റിയാദ്- പതിമൂന്നാമത് റിയാദ് ഹൊറീക്ക ഫുഡ് എക്‌സിബിഷന് റിയാദ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ തുടക്കമായി. നാളെ (ബുധന്‍) സമാപിക്കും. പാചക കല അതോറിറ്റി സിഇഒ മയാദ ബദര്‍, മുകാതഫ കമ്പനി സിഇഒ പ്രിന്‍സ് വലീദ് ബിന്‍ നാസര്‍ എന്നിവരും സൗദിക്കകത്തും പുറത്തും നിന്നുള്ള നിരവധി ബിസിനസ് പ്രമുഖരും വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരും ചടങ്ങില്‍ സംബന്ധിച്ചു.
ഇതോടനുബന്ധിച്ച് ചോക്ലേറ്റ് പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി, ഫുഡ്, ബിവറേജ് മേഖലകളിലെ നിരവധി സംരംഭകരുടെ പവലിയനുകളും ലോകോത്തര ഷെഫുകളുടെ ലൈവ് കുക്കറി ഷോയും എക്‌സിബിഷനിന്റെ ഭാഗമാണ്. 29000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള എക്‌സിബിഷനില്‍ ഇന്ത്യയില്‍ നിന്നടക്കം 48 രാജ്യങ്ങളിലെ കമ്പനികള്‍ പങ്കെടുക്കുന്നു.
20000ത്തോളം ബ്രാന്‍ഡുകളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്ന എക്‌സിബിഷന്‍ മുന്‍വര്‍ഷത്തേക്കാള്‍ വിപുലമായ സൗകര്യങ്ങളോടെയാണ് സജ്ജീകരിച്ചിട്ടുള്ളത്. കോഫി തയ്യാറാക്കല്‍, മോക് ടെയിലുകള്‍ നിര്‍മിക്കല്‍, പാചക മത്സരങ്ങള്‍, വിവിധ കമ്പനികളുടെ ഉപകരണങ്ങള്‍ എന്നിവ എക്‌സിബിഷനിലെ ആകര്‍ഷകങ്ങളാണ്. മധുരപലഹാരങ്ങള്‍, ചോക്ലേറ്റുകള്‍ എന്നിവയിലെ നൂതന പരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്ന 40 സെമിനാറുകളും ഇതോടനുബന്ധിച്ചുണ്ട്. 18 വയസ്സിന് മുകളിലുളളവര്‍ക്ക് മാത്രമാണ് പ്രവേശനം. ഹൊറീക്കയുടെ വെബ്‌സൈറ്റ് വഴി നേരത്തെ ബുക്ക് ചെയ്യണം.