ജിദ്ദ – അനധികൃത ടാക്‌സി സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിച്ച വന്ന 419 പേരെ ഒരാഴ്ചക്കിടെ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി സംഘങ്ങള്‍ പിടികൂടി. സെപ്റ്റംബര്‍ 27 മുതല്‍ ഒക്‌ടോബര്‍ മൂന്നു വരെയുള്ള ദിവസങ്ങളില്‍ നടന്ന പരിശോധനയിലാണ് ലൈസന്‍സില്ലാതെ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ച് ടാക്‌സി സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിച്ച 419 പേരെ പിടികൂടിയത്. ഇവർക്കെല്ലാമെതിരെ പിഴയും വാഹനം കസ്റ്റഡിയിലെടുക്കലും അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിച്ചു.
അനധികൃത ടാക്‌സികളിലേക്ക് യാത്രക്കാരെ വിളിച്ചുകയറ്റാന്‍ ശ്രമിച്ച 236 പേരും സ്വന്തം കാറുകളില്‍ യാത്രക്കാര്‍ക്ക് ഗതാഗത സൗകര്യം നല്‍കിയ 183 പേരുമാണ് ഏഴു ദിവസത്തിനിടെ പിടിയിലായതെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി വെളിപ്പെടുത്തി. ഗതാഗത മേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനാണ് പരിശോധനകൾ നടത്തുന്നതെന്നും അതോറിറ്റി വ്യക്തമാക്കി.
പുതിയ ട്രാൻസ്പോർട്ട് റോഡ് നിയമമനുസരിച്ച് ലൈസൻസ് ഇല്ലാതെയുള്ള ഗതാഗതസേവനങ്ങൾ പൂർണമായും വിലക്കിയിട്ടുണ്ട്. ഇതിൽ ലംഘിച്ചാൽ പിഴ പിഴ ലഭിക്കാവുന്നതാണ്. കൂടാതെ അധികൃതർക്ക് വാഹനം കസ്റ്റഡിയിലെടുക്കാനും സാധിക്കും. ഇത്തരം ടാക്സുകളിലേക്ക് യാത്രക്കാരെ വിളിച്ചു കയറ്റാൻ ശ്രമിച്ചാൽ 11,000 റിയാല്‍ വരെ പിഴയും, 25 ദിവസത്തേക്ക് വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്യും.
യാത്രയ്ക്കിടെയാണ് പിടിയിലാകുന്നതെങ്കിൽ 20,000 റിയാല്‍ വരെ പിഴയും 60 ദിവസം വരെ വാഹനം കസ്റ്റഡിയിലെടുക്കലും ശിക്ഷ ലഭിക്കും.
നിയമ ലംഘനം ആവര്‍ത്തിച്ച് കുടുങ്ങുന്നവരുടെ വാഹനം ലേലത്തില്‍ വില്‍ക്കാനും വിദേശികളായ ഡ്രൈവർമാരാണെങ്കിൽ നാടുകടത്താനും നിയമം അനുവദിക്കുന്നുണ്ടെന്നും ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി വ്യക്തമാക്കി.