റിയാദ്- കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യ സാമ്പത്തിക രംഗത്ത് വന്‍ നേട്ടം കൈവരിച്ചെന്നും ലോക രാജ്യങ്ങള്‍ ഇന്ത്യയുടെ ഈ കുതിപ്പ് അത്ഭുതത്തോടെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ വ്യവസായ വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടു. റിയാദില്‍ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ഇന്ത്യന്‍ എംബസിയില്‍ പ്രവാസി പരിചയ് ആഘോഷ പരിപാടിയുടെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി കാരണം ഒരു ദിവസം വൈകിയാണ് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റിനെത്തിയത്. എന്നാല്‍ ഇന്ത്യന്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ വിവിധ രാജ്യങ്ങളിലെ മന്ത്രിമാര്‍ ഊഴം കാത്തിരിക്കുകയായിരുന്നു.
അവര്‍ സമയക്രമത്തില്‍ മാറ്റം വരുത്തി കൂടിക്കാഴ്ച തയ്യാറായി. അതിന്റെ കാരണക്കാര്‍ 140 കോടി ഇന്ത്യക്കാരാണ്. വളര്‍ച്ചയുടെ എഞ്ചിനായാണ് ലോകം ഇന്ത്യയെ വീക്ഷിക്കുന്നത്. ഇന്ത്യയുമായി ഡീലുകള്‍ നടത്താനും നിക്ഷേപമിറക്കാനും കൂടുതല്‍ രാജ്യങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചുവരുന്നു.
ലോകത്തെ മികച്ച അഞ്ച് സാമ്പത്തിക ശക്തികളില്‍ ഒന്നായി ഇന്ത്യ വളര്‍ന്നിരിക്കുകയാണ്. 2014ല്‍ ഇന്ത്യയില്‍ ഫോറീന്‍ എക്‌സ്‌ചേഞ്ച് പ്രതിസന്ധിയുണ്ടായിരുന്നു. ഇന്ന് ലാകത്ത് ഏറ്റവുമധികം വിദേശനാണ്യശേഖരമുള്ള രാജ്യമായി മാറിയ ഇന്ത്യ 700 മില്യന്‍ ഡോളര്‍ വിദേശനാണ്യ വിനിമയമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പത്ത് വര്‍ഷം കൊണ്ട് നാം വളരെയധികം മാറി. ഇന്ന് എല്ലാവരും ഇന്ത്യയിലേക്ക് നോക്കുകയാണ്. സാമ്പത്തിക മേഖലയില്‍ കുതിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ രാജ്യം 2027 ഓടെ ലോകത്തെ മൂന്നാം സാമ്പത്തിക ശക്തിയായി മാറും.
ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച പ്രവാസി പരിചയ് ഇന്ത്യന്‍ പ്രവാസികള്‍ക്കിടയിലെ ഐക്യത്തിന് വലിയ സംഭാവന നല്‍കും. പ്രവാസികളായ ഇന്ത്യക്കാര്‍ ഇന്ത്യയുടെ അംബാസഡര്‍മാരാണ്. നിങ്ങളില്‍ നിന്നാണ് ഇവിടെയുള്ളവര്‍ ഇന്ത്യയെ മനസ്സിലാക്കുന്നത്. നേരത്തെ ഇവിടെയെത്തിയപ്പോഴും ഇപ്പോഴും സൗദി മന്ത്രിമാര്‍ ഇന്ത്യക്കാരായ പ്രവാസികളെ പുകഴ്ത്തുന്നത് കാണാനുള്ള അവസരം ലഭിച്ചു. ഈ രാജ്യത്തിന്റെ നിയമവ്യവസ്ഥകള്‍ അംഗീകരിച്ച് പ്രശ്‌നങ്ങളുണ്ടാക്കാതെ നിങ്ങള്‍ ഇവിടെ ജീവിക്കണം. ലോകത്തെ മുപ്പത് മില്യന്‍ ഇന്ത്യന്‍ പ്രവാസികളില്‍ പത്ത് ശതമാനം സൗദിയിലാണുളളത്. അന്യരാജ്യക്കാരായ സുഹൃത്തുക്കളെ ടൂറിസ്റ്റുകളായി ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കണം. അദ്ദേഹം പറഞ്ഞു. അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.