റിയാദ്– ഇന്ത്യൻ ടൂറിസം മന്ത്രാലയത്തിന്റെ സഹകരണത്തോടെ റിയാദ് ഇന്ത്യൻ എംബസി ഇന്ത്യൻ ടൂറിസം പ്രമോഷൻ ഇവന്റ് സംഘടിപ്പിച്ചു. സൗദിയിലെ വിവിധ ട്രാവൽ ഏജന്റുമാരും ടൂർ ഓപറേറ്റർമാരും സംബന്ധിച്ച ചടങ്ങിൽ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ അധ്യക്ഷത വഹിച്ചു. റിയാദ് എയർ, ഇൻഡിഗോ, എയർ ഇന്ത്യ പ്രതിനിധികളും ചടങ്ങിനെത്തി.
ഇന്ത്യയിലെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തിയ അംബാസഡർ സൗദി പൗരന്മാർക്ക് ഏറ്റവും നല്ല ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് ഇന്ത്യയെന്ന് പറഞ്ഞു. ഇന്ത്യയും സൗദിയും തമ്മിൽ വർഷങ്ങളായുള്ള സാംസ്‌കാരിക, വ്യാപാര ബന്ധമുണ്ട്. ഇരു രാജ്യങ്ങൾക്കുമിടയിൽ വിനോദ സഞ്ചാരത്തിന്റെ വളർച്ച വിപുലമായ സമയമാണിത്. ഇത് ഉഭയകക്ഷി ബന്ധങ്ങളിലെ ശക്തമായ ചലനാത്മകതക്ക് ഊന്നൽ നൽകുന്നു. ഇന്ത്യയിലെ വശ്യമായ ചരിത്ര പ്രധാന സ്ഥലങ്ങളും വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളും ടൂറിസ്റ്റുകൾക്ക് ഇഷ്ട കേന്ദ്രങ്ങളാണ്.
44 യുനെസ്‌കോ വേൾഡ് ഹെറിറ്റേജുകൾ ഇന്ത്യയിലുണ്ട്. സൗദി പൗരന്മാർക്ക് ഇന്ത്യയിലേക്ക് ഇ-വിസ 2023 മുതൽ ലഭ്യമാണ്. അംബാസഡർ പറഞ്ഞു. രാജസ്ഥാനിലെയും മഹാരാഷ്ട്രയിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് ഇന്ത്യയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളെ പരിപാടിയിൽ പ്രദർശിപ്പിച്ചു. പ്രമുഖ സെലിബ്രിറ്റി ഷെഫ് ആയ സഞജയ് ഠാക്കൂർ ഇന്ത്യൻ രുചിവൈവിധ്യങ്ങളെ പരിചയപ്പെടുത്തി. ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസ നടപടിക്രമങ്ങൾ എംബസി ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഇന്ത്യൻ സ്‌കൂളിലെ വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.



