ജിദ്ദ – ഈ വര്‍ഷം രണ്ടാം പാദത്തില്‍ വാണിജ്യ വഞ്ചനയും ബിനാമി ബിസിനസ് പ്രവണതയും തടയാനും നിയമ ലംഘനങ്ങള്‍ കണ്ടെത്തി നടപടികളെടുക്കാനും ശ്രമിച്ച് സൗദിയിലെ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന 1,79,000 ലേറെ വ്യാപാര സ്ഥാപനങ്ങളില്‍ വാണിജ്യ മന്ത്രാലയം പരിശോധനകള്‍ നടത്തി.
ബിനാമി ബിസിനസ് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്ക് മൂന്നു മാസത്തിനിടെ 21.8 ലക്ഷത്തിലേറെ റിയാല്‍ പിഴ ചുമത്തി. ബിനാമി ബിസിനസ് സംശയിച്ച് 8,007 സ്ഥാപനങ്ങളിലാണ് മൂന്നു മാസത്തിനിടെ പരിശോധനകള്‍ നടത്തിയത്. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 6,573 സ്ഥാപനങ്ങളിലും 1,434 കമ്പനികളിലും പരിശോധനകള്‍ നടത്തി. ഇതിനിടെ ബിനാമി സ്ഥാപനങ്ങളാണെന്ന് സംശയിക്കുന്ന 230 സ്ഥാപനങ്ങള്‍ കണ്ടെത്തി.
വിപണി നിയമങ്ങള്‍ ലംഘിച്ച 19 സ്ഥാപനങ്ങള്‍ക്കെതിരെയും നടപടികള്‍ സ്വീകരിച്ചു. പരിശോധനകള്‍ക്കിടെ ഇഖാമ, തൊഴില്‍ നിയമ ലംഘനങ്ങളും ഇ-പെയ്‌മെന്റ് സംവിധാനങ്ങള്‍ ഇല്ലാത്തതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളും കണ്ടെത്തി. ബിനാമി സ്ഥാപനങ്ങളാണെന്ന് സംശയിക്കുന്ന 1,704 സ്ഥാപനങ്ങള്‍ക്കെതിരെ മൂന്നു മാസത്തിനിടെ മന്ത്രാലയത്തിന് പരാതികള്‍ ലഭിച്ചു. ഇതില്‍ 147 സ്ഥാപനങ്ങള്‍ക്കെതിരായ കേസുകള്‍ ബിനാമി വിരുദ്ധ നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്ന പ്രത്യേക കമ്മിറ്റിക്ക് കൈമാറി. 13 കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും വാണിജ്യ മന്ത്രാലയം അറിയിച്ചു.
വാണിജ്യ വഞ്ചന തടാനുള്ള ശ്രമങ്ങളുടെ ഭാഗമായി 1,71,000 ലേറെ സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി. 18 ലക്ഷം പേക്കറ്റ് വ്യാജ ഉല്‍പന്നങ്ങളും കാലാവധി തീര്‍ന്ന ഉല്‍പന്നങ്ങളും പരിശോധനകള്‍ക്കിടെ പിടികൂടി. വാണിജ്യ വഞ്ചനയുമായി ബന്ധപ്പെട്ട 12 കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഇക്കാലയളവില്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ 7,000 ലേറെ ഇലക്‌ട്രോണിക് പരിശോധനകള്‍ നടത്തി. മൂന്നു മാസത്തിനിടെ 6,406 പുതിയ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ ബിസിനസ് പ്ലാറ്റ്‌ഫോം വഴി രജിസ്റ്റര്‍ ചെയ്തു. മൂന്നു മാസത്തിനിടെ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ ലഭിച്ച 1,66,000 ലേറെ പരാതികള്‍ മന്ത്രാലയം പരിഹരിച്ചു. പരാതികള്‍ക്കെല്ലാം ഒരു ദിവസത്തിനകം പരിഹാരം കണ്ടു. വാണിജ്യ മന്ത്രാലയത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യങ്ങളെ കുറിച്ച് 17,000 ലേറെ പരാതികളും മൂന്നു മാസത്തിനിടെ ലഭിച്ചു.
രണ്ടാം പാദത്തില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ക്കെതിരെ ആയിരുന്നു. രണ്ടാം സ്ഥാനത്ത് സ്ഥാപനങ്ങളും ഉപയോക്താക്കളും തമ്മിലുണ്ടാക്കിയ കരാറിലെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട ഭിന്നതകളെ കുറിച്ച പരാതികളും മൂന്നാം സ്ഥാനത്ത് ഉല്‍പന്നങ്ങള്‍ മാറ്റിനല്‍കലും തിരിച്ചെടുക്കലുമായും ബന്ധപ്പെട്ട നയങ്ങള്‍ പാലിക്കാത്തതിനെ കുറിച്ച പരാതികളുമായിരുന്നു.