ജിദ്ദ- കൃത്യം 43 വർഷം മുമ്പ് ഇന്ത്യൻ ദേശീയ ഗാനം സൗദി മണലാരണ്യത്തിലൂടെ അതീവ തികവോടെയും അതിലേറെ മാധുര്യത്തോടെയും ഒരിക്കൽ കൂടി ഒഴുകി. ഇന്ത്യയുടെ ഏറ്റവും കരുത്തയായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സന്ദർശനം നടക്കുകയാണ്. 1982 ഏപ്രിൽ 21ന്. ഇന്ദിരാഗന്ധിയെ കാത്ത് ജിദ്ദ വിമാനതാവളത്തിൽ അന്നത്തെ സൗദി കിരീടാവകാശി ഫഹദ് രാജകുമാരനും ഉന്നത സംഘവും. സ്വർണ്ണനൂലു കൊണ്ട് തുന്നിയ, സൗദിയുടെ ദേശീയ വസ്ത്രവും അണിഞ്ഞ് ഫഹദ് രാജകുമാരനും സംഘവും ഇന്ദിരാഗാന്ധിക്ക് വേണ്ടി കാത്തിരുന്നു. എയർ ഇന്ത്യയുടെ ജംബോ വിമാനമിറങ്ങിയ ഇന്ദിര നിലത്തുവിരിച്ച ചുവപ്പു പരവതാനിയിലൂടെ നടന്നെത്തി.
വിദേശ സന്ദർശനങ്ങളിൽ സാധാരണ ധരിക്കാറുള്ള ആഡംബര വസ്ത്രങ്ങൾ ഇന്ദിര ഒഴിവാക്കിയിരുന്നു. പകരം പൊട്ടുകളുള്ള പച്ച കോട്ടൺ സാരിയും നീളൻ കൈയുള്ള ബ്ലൗസുമായിരുന്നു വേഷം. തല മറച്ചിരുന്നു. നമസ്തേ എന്ന അഭിവാദ്യത്തോടെ ഇന്ദിരാഗാന്ധി സൗദി ഭരണാധികാരികൾക്ക് മുന്നിലെത്തി. നിങ്ങളെ കാണാൻ സൗദി അറേബ്യ ഒന്നടങ്കം ഇവിടെയുണ്ട് എന്നായിരുന്നു കിരീടാവകാശിയുടെ ആദ്യത്തെ വാചകം.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി സൗദിയിൽ എത്തുമ്പോൾ നാൽപ്പതു വർഷം മുമ്പ് ഇന്ദിരാഗാന്ധി നടത്തിയ സന്ദർശത്തിന്റെ ഓർമ്മകൾ അലയടിക്കുന്നു.

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു 1956 സെപ്തംബർ 24 മുതൽ 28 വരെ സൗദി സന്ദർശിച്ചിരുന്നു. നെഹ്റു സൗദിയിലേക്ക് വരുന്നതിന്റെ തലേവർഷമാണ് സൗദി ഭരണാധികാരി സൗദ് ബിൻ അബ്ദുൽ അസീസ് രാജാവ് ഇന്ത്യ സന്ദർശിച്ചത്.
1955- നവംബർ 26നും ഡിസംബർ 13നും ഇടയിൽ പതിനേഴ് ദിവസമാണ് സൗദ് രാജാവ് ഇന്ത്യയിലുണ്ടായിരുന്നത്. ന്യൂദൽഹി, മുംബൈ, ഖഡക്വാസ്ല, ബെംഗളൂരു, മൈസൂരു, ഹൈദരാബാദ്, ആഗ്ര, അലിഗഡ്, വാരണാസി എന്നിവിടങ്ങൾ സൗദ് രാജാവ് സന്ദർശിച്ചു.

നെഹ്റു ഇന്ത്യ സന്ദർശിച്ച് കാൽനൂറ്റാണ്ടിന് ശേഷം ഇന്ദിരാഗാന്ധി ജിദ്ദയിൽ എത്തി. ഖാലിദ് രാജാവിന് ഏറ്റവും പ്രിയമുള്ള ബുള്ളറ്റ്-പ്രൂഫ് സ്റ്റട്സ് കാറിലായിരുന്നു ഇന്ദിരാഗാന്ധിയെ വിമാനത്താവളത്തിൽ നിന്ന് കൊട്ടാരത്തിലേക്ക് ആനയിച്ചത്. ഒരു വിദേശരാജ്യത്തെ തലവന് വേണ്ടി അക്കാലം വരെ സൗദി ഒരുക്കിയ ഏറ്റവും വലിയ സുരക്ഷാ സന്നാഹമായിരുന്നു അത്. മെഷീൻ ഗണ്ണുകളുമായി സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്താവളത്തിന്റെ മേൽക്കൂരകളിലും സ്വീകരണ മേഖലയിലും വലയം തീർത്തു.

പ്രധാനമന്ത്രിയോടൊപ്പമുള്ള ഔദ്യോഗിക സംഘത്തിന്, അറബ്, ഫ്രഞ്ച്, കോണ്ടിനെന്റൽ വിഭവങ്ങൾ ഒരുക്കി. ഖാലിദ് രാജാവിന്റെ ഭാര്യ ആതിഥ്യം വഹിച്ച സ്ത്രീകൾ മാത്രം ഉള്ള അത്താഴ വിരുന്നിൽ ഇന്ദിരാഗാന്ധി പങ്കെടുത്തു. സാരിയും നീളൻ കൈയുള്ള ബ്ലൗസും ധരിച്ചാണ് ഇന്ദിര ഗാന്ധി ഇവിടെയും എത്തിയത്. സൗദി അറേബ്യക്കായി ഇന്ദിരാഗാന്ധി സമ്മാനിച്ചത് ഒരു ആനക്കുട്ടിയെ ആയിരുന്നു. ആ ആന ഏറെക്കാലം ജിദ്ദയിലെ മൃഗശാലയിലുണ്ടായിരുന്നു. ഇന്ദിരാഗാന്ധി മറ്റു ചില രാജ്യങ്ങൾക്കും ആന സമ്മാനമായി നൽകിയിരുന്നു. രാഷ്ട്രമൈത്രി എന്ന നിലയിലായിരുന്നു ഈ സമ്മാനങ്ങളെല്ലാം. 1982-ൽ ഹവായിലെ ഹൊണലുലു സൂക്കായ്ക്ക് ഇന്ത്യയിൽ നിന്നെടുത്ത് വളർത്തിയ വനിതാ ഏഷ്യൻ ആനയായ മാരിയെ സമ്മാനമായി നൽകി. ഇന്ത്യയ്ക്ക് നയതന്ത്ര ഇടപാട് എന്ന നിലയിൽ ആനകളെ സമ്മാനിക്കുന്ന ചരിത്രമുണ്ട്. 1955-ൽ നെഹ്റു കാനഡയിലെ ഗ്രാൻബി മൃഗശാലയ്ക്ക് അംബിക എന്ന പേരുള്ള ആനക്കുട്ടിയെ സമ്മാനിച്ചിരുന്നു.

ഇന്ത്യക്ക് അതിഗംഭീരമായ നേട്ടങ്ങളാണ് ഇന്ദിരാഗാന്ധിയുടെ നാലു ദിവസത്തെ സന്ദർശന ഫലമായി ലഭിച്ചത്. ഇന്ത്യയുടെ സാമ്പത്തിക-രാഷ്ട്രീയ ഘടനയെ മാറ്റിമറിക്കാൻ സന്ദർശനം സഹായിച്ചു. ഇന്ത്യയിൽ മുസ്ലീം ന്യൂനപക്ഷങ്ങൾ വിവേചനം നേരിടുന്നുവെന്ന തെറ്റിദ്ധാരണ സൗദി മനസ്സിൽ നിന്ന് മായ്ക്കാൻ ഇത് സഹായിച്ചു. ഇന്ദിരാ ഗാന്ധിയുടെ സംഘത്തിൽ രണ്ട് മുസ്ലീം മന്ത്രിമാരും നാല് മുസ്ലീം സെക്രട്ടറിമാരും ഉണ്ടായിരുന്നു.
പാകിസ്ഥാന് ആയുധങ്ങൾ വാങ്ങാനുള്ള സൗദി സഹായം ആർമേഡ് പേഴ്സണൽ കാരിയറുകൾ, ട്രക്കുകൾ, ചെറിയ ആയുധങ്ങൾ എന്നിവയിലേക്ക് പരിമിതപ്പെടുത്തി. അമേരിക്കൻ ബാങ്കുകളിലെ സൗദി പെട്രോഡോളറുകൾ ഇന്ത്യൻ വൈദഗ്ധ്യവുമായി ചേർന്ന് സൗദിയിൽ സംയുക്ത സംരംഭങ്ങൾക്കായി വിനിയോഗിക്കുമെന്നും, ഉയർന്ന പലിശ നിരക്കുകളും അനുകൂല നിബന്ധനകളും ലഭിച്ചാൽ ഇന്ത്യയിൽ ഉദാരമായ നിക്ഷേപം നടത്തുമെന്നും വാക്കാലുള്ള ധാരണ.
ഇന്ത്യയുടെ വലിയ എണ്ണ ഇറക്കുമതിയും കുറഞ്ഞ പ്രതിശീർഷ എണ്ണ ഉപഭോഗവും പരിഗണിച്ച്, ഇന്ത്യയുടെ സഹായ ലഭ്യതാ പദവി ഒപെക് പുനർവിചിന്തനം ചെയ്യാൻ സൗദി അറേബ്യ ഒപെക്കിനെ പ്രേരിപ്പിക്കുമെന്ന ധാരണ. ഇന്ത്യയിലേക്കുള്ള അസംഘടിത എണ്ണ വിതരണ സമ്പ്രദായം മാറ്റി, ദീർഘകാല, നിയമാനുസൃത വിതരണം ഉറപ്പാക്കാൻ സൗദി ആദ്യമായി സമ്മതിച്ചു തുടങ്ങി നിരവധി നേട്ടങ്ങളാണ് ഇന്ത്യക്ക് ഇന്ദിരാഗാന്ധിയുടെ സന്ദർശനത്തോടെ ലഭ്യമായത്.