മക്ക: ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും എത്തുന്ന ദശലക്ഷക്കണക്കിന് ഹജ് തീര്‍ഥാടകരെ സ്വീകരിച്ച് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാന്‍ പൂര്‍ത്തിയാക്കിയ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പുണ്യസ്ഥലങ്ങളില്‍ ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅയുടെ സന്ദര്‍ശനം. ഈ വര്‍ഷത്തെ ഹജ് സീസണില്‍ തീര്‍ഥാടകരെ സ്വീകരിക്കാനുള്ള തയാറെടുപ്പുകളും സൗകര്യങ്ങളും തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളും പശ്ചാത്തല സൗകര്യങ്ങളുടെ സുസജ്ജതയും വിലയിരുത്താനാണ് പുണ്യസ്ഥലങ്ങളിലെ വിവിധ കേന്ദ്രങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചത്.
മിനായില്‍ തീര്‍ഥാടകര്‍ക്കുള്ള പാര്‍പ്പിട സൗകര്യങ്ങളില്‍ സമഗ്രമായ പരിവര്‍ത്തനമുണ്ടാക്കുന്ന കിദാന അല്‍വാദി ടവറുകളുടെ സുസജ്ജത മന്ത്രി പരിശോധിച്ചു. പുണ്യസ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഒരുക്കങ്ങള്‍ മന്ത്രി വിലയിരുത്തി. നിലവിലുള്ള സജ്ജീകരണങ്ങള്‍, താമസ സൗകര്യം, പാര്‍പ്പിട പദ്ധതികള്‍ എന്നിവ ഡോ. തൗഫീഖ് അല്‍റബീഅ പരിശോധിക്കുകയും സേവന ഗുണനിലവാരം വിലയിരുത്തുകയും ചെയ്തു.
പുണ്യസ്ഥലങ്ങളുടെ പരിസ്ഥിതി മെച്ചപ്പെടുത്താനും വികസിപ്പിക്കാനുമായി കിദാന ഡെവലപ്‌മെന്റ് കമ്പനി നടപ്പിലാക്കിയ പുതിയ പദ്ധതികള്‍ മന്ത്രി പരിശോധിച്ചു. പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മിനായില്‍ 200 കിടക്ക ശേഷിയോടെയുള്ള പുതിയ എമര്‍ജന്‍സി ആശുപത്രി, പുണ്യസ്ഥലങ്ങളിലെ കാല്‍നട പാതകളില്‍ 71 അടിയന്തിര പ്രാഥമിക പരിചരണ സെന്ററുകള്‍, 85,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നമിറ പള്ളിക്ക് ചുറ്റുമുള്ള ചത്വരങ്ങളില്‍ തണലും തണുപ്പും നല്‍കല്‍, 320 തണല്‍കുടകള്‍ സ്ഥാപിക്കല്‍, 350 മിസ്റ്റിംഗ് ഫാനുകള്‍ സ്ഥാപിക്കല്‍, 2,116 ടോയ്‌ലെറ്റുകള്‍ക്ക് പകരം 5,600 ല്‍ കൂടുതല്‍ ടോയ്‌ലെറ്റുകള്‍ അടങ്ങിയ 61 ആധുനിക ഇരുനില സമുച്ചയങ്ങള്‍ ഉപയോഗിച്ച് മിനായിലെ ടോയ്‌ലെറ്റ് സംവിധാനം വികസിപ്പിക്കുന്നതിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കല്‍ എന്നീ പദ്ധതികളാണ് ഈ വര്‍ഷത്തെ ഹജിനു മുന്നോടിയായി പുണ്യസ്ഥലങ്ങളില്‍ കിദാന ഡെവലപ്‌മെന്റ് കമ്പനി പൂര്‍ത്തിയാക്കിയിരിക്കുന്നത്.
സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സുഖകരമായ അന്തരീക്ഷം പ്രദാനം ചെയ്യാനുമായി സൗദി ഗ്രീന്‍ ഇനിഷ്യേറ്റീവിന് അനുസൃതമായി ഹരിത ഇടങ്ങള്‍ വര്‍ധിപ്പിക്കാനും അന്തരീക്ഷം തണുപ്പിക്കാനും ലക്ഷ്യമിട്ട് 2,90,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 20,000 മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുമുണ്ട്. പുണ്യസ്ഥലങ്ങളില്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്ന മെയിന്‍ ഡെവലപ്പര്‍മാരാണ് മക്ക റോയല്‍ കമ്മീഷന്‍ ഉടമസ്ഥതയിലുള്ള കിദാന ഡെവലപ്‌മെന്റ് കമ്പനി.
ക്യാപ്.
ഹജ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ മിനായില്‍ സന്ദര്‍ശനം നടത്തുന്നു.