രണ്ടരപതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ ഹാജറാബി നാടണഞ്ഞു;
തുണയായത് ഇന്ത്യന്‍ എംബസിയും മലയാളി സാമുഹിക പ്രവര്‍ത്തകരും
റിയാദ്- ഇരുപത്തിനാല് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും നാട്ടിലേക്ക് പോവാന്‍ കഴിയാതെ നീണ്ട കാത്തിരിപ്പിനൊടുവില്‍ മുംബൈ സ്വദേശിനി ഹാജറാബി ഹബീബ് റഹ്മാന്‍ (60) കഴിഞ്ഞ ദിവസം നാടണഞ്ഞു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെയും മലയാളി സാമൂഹിക പ്രവര്‍ത്തകരുടെയും ഇടപെടലാണ് കാത്തിരിപ്പിന്ന് വിരാമമിട്ട് നാട്ടിലേക്കുള്ള വഴി തെളിയിച്ചത്.
തന്റെ മുപ്പത്തിയാറാം വയസ്സില്‍ 2000ത്തിലാണ് ജീവിത പ്രാരാബ്ദങ്ങള്‍ പേറി ഹാജറാബി വീട്ടു ജോലി വിസയില്‍ റിയാദില്‍ വന്നിറങ്ങിയത്. ആദ്യത്തെ അഞ്ച് വര്‍ഷം എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടികൊണ്ട് പോയ സ്വദേശിയുടെ വീട്ടില്‍ ജോലി നോക്കിയെങ്കിലും ദുരിതങ്ങള്‍ സഹിക്കാനാവാതെ അവിടെ നിന്നിറങ്ങി. തുടര്‍ന്ന് പരിചയത്തിലുണ്ടായിരുന്ന ചില ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ പ്രസവ ശുശ്രൂഷ ജോലികള്‍ ചെയ്ത് വരികയായിരുന്നു.
കഴിഞ്ഞ 24 വര്‍ഷവും താമസ രേഖകളില്ലാതെയാണ് ഇവിടെ കഴിഞ്ഞത്. അതാണ് നാടണയാന്‍ വൈകിയതും. 2000 ത്തില്‍ ഇവിടെയെത്തിയിരുന്നെങ്കിലും ജവാസാത്ത് രേഖകളില്‍ ഹാജറാബിയുടെ വിവരങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് കണ്ടെത്താനായത്. നിലവിലെ പാസ്‌പോര്‍ട്ടില്‍ റിയാദ് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയതിന്റെ രേഖയും ബോര്‍ഡര്‍ നമ്പറും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട് യാതൊരു രേഖകളും ജവാസാത്തിന്റെ പക്കല്‍ ഇല്ലാത്തത് വിലങ്ങുതടിയായി. വിസ സംബന്ധമായ തട്ടിപ്പിന്നിരയായതാവാം ഇത്തരത്തില്‍ സംഭവിക്കാനിടയായതെന്ന് സാമുഹിക പ്രവര്‍ത്തകര്‍ പറയുന്നു.
നാല് മക്കളുള്ള ഹാജറാബിയുടെ ഇളയ മകള്‍ക്ക് പത്ത് വയസ്സുള്ളപ്പോഴാണ് ഇവര്‍ നാടുവിട്ട് റിയാദിലെത്തിയത്. അതിനിടയില്‍ 2015 ല്‍ ഭര്‍ത്താവ് മരണപ്പെടുകയും ചെയ്തു. ഇത്തരം അത്യാവശ്യ ഘട്ടങ്ങളിലൊന്നും ഇവര്‍ക്ക് നാട്ടിലേക്ക് പോവാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.
ഇതിനിടയിലാണ് പത്ത് മാസം മുന്‍പ് തളര്‍വാതം വന്ന് കിടപ്പിലായത്. സഹായിക്കാനാളില്ലാതായപ്പോള്‍ നാട്ടില്‍ നിന്ന് തന്റെ മകനെ റിയാദിലെത്തിച്ച് ജോലി കണ്ടെത്തി തല്‍ക്കാലത്തേക്ക് പരിഹാരം കണ്ടെത്തിയെങ്കിലും രേഖകളില്ലാതെ തുടര്‍ ചികിത്സയും മറ്റും വഴിമുട്ടുമെന്നായപ്പോഴാണ് നാല് മാസം മുന്‍പ് റിയാദിലെ സാമൂഹിക പ്രവര്‍ത്തകരായ നിഹ്മത്തുല്ലയുടെയും അസ്‌ലം പാലത്തിന്റയും സഹായം തേടിയത്.
തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. എംബസി അധികൃതര്‍ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട് രേഖകള്‍ ശരിയാക്കുകയും തുടര്‍ന്ന് തര്‍ഹീല്‍ വഴി യാത്രക്ക് വഴിയൊരുങ്ങുകയും ചെയ്തു. റിയാദ് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ കൗണ്‍സിലര്‍ മോയിന്‍ അക്തര്‍, ഹൗസ് മെയ്ഡ് ആന്റ് ജയില്‍ അറ്റാഷെ രാജീവ് സിക്രി, സെക്കന്റ് സെക്രട്ടറി മീന, ഷറഫുദ്ദീന്‍, നസീം, ഖാലിദ് എന്നിവരുടെ ഇടപെടലുകള്‍ പ്രശ്‌ന പരിഹാരം വേഗത്തിലാക്കുവാന്‍ സഹായിച്ചതായി സാമൂഹിക പ്രവര്‍ത്തകരായ നിഹ്മത്തുല്ലയും അസ്‌ലം പാലത്തും പറഞ്ഞു.