ജിദ്ദ – കഴിഞ്ഞ കൊല്ലം നവംബർ മാസത്തെ അപേക്ഷിച്ച് ഈ വർഷം ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 8.6 ശതമാനം വളർച്ച രേഖപ്പെടുത്തി. യാത്രക്കാരുടെ എണ്ണം 48 ലക്ഷം കവിഞ്ഞു. വിമാന സർവീസുകളുടെ എണ്ണം 10.6 ശതമാനം തോതിൽ വർധിച്ച് 25,900 ആയി. നവംബർ 20 ന് വിമാനത്താവളം ഏറ്റവും കൂടുതൽ യാത്രക്കാരെ സ്വീകരിച്ചു. അന്ന് 1,76,800 ലേറെ യാത്രക്കാർ ജിദ്ദ എയർപോർട്ട് ഉപയോഗപ്പെടുത്തി.
2024 നവംബറിൽ ഏറ്റവും കൂടുതൽ യാത്രക്കാരെ സ്വീകരിച്ച ദിവസത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസം 20 ന് യാത്രക്കാരുടെ എണ്ണം 9.6 ശതമാനം തോതിൽ വർധിച്ചു. കഴിഞ്ഞ മാസം ജിദ്ദ എയർപോർട്ടിൽ കൈകാര്യം ചെയ്ത ബാഗേജുകളുടെ എണ്ണം 56 ലക്ഷമായി ഉയർന്നു. കഴിഞ്ഞ കൊല്ലം നവംബർ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസം ബാഗേജുകളുടെ എണ്ണം 25.4 ശതമാനം തോതിൽ വർധിച്ചു.
ഈ വർഷം ജനുവരി ഒന്നു മുതൽ നവംബർ 30 വരെ ജിദ്ദ വിമാനത്താവളത്തിലെ ആകെ യാത്രക്കാരുടെ എണ്ണം 4.8 കോടിയിലെത്തി. 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം യാത്രക്കാരുടെ എണ്ണം 8.9 ശതമാനം തോതിൽ വർധിച്ചു. വിമാന സർവീസുകളുടെ എണ്ണം 2,73,700 ആയി ഉയർന്നു. വിമാന സർവീസുകളിൽ 8.2 വളർച്ച രേഖപ്പെടുത്തി.
മേഖലയിലെ മുൻനിര വ്യോമയാന കേന്ദ്രങ്ങളിലൊന്നായ ജിദ്ദ വിമാനത്താവളത്തിലെ സേവനങ്ങളുടെ തുടർച്ചയായ വികാസത്തെ ഈ കണക്കുകൾ പ്രകടമാക്കുന്നു. സുഗമവും സുഖകരവുമായ യാത്രാനുഭവം നൽകാനും യാത്രക്കാരുടെ ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റാനും കൂടുതൽ യാത്രാ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യാനും ടൂറിസത്തെയും വ്യാപാരത്തെയും പിന്തുണക്കാനും ജിദ്ദ എയർപോർട്ട് നടത്തുന്ന ശ്രമങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നു.



