ജിദ്ദ: പ്രമുഖ മാധ്യമ പ്രവര്‍ത്തകയും സൗദി ചലച്ചിത്ര പ്രവര്‍ത്തകയുമായ സമീറാ അസീസിന് ബാംഗ്ലൂര്‍ സെന്റ് മദര്‍ തെരേസ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ചു. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലെ മികവ്, ലോകസമാധാനം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളില്‍ പ്രശസ്തി കൈവരിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് ഓസ്‌ട്രേലിയന്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന സെന്റ് മദര്‍ തെരേസ യൂണിവേഴ്‌സിറ്റി.
കാല്‍ നൂറ്റാണ്ടായി സൗദിയിലെ മാധ്യമരംഗത്ത് വിജയകരമായ പ്രയാണം നടത്തുന്ന സമീറയെ ആദരിക്കുന്നതിലൂടെ തങ്ങളുടെ സ്ഥാപനവും അഭിമാനാര്‍ഹമായ ചുവട്‌വെപ്പാണ് നടത്തിയതെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു. അന്താരാഷ്ട്ര ബന്ധങ്ങളില്‍ മാസ്റ്റര്‍ ബിരുദം നേടിയിട്ടുള്ള സമീറാ അസീസ് മാസ് കമ്യൂണിക്കേഷനിലും സിനിമാ നിര്‍മാണത്തിലും ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസത്തിലും പ്രത്യേക ബിരുദങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഉര്‍ദു ന്യൂസിലും ഓക്കാസിലും എഡിറ്റോറിയല്‍ സമിതിയില്‍ പ്രവര്‍ത്തിച്ചു പരിചയമുണ്ട്. ‘മര്‍ഹബ വിത്ത് സമീറാ അസീസ് ‘ എന്ന ശീര്‍ഷകത്തിലുള്ള സൗദി റേഡിയോ പരമ്പരയിലൂടെയും സമീറ പ്രശസ്തയാണ്. ആഗോളാടിസ്ഥാനത്തില്‍ വ്യാപാരബന്ധമുള്ള സമീറാ അസീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍പേഴ്‌സണ്‍ കൂടിയാണ് സമീറ. മിഡില്‍ ഈസ്റ്റിലെ ഗ്രേറ്റ് വുമണ്‍ അവാര്‍ഡ് നേടിയിട്ടുള്ള സമീറ മികച്ച ഉര്‍ദു എഴുത്തുകാരി കൂടിയാണ്. സൗദിയില്‍ നിന്നുള്ള ആദ്യ ഉര്‍ദു നോവലിസ്റ്റ് എന്ന ബഹുമതിയും സമീറക്ക് സ്വന്തം. കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ നിന്നുള്ള ഹോണററി ഡോക്ടറേറ്റ് പുരസ്‌കാരം സ്വീകരിച്ച് ജിദ്ദയില്‍ തിരിച്ചെത്തിയ സമീറക്ക് മാധ്യമ സുഹൃത്തുക്കളും സഹൃദയരും വരവേല്‍പ് നല്‍കി.