ജിസാൻ: കന്യാകുമാരി തേങ്ങാപ്പട്ടണം ഇനയം സ്വദേശി ജസ്റ്റിൻ സൂസെ അന്തോണി (52) ഹൃദയാഘാതം മൂലം ജിസാനിൽ മരിച്ചു. ജിസാൻ ഫിഷിംഗ് ഹാർബറിലെ മത്സ്യത്തൊഴിലാളിയായിരുന്നു. ജിസാൻ പോർട്ടിന് സമീപമുള്ള താമസസ്ഥലത്ത് വെച്ച് ഇന്നലെ രാത്രി നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യവുമുണ്ടായതിനെ തുടർന്ന് ജെസ്റ്റിനെ സഹപ്രവർത്തകർ ജിസാനിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ പത്തു വർഷമായി ജിസാനിൽ ജോലിചെയ്യുന്ന ജെസ്റ്റിൽ കഴിഞ്ഞ മാസം ആദ്യമാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നെത്തിയത്. സൂസെ അന്തോണിയുടെയും മരിയ പുഷ്പയുടെയും മകനാണ്. മേരിയാണ് ഭാര്യ. മക്കളായ വർഷൻ, ജെസ്‌മ എന്നിവർ നാട്ടിൽ വിദ്യാർത്ഥികളാണ്.
ജസ്റ്റിൻറെ മരണവർത്തയറിഞ്ഞ് സ്പോൺസർ അവാജി ഹുസ്സൈൻ ഹക്കമി, ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക സമിതി അംഗം താഹ കൊല്ലേത്ത്, ‘ജല’ കേന്ദ്രകമ്മിറ്റി ഭാരവാഹികളായ സലാം കൂട്ടായി, ഫൈസൽ മേലാറ്റൂർ, ഗഫൂർ പൊന്നാനി, യൂണിറ്റ് സെക്രട്ടറി ജമാൽ കടലുണ്ടി എന്നിവർ ആശുപത്രിയിലും താമസസ്ഥലത്തും എത്തിയിരുന്നു.
ജിസാൻ സിറ്റി പോലീസ് ആശുപത്രിയിലെത്തി നിയമനടപടികൾക്ക് ശേഷം മൃതദേഹം ജിസാൻ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജസ്റ്റിൻറെ ആകസ്മികമായ വിയോഗം ജിസാൻ ഹാർബറിലെയും ഫിഷ് മാർക്കറ്റിലെയും മലയാളികളടക്കമുള്ള പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. മൃതദേഹം നാട്ടിലേയ്ക്കുന്നതിനുള്ള നിയമനടപടികളുമായി ‘ജല; പ്രവർത്തകർ രംഗത്തുണ്ട്.ജസ്റ്റിൻറെ വിയോഗത്തിൽ ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (ജല) അനുശോചിച്ചു.