ജിദ്ദ– സൗദിയില്‍ നിയമവിരുദ്ധമായി ടാക്സി സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിച്ച രണ്ടു പ്രവാസികളെ ഒരാഴ്ചക്കിടെ രാജ്യത്തു നിന്ന് നാടുകടത്തിയതായി ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. ഇരുവര്‍ക്കും 12,000 റിയാല്‍ തോതില്‍ പിഴ ചുമത്തിയിട്ടുമുണ്ട്. ഫെബ്രുവരി എട്ടു മുതല്‍ പതിനാലു വരെയുള്ള ദിവസങ്ങളില്‍ അനധികൃമായി ടാക്സി മേഖലയില്‍ പ്രവര്‍ത്തിച്ച 1,550 പേരെ ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി സംഘങ്ങള്‍ പിടികൂടി. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി സംഘങ്ങള്‍ വിവിധ പ്രവിശ്യകളില്‍ നടത്തിയ ശക്തമായ പരിശോധനകളിലാണ് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ച് ടാക്സി സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിച്ച 1,550 പേര് പിടിയിലായത്. ഇവര്‍ക്കെതിരെ പിഴയും വാഹനം കസ്റ്റഡിയിലെടുക്കലും അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിച്ചു.
അനധികൃത ടാക്സികളിലേക്ക് യാത്രക്കാരെ വിളിച്ചുകയറ്റാന്‍ ശ്രമിച്ച 897 പേരും ടാക്സി ലൈസന്‍സില്ലാതെ സ്വന്തം കാറുകളില്‍ പണം ഈടാക്കി യാത്രക്കാര്‍ക്ക് ഗതാഗത സൗകര്യം നല്കിയ 653 പേരുമാണ് ഏഴു ദിവസത്തിനിടെ പിടിയിലായതെന്ന് ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി വെളിപ്പെടുത്തി. ഗതാഗത മേഖലയില്‍ മത്സരശേഷി വര്‍ധിപ്പിക്കാനും, ഗതാഗത സേവനങ്ങളുടെ ഗുണനിലവാരത്തിനും യാത്രക്കാരുടെ സുരക്ഷക്കും ഹാനികരമായ നിയമവിരുദ്ധ പ്രവണതകള്‍ തടയാനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് അനധികൃത ടാക്സികള്‍ തടയാന്‍ ശക്തമായ പരിശോധനകള്‍ നടത്തുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി. ദേശീയ ഗതാഗത, ലോജിസ്റ്റിക്സ് സര്‍വീസ് തന്ത്രത്തിന് അനുസൃതമായി, ടാക്സി സര്‍വീസ് മേഖലയില്‍ നിയമപാലന തോത് വര്‍ധിപ്പിക്കാന്‍ പരിശോധനകള്‍ സഹായിക്കുന്നു.
പുതിയ റോഡ് ട്രാന്‍സ്പോര്‍ട്ട് നിയമം ലൈസന്‍സില്ലാതെയുള്ള ഗതാഗത സേവനങ്ങള്‍ വിലക്കുന്നു. ഇത് ലംഘിക്കുന്നവര്‍ക്ക് പിഴയും വാഹനം കസ്റ്റഡിയിലെടുക്കലും ശിക്ഷ ലഭിക്കും. അനധികൃത ടാക്സികളിലേക്ക് യാത്രക്കാരെ വിളിച്ചുകയറ്റാന്‍ ശ്രമിക്കുന്നവര്‍ക്ക് 11,000 റിയാല്‍ വരെ പിഴയും 25 ദിവസത്തേക്ക് വാഹനം കസ്റ്റഡിയിലെടുക്കലും ശിക്ഷ ലഭിക്കും. അനധികൃത ടാക്സികളില്‍ യാത്രക്കാരെ കൊണ്ടുപോകുന്നതിനിടെ കുടുങ്ങുന്നവര്‍ക്ക് 20,000 റിയാല്‍ വരെ പിഴയും 60 ദിവസം വരെ വാഹനം കസ്റ്റഡിയിലെടുക്കലും ശിക്ഷ ലഭിക്കും. നിയമ ലംഘനം ആവര്‍ത്തിച്ച് കുടുങ്ങുന്നവരുടെ വാഹനം ലേലത്തില്‍ വില്‍ക്കാനും വിദേശികളെ നാടുകടത്താനും നിയമം അനുവദിക്കുന്നുണ്ടെന്നും ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി വ്യക്തമാക്കി. ലൈസന്‍സില്ലാതെ ടാക്സി സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കല്‍, യാത്രക്കാരെ ക്ഷണിക്കല്‍, യാത്രക്കാരെ ആകര്‍ഷിക്കാന്‍ വേണ്ടി വിളിക്കല്, അവരെ പിന്തുടരല്, മാര്‍ഗതടസ്സം സൃഷ്ടിക്കല്‍, യാത്രക്കാരെ വിളിച്ചുകയറ്റാന്‍ വേണ്ടി യാത്രക്കാരുള്ള സ്ഥലങ്ങളില്‍ കൂട്ടംകൂടി നില്ക്കല് എന്നിവയെല്ലാം നിയമം വിലക്കുന്നു.



