റിയാദ് – വിശുദ്ധ ഹറമിൽ ഡ്യൂട്ടിക്കിടെ ഉംറ തീർഥാടകനെ രക്ഷിച്ച സുരക്ഷാ സൈനികന് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരന്റെ ആദരം. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത സുരക്ഷാ സൈനികൻ റയാൻ ആലുഅഹ്‌മദ് അസീരിയെ തന്റെ ഓഫീസിൽ സ്വീകരിച്ചാണ് മന്ത്രി ആദരിച്ചത്. വീൽചെയറിൽ ഇരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ മന്ത്രി സ്വീകരിക്കുന്നതിന്റെ ഫോട്ടോകൾ പുറത്തുവന്നു. റയാൻ ആലുഅഹ്‌മദ് അസീരിയുടെ സമർപ്പണത്തെയും പ്രതിബദ്ധതയെയും ആഭ്യന്തര മന്ത്രി പ്രശംസിച്ചു.
ജീവനൊടുക്കാൻ ശ്രമിച്ച് വിശുദ്ധ ഹറമിന്റെ മുകൾ നിലയിൽ നിന്ന് മതാഫിലേക്ക് ചാടിയ തീർഥാടകനെ സുരക്ഷാ സൈനികൻ ഞൊടിയിടയിൽ ഇടപെട്ട് രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മാനസിക രോഗിയായ സൗദി യുവാവാണ് ഹറമിൽ ആത്മഹത്യാശ്രമം നടത്തിയത്. യുവാവ് താഴേക്ക് ചാടുന്നത് കണ്ട് സുരക്ഷാ സൈനികൻ ഓടിയെത്തി തന്റെ ശരീരം മറയാക്കി തീർഥാടകനെ രക്ഷിക്കുകയായിരുന്നു. ഇതിനിടെ സുരക്ഷാ സൈനികനും തീർഥാടകനും പരിക്കേൽക്കുകയും ഇരുവരെയും ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.



