മക്ക – അല്ലാഹുവിന്റെ അതിഥികളായ ഹജ് തീര്‍ഥാടകര്‍ക്ക് ആരോഗ്യ പരിചരണങ്ങളും ചികിത്സകളും നല്‍കാന്‍ മക്കയിലും പുണ്യസ്ഥലങ്ങളിലും 18 ആശുപത്രികളും 126 ഹെല്‍ത്ത് സെന്ററുകളും പൂര്‍ണ സജ്ജമായതായി മക്ക ഹെല്‍ത്ത് ക്ലസ്റ്റര്‍ അറിയിച്ചു. ഉന്നത നിലവാരമുള്ള സംയോജിത മെഡിക്കല്‍ സേവനങ്ങള്‍ നല്‍കാന്‍ ഈ ആശുപത്രികളും ഹെല്‍ത്ത് സെന്ററുകളും പ്രവര്‍ത്തിപ്പിക്കാനുള്ള പദ്ധതികള്‍ ഹെല്‍ത്ത് ക്ലസ്റ്റര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഹാജിമാര്‍ക്കും വിശുദ്ധ ഹറമിലെത്തുന്നവര്‍ക്കും ആരോഗ്യ പരിചരണങ്ങള്‍ നല്‍കാന്‍ അജ്‌യാദ് എമര്‍ജന്‍സി ആശുപത്രി ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്നു. വിശുദ്ധ ഹറമിനകത്ത് മൂന്നു എമര്‍ജന്‍സി സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തിര കേസുകള്‍ കൈകാര്യം ചെയ്യാന്‍ അത്യാധുനിക ഉപകരണങ്ങളാല്‍ ഇവയെല്ലാം സജ്ജീകരിച്ചിരിക്കുന്നു. ഹറമിന്റെ വടക്കു മുറ്റത്ത് ഹറം സീസണല്‍ ആശുപത്രിയും പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മക്ക ഹെല്‍ത്ത് ക്ലസ്റ്ററിനു കീഴിലെ ആശുപത്രികളില്‍ 3,944 ബെഡുകളുണ്ട്. ഇതില്‍ 654 എണ്ണം തീവ്രപരിചരണ വിഭാഗങ്ങളിലാണ്. ഹജ് സീസണില്‍ പ്രവര്‍ത്തിക്കാന്‍ 155 ആംബുലന്‍സുകളും സജ്ജീകരിച്ചിട്ടുണ്ട്. അറഫയിലെ നമിറ ആശുപത്രിക്ക് ആംബുലന്‍സുകളായി പ്രത്യേകം സജ്ജീകരിച്ച ബസുകള്‍ നല്‍കിയിട്ടുണ്ട്. നമിറ ആശുപത്രിക്ക് പിന്തുണ നല്‍കാന്‍ 13 ആംബുലന്‍സ് സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ജബലുറഹ്മ ആശുപത്രിയില്‍ എട്ടു ആംബുലന്‍സ് സംഘങ്ങളെയും ജംറ കോംപ്ലക്‌സില്‍ 12 ആംബുലന്‍സ് സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും ആശുപത്രികളില്‍ 23 സ്ഥിരം ആംബുലന്‍സ് സംഘങ്ങളുമുണ്ട്.
അല്‍നൂര്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രി, കിംഗ് ഫൈസല്‍ ആശുപത്രി, കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി, ഹിറാ ആശുപത്രി, അജ്‌യാദ് ആശുപത്രി, മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രി എന്നിവിടങ്ങളില്‍ ഏറ്റവും മികച്ച രീതിയില്‍ സജ്ജീകരിച്ച അത്യാഹിത വിഭാഗങ്ങള്‍ വഴി മുഴുവന്‍ കേസുകളും കൈകാര്യം ചെയ്യുന്നു. ഹൃദയാഘാതം, പക്ഷാഘാതം എന്നിവ കൈകാര്യം ചെയ്യാനുള്ള റഫറല്‍ ആശുപത്രിയാണ് കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയെന്നും മക്ക ഹെല്‍ത്ത് ക്ലസ്റ്റര്‍ പറഞ്ഞു.