ജിദ്ദ: കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ ദിവസങ്ങളില്‍ സൗദിയില്‍ ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന വൈറസുകളുടെ, പ്രത്യേകിച്ച് പകര്‍ച്ചപ്പനി (ഇന്‍ഫ്ളുവന്‍സ) വൈറസ് വ്യാപനം കൂടുതലാണെന്ന് ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി എക്സ് പ്ലാറ്റ്‌ഫോമിലൂടെ വെളിപ്പെടുത്തി.
ഈ വര്‍ഷം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നതിന്റെയും ഗുരുതരമായ കേസുകളുടെയും, മരണങ്ങളുടെയും നിരക്ക് ശ്രദ്ധേയമായ നിലക്ക് കുറവാണ്. പ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിക്കാന്‍ ആളുകള്‍ വളരെ നേരത്തെ തന്നെ മുന്നോട്ടുവന്നതും ഉയര്‍ന്ന രോഗബാധാ സാധ്യതയുള്ള ഗ്രൂപ്പുകളില്‍ പെട്ടവര്‍ക്കിടയിലെ മികച്ച വാക്സിന്‍ കവറേജുമാണ് ഈ നേട്ടത്തിന് കാരണം.
ഈ വൈറസുകളില്‍ നിന്ന് സംരക്ഷണം നേടാനുള്ള അവസരം ഇപ്പോഴും ഉണ്ട്. അപ്പോയിന്റ്മെന്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വാക്സിനുകള്‍ ലഭ്യമാണ്. പ്രതിരോധ വാക്സിനേഷനുകള്‍ വഴി പകര്‍ച്ചവ്യാധികളില്‍ നിന്ന് മാതാപിതാക്കളെ സംരക്ഷിക്കുന്നതിലൂടെ അവര്‍ക്ക് പുണ്യം ചെയ്യല്‍ പൂര്‍ണമാകുന്നു എന്ന പ്രധാന അവബോധ സന്ദേശത്തോടെയാണ് തന്റെ എക്സ് പോസ്റ്റ് ഡോ. അബ്ദുല്ല അസീരി അവസാനിപ്പിച്ചത്.