മക്ക: മശാഇര്‍ മെട്രോ അടക്കം പുണ്യസ്ഥലങ്ങളില്‍ ഹജ് തീര്‍ഥാടകര്‍ക്ക് യാത്രാ സൗകര്യം നല്‍കാന്‍ ഒരുക്കിയ സംവിധാനങ്ങളുടെ സുസജ്ജത വിലയിരുത്താന്‍ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ സൗദി അറേബ്യ റെയില്‍വെയ്‌സിനു കീഴില്‍ മക്കയിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. മശാഇര്‍ മെട്രോ ഓപ്പറേഷന്‍ ആന്റ് കണ്‍ട്രോള്‍ സെന്റര്‍ സിസ്റ്റങ്ങള്‍ പരിശോധിച്ച മന്ത്രി മശാഇര്‍ മെട്രോയില്‍ അറഫ സ്റ്റേഷനിലേക്ക് യാത്ര ചെയ്തു. ഹാജിമാരെ സ്വീകരിക്കാനുള്ള സുസജ്ജത ഉറപ്പുവരുത്താന്‍ ഹറമൈന്‍ ഹൈസ്പീഡ് റെയിവെക്കു കീഴിലെ അല്‍റസീഫ റെയില്‍വെ സ്റ്റേഷനും മന്ത്രി സന്ദര്‍ശിച്ചു.
പുണ്യസ്ഥലങ്ങളില്‍ റോഡുകളിലെ ചൂട് കുറക്കാന്‍ റോഡ്‌സ് ജനറല്‍ അതോറിറ്റി നടപ്പാക്കിയ പദ്ധതികളുടെ വിപുലീകരണവും മന്ത്രി ഉദ്ഘാടനം ചെയ്തു. വഴക്കമാര്‍ന്ന റബ്ബര്‍ ടാറിംഗ്, റോഡുകളിലെ വെളുത്ത പെയിന്റിംഗ് പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ ഹജ് സീസണിനെ അപേക്ഷിച്ച് ഈ കൊല്ലം റബ്ബര്‍ ടാറിംഗ് 33 ശതമാനവും റോഡുകളിലെ വെളുത്ത പെയിന്റിംഗ് 82 ശതമാനവും തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
അപകട സ്ഥലങ്ങള്‍ ഉയര്‍ന്ന കൃത്യതയോടെയും വേഗത്തിലും രേഖപ്പെടുത്താനുള്ള സംവിധാനമായി നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി സെന്റര്‍ സ്വീകരിച്ച ഏറ്റവും പുതിയ ഡ്രോണ്‍ സാങ്കേതികവിദ്യകള്‍ മന്ത്രി വിലയിരുത്തി. ഈ ഡ്രോണുകള്‍ 3-ഡി പനോരമിക് ആകാശ ചിത്രങ്ങള്‍ പകര്‍ത്തും. ഇത് സമഗ്രമായ ദൃശ്യ വിശകലനത്തിന് സഹായിക്കുകയും സാങ്കേതിക അന്വേഷണങ്ങളെ കൂടുതല്‍ കാര്യക്ഷമമായി പിന്തുണക്കുകയും ചെയ്യുന്നു.
മെച്ചപ്പെട്ട നിയമപാലനവും മേല്‍നോട്ടവും ഉറപ്പാക്കാന്‍ അല്‍നവാരിയ ചെക്ക്പോസ്റ്റില്‍ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി നടപ്പാക്കിയ ഏറ്റവും പുതിയ നൂതന പരിഹാരങ്ങളും ആധുനിക സാങ്കേതികവിദ്യകളും മന്ത്രി പരിശോധിച്ചു. ചരക്ക് വാഹനങ്ങളുടെയും ബസുകളുടെയും ടാക്‌സികളുടെയും നിയമപാലനവും പെര്‍മിറ്റുകള്‍, ചട്ടങ്ങള്‍, വ്യവസ്ഥകള്‍ എന്നിവ എത്രമാത്രം പാലിക്കുന്നുണ്ട് എന്നതും പരിശോധിക്കാനും ബസ് ഡ്രൈവര്‍മാര്‍ പൊതു ധാര്‍മികത പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ മന്ത്രി പരിശോധിച്ചു.
സ്‌കൂട്ടര്‍ യാത്രികര്‍ക്കുള്ള കൂളിംഗ് വെസ്റ്റുകളും മറ്റും ഉള്‍പ്പെടെ മിസ്ഫലയിലെ സൗദി പോസ്റ്റ് കേന്ദ്രത്തിലെ ആധുനിക സാങ്കേതികവിദ്യകളും എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ അവലോകനം ചെയ്തു. റബ്ബര്‍ റോഡുകളും റോഡുകളില്‍ വെള്ള പെയിന്റ് ചെയ്യുന്നതും ചൂട് ആഗിരണം ചെയ്യാനും സൂര്യതാപത്തിന്റെ പ്രതിഫലനം കുറക്കാനും സഹായിക്കും. ഇത് തീര്‍ഥാടകര്‍ക്ക് മികച്ച അന്തരീക്ഷം പ്രദാനം ചെയ്യുമെന്ന് ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി പറഞ്ഞു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വിദേശങ്ങളില്‍ നിന്ന് ഇതുവരെ 6,07,700 ഹാജിമാര്‍ എത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ 5,89,200 പേര്‍ വിമാന മാര്‍ഗവും 17,000 പേര്‍ കര മാര്‍ഗവും 1,400 പേര്‍ കപ്പല്‍ മാര്‍ഗവുമാണ് എത്തിയതെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.
ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ മശാഇര്‍ മെട്രോ സന്ദര്‍ശിക്കുന്നു. വലത്ത്: പുണ്യസ്ഥലങ്ങളില്‍ നടപ്പാക്കിയ റബ്ബര്‍ റോഡ് പദ്ധതി വിപുലീകരണം മന്ത്രി സന്ദര്‍ശിക്കുന്നു