്‍പ്പെടുത്തിയത്. ഖുതുബയില്‍ നിയമം ലംഘിക്കുന്ന ഒരു പരാമര്‍ശങ്ങളുമുണ്ടായിരുന്നില്ല – ഖല്‍ദൂന്‍ നജും പറഞ്ഞു.
ജൂലൈ 25 ന് ജറൂസലം മുഫ്തി നടത്തിയ ഖുതുബയില്‍ ഗാസയില്‍ ഇസ്രായില്‍ പയറ്റുന്ന പട്ടിണി നയത്തെ അപലപിച്ചിരുന്നെന്ന് ഔദ്യോഗിക ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫാ റിപ്പോര്‍ട്ട് ചെയ്തു. അന്ന് മുഫ്തി മുഹമ്മദ് ഹുസൈനെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് ദിവസത്തിന് ശേഷം അല്‍അഖ്സ മസ്ജിദില്‍ പ്രവേശിക്കുന്നതില്‍ നിന്ന് എട്ട് ദിവസത്തേക്ക് വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഇത് അവസാനിച്ചതോടെയാണ് ആറു മാസത്തേക്ക് പുതിയ വിലക്കേര്‍പ്പെടുത്തിയത്.
ഇസ്രായിലിന്റെ സുരക്ഷക്കുള്ള ഗുരുതരമായ ഭീഷണി തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് ജറൂസലം മുഫ്തിക്ക് വിലക്കേര്‍പ്പെടുത്തുന്നതെന്ന് പോലീസ് ഉത്തരവ് പറയുന്നതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. പതിവ് പോലെ പോലീസ് ശൈഖ് മുഹമ്മദ് ഹുസൈനെ ചോദ്യം ചെയ്യുകയോ വാദം കേള്‍ക്കുകയോ ചെയ്തില്ലെന്ന് ഖല്‍ദൂന്‍ നജും വ്യക്തമാക്കി.
ഇസ്രായില്‍, ഫലസ്തീന്‍ സംഘര്‍ഷത്തിന്റെ കേന്ദ്രബിന്ദുവാണ് അല്‍അഖ്സ മസ്ജിദ്. എ.ഡി 70 ല്‍ റോമക്കാര്‍ നശിപ്പിച്ച അവരുടെ രണ്ടാമത്തെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് അല്‍അഖ്‌സ മസ്ജിദ് നിര്‍മിച്ചതെന്ന് ജൂതന്മാര്‍ വിശ്വസിക്കുന്നു. അവര്‍ ആ സ്ഥലത്തെ ടെമ്പിള്‍ മൗണ്ട് എന്ന് വിളിക്കുകയും അതിനെ അവരുടെ ഏറ്റവും പുണ്യസ്ഥലമായി കണക്കാക്കുകയും ചെയ്യുന്നു.
1967 ല്‍ ഇസ്രായില്‍ കിഴക്കന്‍ ജറൂസലം പിടിച്ചടക്കുകയും അതിനെ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ത്തതായി പ്രഖ്യാപിക്കുകയും ചെയ്തതിന് ശേഷമുള്ള തല്‍സ്ഥിതി പ്രകാരം അമുസ്‌ലിംകള്‍ക്ക് പ്രത്യേക സമയങ്ങളില്‍ അല്‍അഖ്സ മസ്ജിദ് സന്ദര്‍ശിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ അവിടെ പ്രാര്‍ഥന നിര്‍വഹിക്കാന്‍ അനുവാദമില്ല. ഈ നിയമം തീവ്ര ഓര്‍ത്തഡോക്‌സ് ജൂതന്മാര്‍ ലംഘിക്കാന്‍ ശ്രമിക്കുകയാണ്. ഇസ്രായിലിലെ തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ കഴിഞ്ഞ ഞായറാഴ്ച തല്‍സ്ഥിതി ലംഘിച്ച് അല്‍അഖ്‌സ മസ്ജിദ് കോമ്പൗണ്ടില്‍ പ്രാര്‍ഥന നിര്‍വഹിച്ചിരുന്നു. സൗദി അറേബ്യയും ജോര്‍ദാനും അടക്കമുള്ള രാജ്യങ്ങള്‍ ഇതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
2023 ഒക്ടോബര്‍ ഏഴു മുതല്‍ യുദ്ധം തുടരുന്ന ഗാസയില്‍ പട്ടിണിയും പോഷകാഹാരക്കുറവും രൂക്ഷമായിട്ടുണ്ട്. നിര്‍ദ്ദിഷ്ട മേഖലകളില്‍ മാത്രമായി പരിമിതപ്പെടുത്തി ഇസ്രായില്‍ ദിവസേനയുള്ള തന്ത്രപരമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം അന്താരാഷ്ട്ര ദുരിതാശ്വാസ ഏജന്‍സികള്‍ അടുത്തിടെ സഹായ വിതരണം പുനരാരംഭിച്ചു. എന്നാല്‍ ഇത് മാനുഷിക ആവശ്യങ്ങളുടെ സമുദ്രത്തിലെ ഒരു തുള്ളി മാത്രമാണെന്ന് അന്താരാഷ്ട്ര സംഘടനകള്‍ പറയുന്നു.