മിന – ദശലക്ഷക്കണക്കിന് വരുന്ന ഹജ് തീര്‍ഥാടകരുടെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിലുള്ള ചുമതലകള്‍ നിര്‍വഹിക്കാനുള്ള ഹജ് സുരക്ഷാ സേനയുടെ സുസജ്ജത വിലയിരുത്തി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍.

ഹാജിമാരുടെ സമാധാനത്തിന് ഭംഗംവരുത്തുന്ന എല്ലാ കാര്യങ്ങളും നേരിടാനും തീര്‍ഥാടകര്‍ തങ്ങളുടെ കര്‍മങ്ങള്‍ അനായാസമായും സമാധാനത്തോടെയും നിര്‍വഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഹജ് സുരക്ഷാ സേന പൂര്‍ണ സജ്ജമാണെന്ന് ചടങ്ങില്‍ സംസാരിച്ച പൊതുസുരക്ഷാ വകുപ്പ് മേധാവിയും ഹജ് സുരക്ഷാ കമ്മിറ്റി പ്രസിഡന്റുമായ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു. ഹജ് തീര്‍ഥാടകരെ സേവിക്കാനും അവരുടെ സുരക്ഷക്കും സൗദി അറേബ്യ മുഴുവന്‍ ശേഷികളും പ്രയോജനപ്പെടുത്തുന്നു.

ഇക്കാര്യത്തില്‍ മികച്ച ആധുനിക സാങ്കേതികവിദ്യകളും നിര്‍മിത ബുദ്ധിയും ഉപയോഗിക്കുന്നതായും ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു. തുടര്‍ന്ന് ഹജ് സുരക്ഷാ സേന തങ്ങളുടെ സുസജ്ജത ആഭ്യന്തര മന്ത്രിക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച് പരേഡ് നടത്തി. സുരക്ഷാ സേനയുടെ സവിശേഷമായ ശേഷികളുടെയും വൈദഗ്ധ്യത്തിന്റെയും നിലവാരം പ്രകടമാക്കുന്ന മോക് ഡ്രില്ലുകളും പരേഡിനിടെ അരങ്ങേറി. കവചിത വാഹനങ്ങളും ഹെലികോപ്റ്ററുകളും ആധുനിക സുരക്ഷാ ഉപകരണങ്ങളും പരേഡില്‍ പ്രദര്‍ശിപ്പിച്ചു.

മദീന ഗവര്‍ണല്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍, മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും സെന്‍ട്രല്‍ ഹജ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍, ഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് എന്നിവരും രാജകുമാരന്മാരും മന്ത്രിമാരും സുരക്ഷാ, സൈനിക മേധാവികളും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.