ബുറൈദ – ബിനാമി ബിസിനസ് കേസില്‍ കുറ്റക്കാരനായ അഫ്ഗാനിക്ക് തടവും പിഴയും നാടുകടത്തലും ശിക്ഷ വിധിച്ച് റിയാദ് ക്രിമിനല്‍ കോടതി.
വിദേശ നിക്ഷേപക ലൈസന്‍സ് നേടാതെയും രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചും ബുറൈദയില്‍ സ്വന്തം നിലക്ക് റെസ്റ്റോറന്റ് നടത്തിയ ഇസ്മ ജാന്‍ അബ്ദുല്‍ഹമീദ് ഖാനെയാണ് കോടതി ശിക്ഷിച്ചത്. അഫ്ഗാനിയെ കോടതി നാലു മാസം തടവിന് ശിക്ഷിച്ചു. ഇദ്ദേഹത്തിന് പതിനായിരം റിയാല്‍ പിഴ ചുമത്തിയിട്ടുമുണ്ട്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം അഫ്ഗാനിയെ സൗദിയില്‍ നിന്ന് നാടുകടത്താനും പുതിയ തൊഴില്‍ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു. അഫ്ഗാനിയുടെ പേരുവിവരങ്ങളും ഇദ്ദേഹം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും നിയമ ലംഘകന്റെ ചെലവില്‍ പത്രത്തില്‍ പരസ്യപ്പെടുത്താനും വിധിയുണ്ട്.
ബുറൈദയില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റില്‍ വാണിജ്യ മന്ത്രാലയ സംഘം നടത്തിയ പരിശോധനയില്‍ സ്ഥാപനം അഫ്ഗാനി സ്വന്തം നിലക്കാണ് നടത്തുന്നതെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ കണ്ടെത്തുകയായിരുന്നു. സ്ഥാപനത്തിലേക്ക് ആവശ്യമായ ചരക്കുകള്‍ ഇറക്കിയിരുന്നതും വാടക നല്‍കിയിരുന്നതെന്നും ജീവനക്കാരുടെ വേതനം വിതരണം ചെയ്തിരുന്നതും വരുമാനം ഈടാക്കിയിരുന്നതും അഫ്ഗാനിയായിരുന്നു. നിയമ വിരുദ്ധ ബിസിനസിലൂടെ സമ്പാദിക്കുന്ന പണം അഫ്ഗാനി വിദേശത്തേക്ക് അയക്കുകയാണ് ചെയ്തിരുന്നത്.
സൗദിയില്‍ ബിനാമി ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുന്ന വിദേശികള്‍ക്കും ഇതിന് കൂട്ടുനില്‍ക്കുന്ന സ്വദേശികള്‍ക്കും അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമവിരുദ്ധമായി സമ്പാദിക്കുന്ന പണം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കണ്ടുകെട്ടുകയും ചെയ്യും. സ്ഥാപനം അടപ്പിക്കല്‍, ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കല്‍, ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് സ്വദേശികളായ നിയമ ലംഘകര്‍ക്ക് വിലക്കേര്‍പ്പെടുത്തല്‍, നിയമാനുസൃത സകാത്തും നികുതികളും ഫീസുകളും ഈടാക്കല്‍, നിയമ ലംഘകരായ വിദേശികളെ സൗദിയില്‍ നിന്ന് നാടുകടത്തി പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തല്‍ എന്നീ ശിക്ഷാ നടപടികളും നിയമ ലംഘകര്‍ക്കെതിരെ സ്വീകരിക്കും.



