ജിദ്ദ – ജൂണ്‍ മാസത്തില്‍ സൗദിയില്‍ പണപ്പെരുപ്പം 2.3 ശതമാനമായി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. മെയ് മാസത്തില്‍ 2.2 ശതമാനമായിരുന്നു പണപ്പെരുപ്പം.
ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് മേയില്‍ പണപ്പെരുപ്പം 0.1 ശതമാനം തോതില്‍ കുറഞ്ഞിരുന്നു. ഏപ്രില്‍ 2.3 ശതമാനമായിരുന്നു പണപ്പെരുപ്പം. പാര്‍പ്പിട വാടക, വൈദ്യുതി, ജല, ഭക്ഷ്യവസ്തു, ഇന്ധന വിലയിലെ വര്‍ധനയുടെ വേഗത മന്ദഗതിയിലായെങ്കിലും ഗതാഗത, വ്യക്തിഗത ചരക്ക്-സേവന, ഫര്‍ണിച്ചര്‍ വിഭാഗങ്ങളില്‍ വില ഉയര്‍ന്നതാണ് പണപ്പെരുപ്പം വര്‍ധിക്കാന്‍ ഇടയാക്കിയത്.
സൗദിയില്‍ ജൂണില്‍ അരിയുടെയും മൈദയുടെയും വില കുറഞ്ഞു. കറുത്ത മൈദയുടെ വില 1.3 ശതമാനം തോതിലും വെളുത്ത മൈദയുടെ വില 1.9 ശതമാനം തോതിലുമാണ് കുറഞ്ഞത്. കുറത്ത മൈദയുടെ വില ഒരു കിലോക്ക് 3.1 റിയാലായും വെളുത്ത മൈദ രണ്ടു കിലോ പേക്കറ്റിന് 4.8 റിയാലുമായാണ് കുറഞ്ഞത്.
ബസുമതി അരിയുടെ വില 1.4 ശതമാനം തോതില്‍ കുറഞ്ഞു. പത്തു കിലോ തൂക്കമുള്ള ബസുമതി അരി ചാക്കിന്റെ വില 95 റിയാലായാണ് കുറഞ്ഞത്. ഇന്ത്യന്‍ അരിയുടെ വിലയും 1.4 ശതമാനം തോതില്‍ കുറഞ്ഞു. പത്തു കിലോ ഇന്ത്യന്‍ അരിയുടെ വില 81.2 റിയാലായാണ് കുറഞ്ഞത്.