ജിദ്ദ: വരാനിരിക്കുന്ന ഹജ് സീസണിനായി സൗദി ആരോഗ്യ മന്ത്രാലയം എട്ട് ഭാഷകളില്‍ ബോധവല്‍ക്കരണ കിറ്റ് പുറത്തിറക്കി. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉര്‍ദു, പേര്‍ഷ്യന്‍, ഇന്തോനേഷ്യന്‍, മലായ്, ടര്‍ക്കിഷ് ഭാഷകളിലെ ഉള്ളടക്കം കിറ്റില്‍ അടങ്ങിയിരിക്കുന്നു. ലോകത്തെങ്ങും നിന്നും എത്തുന്ന തീര്‍ഥാടകരില്‍ പരമാവധി പേരിലേക്ക് സന്ദേശം എത്തിക്കാനാണ് വ്യത്യസ്ത ഭാഷകളിലുള്ള ഉള്ളടക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
കടുത്ത ചൂട് മൂലമുള്ള ക്ഷീണം തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പ്രധാന ബോധവല്‍ക്കരണത്തില്‍ ഉള്‍പ്പെടുന്നു. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് കുറക്കാനും ജലാംശം നിലനിര്‍ത്താനും തീര്‍ഥാടകര്‍ കുടകള്‍ ഉപയോഗിക്കണമെന്ന് കിറ്റ് നിര്‍ദേശിക്കുന്നു. കിറ്റില്‍ വീഡിയോകള്‍, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍, പ്രിന്റ് ചെയ്യാവുന്ന ഉള്ളടക്കം എന്നിവ അടങ്ങിയിരിക്കുന്നു.
തീര്‍ഥാടകര്‍ സ്വന്തം രാജ്യങ്ങളില്‍ വെച്ച് മെനിഞ്ചൈറ്റിസ്, കോവിഡ്-19, പോളിയോമൈലിറ്റിസ്, മഞ്ഞപ്പനി എന്നിവക്കുള്ള വാക്‌സിനേഷന്‍ നേടിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് കിറ്റ് നിര്‍ദേശിക്കുന്നു. വിട്ടുമാറാത്ത രോഗങ്ങളുള്ള തീര്‍ഥാടകര്‍ അവരുടെ അവസ്ഥകള്‍ വ്യക്തമാക്കുന്ന രേഖകള്‍ കൈവശം വെക്കണമെന്നും ബാഗുകളില്‍ മതിയായ മരുന്നുകള്‍ സൂക്ഷിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഡിഫ്തീരിയ, ടെറ്റനസ്, വില്ലന്‍ ചുമ, പോളിയോ, അഞ്ചാംപനി, ചിക്കന്‍പോക്‌സ്, മുണ്ടിനീര് എന്നിവയുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കുള്ള വാക്‌സിനേഷനുകള്‍ തീര്‍ഥാടകര്‍ പുതുക്കണമെന്നും ആരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്തു.