റിയാദ്- ഇന്ത്യയില്‍ നിന്നെത്തിയ ആദ്യഹജ് സംഘത്തിന് മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ സൗദി മന്ത്രിമാരുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം.
സൗദി ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി എഞ്ചിനീയര്‍ സാലിഹ് ബിന്‍ നാസര്‍ അല്‍ജാസര്‍, ഡെപ്യൂട്ടി ഹജ് മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് ബിന്‍ സുലൈമാന്‍ അല്‍മുശാത്ത്, ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഉപഹാരങ്ങള്‍ നല്‍കി ഇന്ത്യന്‍ ഹാജിമാരെ സ്വീകരിച്ചത്. ആദ്യവിമാനത്തില്‍ 283 ഹാജിമാരാണ് ഉണ്ടായിരുന്നത്.
ഹാജിമാര്‍ സൗദിയിലെത്തിയത് മുതല്‍ മടങ്ങുന്നത് വരെ മികച്ച സേവനങ്ങള്‍ നല്‍കാനാണ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നിര്‍ദേശിച്ചിരിക്കുന്നതെന്ന് ഗതാഗതമന്ത്രി സാലിഹ് അല്‍ജാസിര്‍ പറഞ്ഞു.
ആറു വിമാനത്താവളങ്ങളിലായി 7700 വിമാനങ്ങളാണ് ഹാജിമാര്‍ക്കായി സേവനം നടത്തുന്നത്. കൂടാതെ 27000 ബസുകളുമുണ്ട്. പുണ്യഭൂമികളെ ബന്ധിപ്പിച്ച് ഹറമൈന്‍ അതിവേഗ ട്രെയിന്‍ 5000 സര്‍വീസുകള്‍ നടത്തും. മന്ത്രി പറഞ്ഞു.