മക്ക: ഹജ് പെര്‍മിറ്റില്ലാത്ത 22 വിസിറ്റ് വിസക്കാരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരനെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. മിനി ബസിലാണ് നിയമ ലംഘകരെ ഇന്ത്യക്കാരന്‍ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ചത്. മാര്‍ഗമധ്യേ സംശയം തോന്നി ഹജ് സുരക്ഷാ സേന ബസ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ 23 പേരെയും പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
അതിനിടെ, ഹജ് തസ്‌രിഹ് ഇല്ലാത്ത 35 വിദേശികളെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച് പിടിയിലായ 12 പേരെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സീസണല്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ ശിക്ഷിച്ചതായി മന്ത്രാലയം അറിയിച്ചു. ഏഴു സൗദി പൗരന്മാരെയും അഞ്ചു വിദേശികളെയുമാണ് ശിക്ഷിച്ചത്. ഇവര്‍ക്ക് തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയുമാണ് സീസണല്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ വിധിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം വിദേശികളെ നാടുകടത്താനും പുതിയ വിസയില്‍ വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് പത്തു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്താനും വിധിയുണ്ട്. ഹജ് തസ്‌രീഹ് ഇല്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ഉപയോഗിച്ച വാഹനങ്ങള്‍ നിയമ നടപടികളിലൂടെ കണ്ടുകെട്ടാനും തീരുമാനമുണ്ട്.
ഹജ് പെര്‍മിറ്റില്ലാതെ ഹജ് നിര്‍വഹിക്കാന്‍ ശ്രമിച്ച് മക്കയിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായവര്‍ക്ക് 20,000 റിയാല്‍ വരെ തോതില്‍ പിഴ ചുമത്തി. ഹജ് തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായി ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്നതിന് ഹജുമായി ബന്ധപ്പെട്ട നിയമ, നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സൗദി പൗരന്മാരോടും വിദേശികളോടും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
ഹജുമായി ബന്ധപ്പെട്ട നിയമ, നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെയും വ്യാജ ഹജ് സര്‍വീസ് സ്ഥാപനങ്ങളെയും കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് എല്ലാവരും റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.
ക്യാപ്.
ഹജ് തസ്‌രീഹ് ഇല്ലാതെ മിനി ബസില്‍ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച് പിടിയിലായ വിസിറ്റ് വിസക്കാരും ഇവരെ കടത്താന്‍ ശ്രമിച്ച ബസ് ഡ്രൈവറായ ഇന്ത്യക്കാരനും.