ജിദ്ദ: 2025-ന്റെ ആദ്യ പകുതിയിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് സ്വദേശികളും വിദേശികളും ഉൾപ്പെടെ 1,11,034 പേർക്ക് ജവാസാത്ത് ഡയറക്ടറേറ്റിന് കീഴിലുള്ള വിവിധ പ്രവിശ്യകളിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾ ശിക്ഷ വിധിച്ചതായി ജവാസാത്ത് അറിയിച്ചു. ജനുവരി 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ ഇവർക്ക് തടവ്, പിഴ, നാടുകടത്തൽ എന്നിവ ശിക്ഷയായി ലഭിച്ചു.
നിയമലംഘകർക്കും നുഴഞ്ഞുകയറ്റക്കാർക്കും ജോലി, അഭയം, യാത്രാ സൗകര്യങ്ങൾ, മറ്റ് സഹായങ്ങൾ എന്നിവ നൽകരുതെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് സ്വദേശികളോടും വിദേശികളോടും സ്ഥാപന ഉടമകളോടും ആവശ്യപ്പെട്ടു.
ഇഖാമ, തൊഴിൽ നിയമലംഘകർ, നുഴഞ്ഞുകയറ്റക്കാർ എന്നിവരെക്കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റ് പ്രവിശ്യകളിൽ 999 എന്ന നമ്പറിലും റിപ്പോർട്ട് ചെയ്യാൻ അഭ്യർത്ഥിച്ചു. പരാതികൾ പൂർണമായും രഹസ്യമായി കൈകാര്യം ചെയ്യുമെന്നും വിവരം നൽകുന്നവർക്ക് ഒരു ഉത്തരവാദിത്തവും വഹിക്കേണ്ടതില്ലെന്നും ജവാസാത്ത് വ്യക്തമാക്കി.