ജിദ്ദ: ഇറാഖിലെ വാസിത് ഗവർണറേറ്റിന്റെ തലസ്ഥാനമായ കുട്ട് നഗരത്തിലെ കോർണിഷ് ഹൈപ്പർമാർക്കറ്റിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 69 പേർ മരിക്കുകയും 50ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുരന്തത്തിൽ സൗദി അറേബ്യയുടെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഇറാഖ് പ്രസിഡന്റ് ഡോ. അബ്ദുൽ ലത്തീഫ് ജമാൽ റശീദിന് അനുശോചന സന്ദേശം അയച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ഇറാഖ് ജനതയ്ക്കും അഗാധമായ ദുഃഖവും ആത്മാർഥമായ സഹതാപവും അറിയിക്കുന്നതായി സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇറാഖ് പ്രസിഡന്റിന് അനുശോചനം അറിയിച്ചു.
സൗദി വിദേശകാര്യ മന്ത്രാലയവും ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി. ഇറാഖിനും ജനതയ്ക്കും പൂർണ പിന്തുണയും ഐക്യദാർഢ്യവും മന്ത്രാലയം പ്രകടിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്കും ഇറാഖ് ഭരണാധികാരികൾക്കും ജനങ്ങൾക്കും ആത്മാർഥമായ അനുശോചനം അറിയിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഇറാഖ് പ്രധാനമന്ത്രിയും സായുധ സേനാ കമാൻഡർ-ഇൻ-ചീഫുമായ മുഹമ്മദ് ഷിയ അൽ-സൂദാനി, ഷോപ്പിംഗ് മാളുകളിലെ തീപിടിത്തങ്ങൾ അശ്രദ്ധയും മോശം തീരുമാനങ്ങളും മൂലം സർക്കാർ ഏജൻസികളുടെ ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി. കെട്ടിട അനുമതികൾ നൽകുന്നതിന് കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് വകുപ്പുകൾ ഉത്തരവാദിത്തങ്ങൾ പൂർണമായി നിറവേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഭ്യന്തര, ആരോഗ്യ മന്ത്രിമാർ, വാസിത് ഗവർണർ, മന്ത്രാലയങ്ങളിലെ അന്വേഷണ സമിതി അംഗങ്ങൾ, വാസിത് ഗവർണറേറ്റിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ കെട്ടിടങ്ങളും അടിയന്തിരമായി പരിശോധിക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവ അടച്ചുപൂട്ടണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
ബാഗ്ദാദിൽനിന്ന് 170 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കുട്ട് നഗരത്തിലെ കോർണിഷ് ഹൈപ്പർമാർക്കറ്റിൽ ഉണ്ടായ തീപിടിത്തത്തിന്റെ കാരണം ഇനിയും കണ്ടെത്തിയിട്ടില്ല.