ജിദ്ദ – സൗദിയില്‍ എച്ച്.എം.പി.വി വൈറസ് വ്യാപനം തടയാന്‍ അധിക നടപടികള്‍ ആവശ്യമില്ലെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വിഖായ) പറഞ്ഞു. അടുത്തിടെ ചൈനയിലും ലോകത്തെ പല രാജ്യങ്ങളിലും വ്യാപകമായി പടര്‍ന്നുപിടിച്ച എച്ച്.എം.പി.വി വൈറസ് ഉള്‍പ്പെടെയുള്ള എല്ലാ ശ്വാസകോശ വൈറസുകളും പരിശോധിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ പബ്ലിക് ഹെല്‍ത്ത് അതോറിറ്റി ലബോറട്ടറികളിലുണ്ട്. വൈറസ് നിരീക്ഷണത്തില്‍ ഒരു വ്യത്യാസവും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ രാജ്യത്തിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ അധിക നടപടികളൊന്നും സ്വീകരിക്കേണ്ട ആവശ്യമില്ലെന്നും അതോറിറ്റി പറഞ്ഞു.
അറുപതു വയസ്സിനു മുകളില്‍ പ്രായമായവരും കുട്ടികളും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും രോഗപ്രതിരോധ മരുന്നുകള്‍ കഴിക്കുന്നവരും ശ്വാസകോശ, ഹൃദയ രോഗങ്ങള്‍ ബാധിച്ചവരും അടക്കമുള്ള ചില വിഭാഗം ആളുകള്‍ക്ക് ഈ വൈറസ്ബാധ ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാക്കിയേക്കുമെന്നും ആശുപത്രിവാസത്തിനും തീവ്രപരിചരണത്തില്‍ പ്രവേശിപ്പിക്കപ്പെടാനും ഒരുപക്ഷേ മരണം വരെ സംഭവിക്കാനും സാധ്യതയുണ്ടെന്നും ഇന്റേണല്‍ മെഡിസിന്, സാംക്രമികരോഗ കണ്‍സള്‍ട്ടന്റും ദക്ഷിണ സൗദിയിലെ സായുധ സേനാ ആശുപത്രിയിലെ അണുബാധ നിയന്ത്രണ വിഭാഗം മേധാവിയുമായ ഡോ. അലി അല്‍ശഹ്രി പറഞ്ഞു. ആര്.എന്‍.എ വൈറസുകള്‍ അടക്കം മറ്റ് പല വൈറസുകളെയും പോലെ ഈ വൈറസിനും വാക്സിനോ ചികിത്സയോ ഇല്ല. ഇത്തരം വൈറസുകള്‍ക്ക് ഫലപ്രദമായ വാക്സിനുകളോ മരുന്നുകളോ കണ്ടെത്തുക ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, ചില മരുന്നുകള്‍ പരീക്ഷിക്കുന്നുണ്ട്. അവ ഇതുവരെ കാര്യമായ ഫലപ്രാപ്തി തെളിയിച്ചിട്ടില്ല. അതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരേയൊരു പരിഹാരം പ്രതിരോധമാണ്. ചികിത്സയേക്കാള്‍ പ്രതിരോധമാണ് നല്ലത്.
സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ മുതല്‍ ഏപ്രില്‍ വരെയുള്ള കാലത്താണ് ഈ വൈറസിന്റെ പ്രവര്‍ത്തനം പ്രത്യക്ഷപ്പെടുന്നത്. റെസ്പിറേറ്ററി സിന്‍സീഷ്യല്‍ വൈറസ് ബാധിച്ച് ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞ് എച്ച്.എം.പി.വി വൈറസ് സജീവമാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. തിരക്കേറിയ പ്രദേശങ്ങള്‍ ഒഴിവാക്കല്‍, ആശുപത്രികള്‍, ഇരു ഹറമുകള്‍ പോലുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്ക് ധരിക്കല്‍, പതിവായി കൈ കഴുകല്‍, വ്യക്തിശുചിത്വത്തില്‍ ശ്രദ്ധിക്കല്‍ എന്നീ മുന്‍കരുതല്‍ നടപടികളാണ് മറ്റ് ശ്വാസകോശ സംബന്ധമായ വൈറസുകളെ പോലെ എച്ച്.എം.പി.വി വൈറസ് വ്യാപനം തടയാനും സ്വീകരിക്കേണ്ടതെന്ന് ഡോ. അലി അല്‍ശഹ്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group